പത്തനംതിട്ട :സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ അഞ്ചു മാസത്തിനിടെ നാലു തവണ മുക്കുപണ്ടം പണയം വച്ച് രണ്ടേമുക്കാൽ ലക്ഷത്തോളം രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ പിടികൂടി. ചങ്ങനാശ്ശേരി പെരുന്ന എൻഎസ്എസ് കോളജിന് സമീപം പടിഞ്ഞാറെ പുത്തൻ പുരയിൽ ഡി. ദിൽജിത് (26) ആണ് കീഴ്‌വായ്‌പ്പൂർ പൊലീസിന്റെ പിടിയിലായത്.

കുന്നന്താനം മാന്താനം കോളനിപ്പടി ഗീതാഞ്ജലി വീട്ടിൽ രാമചന്ദ്രൻ പിള്ളയുടെ മാന്താനത്തുള്ള ഗീതാഞ്ജലി ധനകാര്യ സ്ഥാപനത്തിലാണ് പ്രതി നാലുതവണയായി 67.700 ഗ്രാം മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്. മെയ്‌ 20 മുതൽ സെപ്റ്റംബർ 15 വരെയാണ് ഇത്തരത്തിൽ വായ്പയെടുത്തത്. 16 ന് രാമചന്ദ്രൻ പിള്ള സ്റ്റേഷനിലെത്തി മൊഴി നൽകുകയും കീഴ്‌വായ്‌പ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

മാന്താനത്ത് നാട്ടുകാർ തടഞ്ഞുവച്ച പ്രതിയെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോളാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. പിന്നീട് സ്ഥാപനത്തിലെത്തി അംഗീകൃത അപ്രൈസറെക്കൊണ്ട് ആഭരണങ്ങൾ പരിശോധിപ്പിച്ച് മുക്കുപണ്ടമാണെന്ന് ഉറപ്പാക്കി.

കൂടുതൽ ചോദ്യം ചെയ്തപ്പോൾ കോട്ടയം ഈസ്റ്റ്, തൃക്കൊടിത്താനം, ചങ്ങാനാശേരി, നെടുമുടി പൊലീസ് സ്റ്റേഷനുകളിൽ വിശ്വാസവഞ്ചന, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയായി, ജാമ്യത്തിൽ കഴിഞ്ഞുവരികയാണെന്നും ബോധ്യമായി.പ്രതിയെ കോടതിയിൽ ഹാജരാക്കി.