കടലുണ്ടി: നെഞ്ചുവേദനയെ തുടര്‍ന്നു ചികിത്സ തേടിയ രോഗി മരിച്ച സംഭവത്തിന് പിന്നാലെ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന ഡോക്ടറാണ് അറസ്റ്റിലായത്. ഇയാള്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തുക ആയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ആശുപത്രി ആര്‍എംഒ ആയി പ്രവര്‍ത്തിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി അബു ഏബ്രഹാം ലൂക്കാണ് (36) പിടിയിലായത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മരിച്ച രോഗിയുടെ മകന് തോന്നിയ സംശയമാണ് അബു എബ്രഹാമിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

പോലിസ് അറസ്റ്റ് ചെയ്ത ഇയാള്‍ എംബിബിഎസ് പഠിച്ചിരുന്നെങ്കിലും പൂര്‍ത്തിയാക്കാത്ത വ്യക്തിയാണ്. ഇയാളെ ഫറോക്ക് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞദിവസം മരിച്ച പൂച്ചേരിക്കുന്ന് പച്ചാട്ട് വിനോദ് കുമാറിന്റെ(60)കുടുംബം നല്‍കിയ പരാതിയിലാണ് ഡോക്ടറുടെ അറസ്റ്റ്. 23ന് പുലര്‍ച്ചെ നാലരയോടെയാണ് കടുത്ത നെഞ്ചുവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്നു വിനോദ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്. അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന അബു ഏബ്രഹാം രക്തപരിശോധനയും ഇസിജിയും നിര്‍ദേശിച്ചെങ്കിലും അര മണിക്കൂറിനകം വിനോദ്കുമാര്‍ മരിച്ചു.

ഇതില്‍ സംശയം തോന്നിയ വിനോദ് കുമാറിന്റെ മകനും പിജി ഡോക്ടറുമായ പി.അശ്വിനും ബന്ധുക്കളും നടത്തിയ അന്വേഷണത്തില്‍ ആണ് ഡോക്ടര്‍ വ്യാജനാണെന്ന് കണ്ടെത്തിയത്. അഞ്ചു വര്‍ഷത്തോളമായി ആശുപത്രിയില്‍ ആര്‍എംഒ ആയി പ്രവര്‍ത്തിച്ച ഇയാള്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നു കണ്ടെത്തുക ആയിരുന്നു. ഇതോടെയാണ് ഇയാള്‍ക്കു എംബിബിഎസ് ബിരുദം ഇല്ലെന്നും ചികിത്സയില്‍ പിഴവുണ്ടായെന്നും കാണിച്ച് വിനോദ് കുമാറിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ് ഫറോക്ക് അസി.കമ്മിഷണര്‍ എ.എം.സിദ്ദിഖിനു കീഴിലുള്ള പ്രത്യേക സംഘത്തിനെ അന്വേഷണം ഏല്‍പിച്ചു.

ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ടി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രാത്രി മുക്കത്തെ വീട്ടില്‍ നിന്നാണു ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അതേസമയം വ്യാജ റജിസ്റ്റര്‍ നമ്പര്‍ നല്‍കിയാണ് അബു ഏബ്രഹാം ലൂക്ക് ജോലി തേടിയതെന്നും പരാതി ഉയര്‍ന്നപ്പോള്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം ബോധ്യപ്പെട്ട ഉടന്‍ ഇയാളെ പുറത്താക്കിയതായും ടിഎംഎച്ച് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വ്യാജ റജിസ്റ്റര്‍ നമ്പര്‍ നല്‍കി കബളിപ്പിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.