കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുത്തയാൾ പഞ്ചാബിൽ അറസ്റ്റിൽ. അമൃത്സർ സ്വദേശി സച്ചിൻ ദാസിനെയാണ് കന്റോൺമെന്റ് പൊലീസ് പിടികൂടിയത്. മുംബൈയിലെ ബാബാ സാഹേബ് അംബേദ്കർ യൂണിവേഴ്സിറ്റിയുടെ പേരിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയത്.

ഐടി വകുപ്പിൽ ജോലി നേടാൻ വേണ്ടിയായിരുന്നു സ്വപ്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചത്. ഇയാളെ രണ്ട് ദിവസത്തിനകം കേരളത്തിൽ എത്തിക്കും. സച്ചിൻ ദാസിന്റെ ഒളിത്താവളത്തിൽ നിന്നും കേരളത്തിലേത് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ നേരത്തെ സ്വപ്നാ സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

സ്വപ്നാ സുരേഷ് ഒരു സുഹൃത്ത് വഴിയാണ് സച്ചിനെ പരിചയപ്പെട്ടതെന്ന് പൊലീസ് പറയുന്നു. സ്പേയ്സ് പാർക്കിൽ സ്വപ്നാ സുരേഷ് ജോലി സമ്പാദിച്ചത് വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണെന്നാണ് പൊലീസ് കണ്ടെത്തൽ. രണ്ടുവർഷത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.

ഐടി വകുപ്പിന്റെ നിയന്ത്രണത്തിലെ സ്‌പേസ് പാർക്കിൽ ജോലി കിട്ടാൻ സ്വപ്ന ഹാജരാക്കിയത് മുംബൈയിലെ ബാബാ സാഹിബ് സർവകലാശാലയിൽ നിന്നുള്ള വ്യാജ ബികോം സർട്ടിഫിക്കറ്റാണെന്നാണ് പൊലീസ് റിപ്പോർട്ട്. 2009 മുതൽ 11 വരെയുള്ള കാലയളവിൽ പഠനം പൂർത്തിയാക്കിയെന്നാണ് രേഖ. ഒരു ലക്ഷം രൂപ ചെലവാക്കി പഞ്ചാബിൽ നിന്നു വാങ്ങിയ വ്യാജ സർട്ടിഫിക്കറ്റാണ് ഇതെന്നു കണ്ടെത്തിയിരുന്നു. ഐപിസി 198, 464, 468, 471 എന്നിവയും ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ ലംഘനവും ഉൾപ്പെടുത്തിയാണ് കേസ്.

മാസം ചീഫ് സെക്രട്ടറിയുടെ ശമ്പളത്തെക്കാൾ കൂടിയ 3.18 ലക്ഷം രൂപയ്ക്കാണ് സ്വപ്നയെ സ്‌പേസ് പാർക്കിൽ നിയമിച്ചത്. തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂർണമായ അറിവോടെ തന്നെയാണു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സ്‌പേസ് പാർക്കിൽ ജോലിക്ക് നിയോഗിച്ചതെന്നും അതിനായി അപേക്ഷിക്കുകയോ ഇന്റർവ്യൂവിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.