- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വ്യാജ ഐഡി കാര്‍ഡും കാറില്‍ പോലിസിന്റെയും സിബിഐയുടേയും ചിഹ്നങ്ങളും; നെട്ടൂരിലെ ഫ്ലാറ്റില്‍ താമസിച്ചത് സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ്: വിസാ തട്ടിപ്പ് കേസ് പ്രതിയെ കയ്യോടെ പൊക്കി പോലിസ്
സിബിഐ ഓഫിസർ ചമഞ്ഞ വീസ തട്ടിപ്പ് കേസ് പ്രതി പിടിയിൽ
കൊച്ചി: സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് നെട്ടൂരിലെ ഫ്ലാറ്റില്‍ താമസിച്ചു വരികയായിരുന്നു വീസ തട്ടിപ്പ് കേസ് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സിവില്‍ സ്റ്റേഷന് വാര്‍ഡ് കാട്ടു മന്‍സിലില്‍ അബ്ദുല്‍ സലാം (60) ആണ് പനങ്ങാട് പോലിസിന്റെ പിടിയിലായത്. സിബിഐയില്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെന്ന വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ചും കാറില്‍ പൊലീസ്, സിബിഐ ചിഹ്നങ്ങളും പതിച്ചായിരുന്നു യാത്ര. ചോദിച്ചവരോടെല്ലാം സിബിഐ ഉദ്യോഗസ്ഥനനെന്നാണ് പരിചയപ്പെടുത്തിയത്.
നെട്ടൂരിലെ ഫ്ലാറ്റില്‍ ഭാര്യയ്ക്കൊപ്പം വാടകയ്ക്കു താമസിച്ചു വരവെ പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. നെട്ടൂര്‍ തട്ടേക്കാട് റോഡിലൂടെ കാറില്‍ പോകുന്നതു കണ്ട് പനങ്ങാട് എസ്എച്ച്ഒ സാജു ആന്റണിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രതിയുടെ പിന്നാലെ ഫ്ലാറ്റിലെത്തി. എന്നാല്‍ സിബിഐ ഡിവൈഎസ്പി ആണെന്ന നിലപാടില്‍ പ്രതി ഉറച്ചു നിന്നു. ഐഡി കാര്‍ഡ് സിബിഐ ഓഫിസില്‍ കൊടുത്തു പരിശോധിച്ചതോടെ കള്ളി പൊളിഞ്ഞു.
കാര്‍ഡ് വ്യാജമാണെന്നു കണ്ടെത്തിയതോടെ പോലിസ് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ കാര്‍, ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. അന്വേഷണത്തില്‍ ഇയാള്‍ കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ വീസ തട്ടിപ്പ് കേസുകളിലെ പ്രതിയും ഒട്ടേറെ തവണ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുള്ളതായും കണ്ടെത്തി. ഒന്നിലധികം ഭാര്യമാരുണ്ട്. ഇപ്പോഴത്തെ ഭാര്യ മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ്.ഇവരുടെ പേരിലുള്ള മഹാരാഷ്ട്ര റജിസ്ട്രേഷന് കാറാണ് പ്രതി ഉപയോഗിച്ചിരുന്നത്. സിബിഐയുടെ വ്യാജ ഐഡി കാര്‍ഡും മറ്റും ഉപയോഗിച്ച് എന്തെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.