തിരുവല്ല: സിനിമകളിൽ മാത്രം കണ്ടുപരിചയിച്ച വില്ലത്തരങ്ങൾ ജീവിതത്തിലും സംഭവിക്കുകയാണ്. അതല്ലെങ്കിൽ, സിനിമയേക്കാൾ വിചിത്രമാണ് ചുറ്റും നടക്കുന്ന കാര്യങ്ങൾ. പ്രസവിച്ച യുവതിയെ ഭർത്താവിന്റെ പെൺസുഹൃത്ത് വ്യാജ നഴ്‌സ് ചമഞ്ഞ് ആശുപത്രിയിൽ വെച്ച് കുത്തിവയ്പ് നൽകി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്തായ കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷ(25)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.

കായംകുളം കരിയിലക്കുളങ്ങര സ്വദേശി അരുണിന്റെ ഭാര്യ സ്നേഹ(24)യാണ് ആശുപത്രി അധികൃതരുടെ ഇടപെടൽ മൂലം രക്ഷപ്പെട്ടത്. ഫാർമസി കോഴ്സ് പഠനം കഴിഞ്ഞ അനുഷ അരുണുമായി അടുപ്പത്തിലായിരുന്നു. അടുത്ത കാലത്ത് ഇവർ തമ്മിൽ തെറ്റിയെന്ന് പറയുന്നു. ഇതേ തുടർന്നാണ് പ്രതികാരത്തിനൊരുങ്ങിയത് എന്നാണ് യുവതിയുടെ മൊഴി.

പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശേഷം ചികിത്സയിൽ കഴിഞ്ഞിരുന്ന സ്‌നേഹയെയാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇഞ്ചക്ഷൻ ചെയ്തു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. പുളിക്കീഴ് പൊലീസാണ് അനുഷയെ അറസ്റ്റ് ചെയ്തത്.

. അനുഷ ഫാർമസിസ്റ്റ് കോഴ്‌സ് പൂർത്തിയാക്കിയതാണ്. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയാണ് ആശുപത്രി മുറിക്കുള്ളിൽ കയറിക്കൂടിയത്. സ്‌നേഹയെ ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിച്ചത്. പ്രസവശേഷം വെള്ളിയാഴ്ച രാവിലെ സ്‌നേഹയെ ഡിസ്ചാർജ് ചെയ്തു. നിറം മാറ്റം ഉള്ളതു കാരണം കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തില്ല. ഇതോടെ സ്‌നേഹയും മാതാവും മുറിയിൽ കാത്തിരിക്കുകയായിരുന്നു.

വൈകിട്ട് അഞ്ചരയോടെ നഴ്‌സിന്റെ ഓവർക്കോട്ട് ധരിച്ച യുവതി ഇവരുടെ മുറിയിലെത്തി കുത്തിവയ്‌പ്പെടുക്കുവാൻ വന്നതാണെന്ന് പറഞ്ഞു. ഡിസ്ചാർജ് ചെയ്തതല്ലേ ഇനി എന്തിനാണ് കുത്തിവയ്‌പെന്ന് മാതാവ് ചോദിച്ചു. ഒരു കുത്തിവയ്‌പ്പു കൂടി ഉണ്ടെന്നു പറഞ്ഞ് സ്‌നേഹയുടെ കയ്യിൽ പിടിച്ച് സിറിഞ്ച് കൊണ്ടു കുത്താൻ ശ്രമിച്ചു. സിറിഞ്ചിൽ മരുന്ന് ഉണ്ടായിരുന്നില്ല.

ഈ സമയം മാതാവ് ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാർ ഓടിയെത്തി യുവതിയെ പിടിച്ചുമാറ്റി തടഞ്ഞുവച്ചു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. അവരെത്തി കസ്റ്റഡിയിലെടുത്തു. സിറിഞ്ചിലൂടെ ഞരമ്പിൽ വായു കടത്തിവിട്ട് 'എയർ എംബോളിസം' നടത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഇങ്ങനെ വായുകുത്തിവച്ചാൽ, തലച്ചോറിലേക്ക് കടക്കുകയും സ്‌ട്രോക്കിന് കാരണമാവുകയും ചെയ്യും. ഹൃദയസ്തംഭനത്തിനും വഴിയൊരുക്കും. സ്‌നേഹക്ക് ഹൃദയാഘാതമുണ്ടായെങ്കിലും അപകടനില തരണംചെയ്തു.