അടൂർ: വ്യാജനമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ വീടിന്റെ പോർച്ചിൽ നിന്ന് കണ്ടെടുത്ത കേസിൽ അവ ഉപയോഗിച്ചു കൊണ്ടിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടമ്പനാട് വേമ്പനാട്ട് ജങ്ഷന് സമീപം കലതിവീട്ടിൽ അഖിലിനെ(30)യാണ് ഏനാത്ത് പൊലീസ് ഞായറാഴ്ച് ഉച്ചയ്ക്ക് ശേഷം അറസ്റ്റ് ചെയ്തത്. ബുള്ളറ്റ്, ബജാജ് സിടി 100 എന്നീ വാഹനങ്ങളാണ് അഖിലിന്റെ വീടിന്റെ കാർ പോർച്ചിൽ നിന്ന് 10 ദിവസത്തെ ഇടവേളയിൽ മോട്ടോർ വാഹനവകുപ്പിലെ എ.എം വിഐമാരായ എം.ആർ. മനോജ്, പി.കെ. അജയൻ എന്നിവർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറിയത്.

അഖിലിന് ഒരു കൈ മാത്രമാണുള്ളത്. 16 വയസുള്ളപ്പോൾ പടക്കം പൊട്ടി നഷ്ടമായതാണ് ഇയാളുടെ വലതു കൈയെന്ന് പൊലീസ് പറഞ്ഞു. വ്യാജനമ്പർ പ്ലേറ്റ് നിർമ്മിച്ച് മോഷ്ടിച്ചതും കണ്ടം ചെയ്യാൻ നൽകിയതുമായിട്ടുള്ള വാഹനങ്ങൾ ഓടിച്ചു വരുന്ന മാഫിയാ സംഘം ജില്ലയിലുണ്ടെന്ന സൂചനയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്നത്. ലഹരി കടത്തിനും മറ്റ് നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കുമാണ് ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നത്. അടൂർ മേഖലയിൽ ഇത്തരത്തിൽ നിരവധി വാഹനങ്ങൾ റോഡിലുണ്ട്. നിയമലംഘനം കണ്ടാലും കണ്ണടയ്ക്കുന്ന പ്രവണത പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ട്. അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈ രീതിയിൽ ഓടിയ സ്‌കൂട്ടർ പൊലീസ് പിടികൂടിയിരുന്നു. എന്നാൽ, ഭരണ കക്ഷി രാഷ്ട്രീയ നേതാവിന്റേത് ആയതിനാൽ നടപടിയെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു.

അഖിലിന്റെ മൊഴിയിൽ വാഹനങ്ങൾ നൽകിയ ആളെക്കുറിച്ച് പരാമർശം ഉണ്ടെങ്കിലും അത് പൂർണമായും വിശ്വാസത്തിലെടുക്കാൻ പൊലീസ് തയാറായിട്ടില്ല. വ്യാജനമ്പർ പ്ലേറ്റുള്ള വാഹനം മോഷ്ടിച്ചതാണോ എന്നാണ് ആദ്യം കണ്ടെത്തേണ്ടത്. ഇതിന്റെ യഥാർഥ ഉടമയെയും തിരിച്ചറിയണം. വാഹനങ്ങൾ ഈ രീതിയിലാക്കിയത് അഖിൽ ഒറ്റയ്ക്കാണോ അതോ മറ്റാരെങ്കിലുമാണോ എന്നതും കണ്ടെത്താനുണ്ട്. ഇത്തരം വാഹനങ്ങൾ ഉപയോഗിച്ച് ഏതു തരത്തിലുള്ള കുറ്റകൃത്യമാണ് നടത്തുന്നത് എന്നും അറിയേണ്ടതുണ്ട്. അഖിൽ വലിയ ഒരു റാക്കറ്റിന്റെ ഭാഗമാകാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. വൈകിട്ട് വീട്ടിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

വ്യാജ നമ്പർ പ്ലേറ്റുള്ള പച്ച ബുള്ളറ്റ് പിടികൂടി 11 ദിവസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. തനിക്ക് വാഹനങ്ങൾ കൈമാറിയവരെ കുറിച്ച് അഖിൽ മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ ഇത് പരിശോധിക്കേണ്ടതുണ്ടെന്നും എനാത്ത് എസ്.എച്ച്.ഓ കെ.ആർ. മനോജ്കുമാർ പറഞ്ഞു. ബുള്ളറ്റ് ബൈക്കും, ബജാജ് സി.ടി-100 ബൈക്കുമാണ് വ്യാജ നമ്പർ പ്ലേറ്റുമായി പിടികൂടിയത്. ഇതിന് പുറമേ മറ്റൊരു ബുള്ളറ്റ് എൻജിൻ ഭാഗങ്ങളില്ലാതെ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

മാർച്ച് നാലിന്് കടമ്പനാട് നടന്ന വാഹന പരിശോധനയ്ക്കിടെ ഒരു യുവാവ് പച്ചബുള്ളറ്റിൽ ഹെൽമറ്റ് വയ്ക്കാതെ പോകുന്നത് അടൂർ ജോയിന്റ് ആർ.ടിഓഫീസിലെ എ.എം വിഐ മാരായ എം.ആർ മനോജ്, പി.കെ. അജയൻ എന്നിവർ ശ്രദ്ധിച്ചു. വാഹനം കൈകാട്ടി നിർത്താനുള്ള സാവകാശം ഇവർക്ക് ലഭിച്ചില്ല. പക്ഷേ, നമ്പർ മനസിലാക്കിയിരുന്നു. കെ.എൽ.03 സി. 7433 എന്ന നമ്പരിലുള്ള ബുള്ളറ്റിന്റെ ഉടമയ്ക്ക് ഇതിൻ പ്രകാരം ഓൺലൈൻ ചെല്ലാൻ തയാറാക്കി പിഴ അടയ്ക്കാൻ അയച്ചു.

മാർച്ച് ആറിന് മാവേലിക്കര സ്വദേശി ജയപ്രകാശ് ഇതേ നമ്പരിലുള്ള ചുവന്ന ബുള്ളറ്റുമായി അടൂർ ആർ.ടി ഓഫീസിൽ ഹാജരായി. മാർച്ച് നാലിന് താൻ കടമ്പനാട് വഴി പോയിട്ടില്ലെന്നും തന്റെ രേഖകൾ എല്ലാം കൃത്യമാണെന്നും അദ്ദേഹം അറിയിച്ചു. മാവേലിക്കര ജോയിന്റ് ആർ.ടി.ഓഫീസിൽ എത്തി കാര്യങ്ങൾ ധരിപ്പിച്ചപ്പോൾ അവിടെ നിന്നുള്ള നിർദേശപ്രകാരമാണ് ജയപ്രകാശ് അടൂരിലെത്തി തന്റെ നിരപരാധിത്വം പറഞ്ഞത്. പരിശോധനയിൽ ജയപ്രകാശ് പറയുന്നതാണ് ശരിയെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് മനസിലായി
.
ഇതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാജ നമ്പരുള്ള പച്ച ബുള്ളറ്റ് കണ്ടെത്താൻ ശ്രമം തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും ചോദിച്ചറിഞ്ഞും കഴിഞ്ഞ എട്ടിന് ഇവർ അഖിലിന്റെ വീടിന്റെ പോർച്ചിൽ വാഹനം കണ്ടെത്തി. രജിസ്ട്രേഷൻ നമ്പർ വ്യാജമാണെങ്കിലും എൻജിൻ നമ്പറും ചേസിസ് നമ്പരും ഒറിജിനൽ ആയിരുന്നു. വാഹനം എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചെങ്കിലും അഖിൽ ഉരുണ്ടു കളിക്കുകയും പരസ്പര വിരുദ്ധമായി മറുപടി നൽകുകയും ചെയ്തു. ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുത്ത് അടൂർ പൊലീസിന് കൈമാറി.

അങ്ങനെയിരിക്കവേ ശനിയാഴ്ച രാവിലെ ഇതേ എ.എം വിഐമാർ വാഹന പരിശോധനയ്ക്കിടെ അഖിലിന്റെ വീടിന് മുന്നിലൂടെ കടന്നു പോയി. വീടിന്റെ പോർച്ചിൽ ഒരു ബജാജ് സിടി 100 ബൈക്ക് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ ഇവർ മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റിൽ തെരഞ്ഞപ്പോൾ വാഹനത്തിന്റെ രേഖകൾ കാലഹരണപ്പെട്ടതാണെന്ന് മനസിലായി. തുടർന്ന് വീട്ടിലെത്തി വാഹനം വിശദമായി പരിശോധിച്ചപ്പോൾ എൻജിൻ നമ്പരും ചേസിസ് നമ്പരും വേറെയാണെന്ന് മനസിലായി. അതനുസരിച്ചുള്ള രജിസ്റ്റർ നമ്പരായിരുന്നില്ല വാഹനത്തിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ അഖിൽ ഉരുണ്ടു കളി തുടർന്നു. വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെ തന്നെ ഇരുവാഹനങ്ങളും ജോയിന്റ് ആർ.ടിഓയുടെ റിപ്പോർട്ട് സഹിതം ഏനാത്ത് പൊലീസിന് കൈമാറി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് ശേഷം വീട്ടിലെത്തി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.