- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്കെതിരെ കാപ്പ ചുമത്തരുതെന്ന് ഫർസിൻ മജീദ്; ഡി.ഐ.ജി രാഹുൽ ആർ നായരുടെ മുൻപിൽ ഹാജരായി മറുപടി നൽകി; 13 കേസുകളുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് മറുപടി; പൊലീസ് സംരക്ഷണയിൽ കഴിയുന്ന താൻ എങ്ങനെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്ന് വ്യക്തമാക്കണമെന്ന് ഫർസീൻ
കണ്ണൂർ: കാപ്പ ചുമത്താതിരിക്കാനുള്ള കാരണം ബോധ്യപ്പെടുത്താൻ ഡി.ഐ.ജി. രാഹുൽ ആർ നായർ അയച്ച നോട്ടീസിന് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദ് മറുപടി നൽകി. 13 കേസുകളുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് മറുപടി നൽകിയത്. പൊലീസ് സംരക്ഷണയിൽ കഴിയുന്ന താൻ എങ്ങനെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്ന് വ്യക്തമാക്കണമെന്ന് ഫർ സീൻ മജീദ് പറഞ്ഞു.
അതുകൊണ്ടു തന്നെ കാപ്പ ചുമത്താനുള്ള നടപടികളിൽ നിന്നും പിന്മാറണമെന്ന ആവശ്യം തന്റെ അഭിഭാഷകൻ മുഖേനെ ഡി.ഐ.ജി. രാഹുൽ ആർ.നായർക്ക് നൽകിയിട്ടുണ്ട്. തനിക്കെതിരെയുള്ള കേസ് രാഷ്ട്രിയ പ്രേരിതമാണ്. കള്ള കേസ് ചുമത്തി വേട്ടയാടിയതിനോടുള്ള രാഷ്ട്രീയ തിരിച്ചടിയാണ് മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതെന്ന് ഫർസീൻ പറഞ്ഞു.
കള്ളക്കേസിൽ കുടുക്കി ഫർസിനെ വേട്ടയാടുകയാണെന്നും രാഷ്ട്രിയ കേസുകളിൽ പ്രതിയായവർക്കെതിരെ കാപ്പ ചുമത്തുകയാണെങ്കിൽ ആദ്യം സിപിഎം നേതാക്കളെയാണ് ജയിലിൽ അടയ്‌കേണ്ടതെന്നും യുത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ സുദീപ് ജയിംസ് പറഞ്ഞു ഫർസിൻ മജീദിനൊപ്പം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി യൂത്ത് കോൺഗ്രസ് വിവരാവകാശ രേഖയ്ക്കായി പൊലീസിൽ അപേക്ഷ നൽകുമെന്നും സുദീപ് ജയിംസ് പറഞ്ഞു.
മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് സ്ഥിരം കുറ്റവാളിയെന്ന് ആരോപിച്ചായിരുന്നും തലശ്ശേരി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് മട്ടന്നൂർ പൊലീസ് റിപ്പോർട്ട് നൽകിയത്. ഫർസീനെതിരായ 17 കേസുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്. ഫർസീൻ ക്രമസമാധാനത്തിന് ഭീഷണിയാണെന്നും സിആർപിസി 107 പ്രകാരം ഫർസീന് നല്ല നടപ്പ് വിധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ഈ മാസം 31ന് നേരിട്ട് ഹാജരാകാൻ ഫർസീന് കോടതി നോട്ടീസ് നൽകി.
ഫർസിൻ സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടി കാപ്പ ചുമത്തണമെന്നുള്ള പൊലീസിന്റെ ശുപാർശ നേരത്തെ വലിയ വിവാദമായിരുന്നു. 2016 മുതൽ ഫർസിൻ മജീദിന്റെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം മട്ടന്നൂർ പൊലീസ് ശേഖരിച്ചിരുന്നു. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്താനുള്ള ശുപാർശ കണ്ണൂർ ഡി.ഐ.ജി രാഹുൽ ആർ നായർ കലക്ടർക്ക് കൈമാറിയിയത്.
കാപ്പ ചുമത്താൻ ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചിരുന്നു. '40 കേസുകൾ ഉള്ള എസ്എഫ്ഐ നേതാവ് ഇവിടെ ഉണ്ട്
രണ്ട് ഘട്ടങ്ങളിലായി നൂറ് ദിവസത്തിലധികം ജയിലിൽ കിടന്നിട്ട് ഇപ്പോൾ പുറത്തിറങ്ങിയതേയുള്ളു. 16 കേസും ആയുധം ഉപയോഗിച്ച് മറ്റ് വിദ്യാർത്ഥികളെ ആക്രമിച്ചതിനാണ്. മൂന്ന് കേസ് വധശ്രമവും ഒരെണ്ണം കിഡ്നാപ്പിംഗും ആണ്. എന്നിട്ടും നിസ്സാരമായ പെറ്റി കേസുകൾ ഉള്ള ഫർസീനെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തെ അപലപിക്കുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് ചോദിച്ചത്.
ഇയാൾക്കെതിരായ 16 കേസുകളും ആയുധം ഉപയോഗിച്ച് മറ്റ് വിദ്യാർത്ഥികളെ ആക്രമിച്ചതിനാണ്. മൂന്ന് കേസുകൾ വധശ്രമത്തിനും ഒരോ കേസുകൾ വീതം തട്ടിക്കൊണ്ട് പോകലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ്. ഇത്രയും വലിയ ക്രിമിനൽ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താത്ത സർക്കാരാണ് നിസാരമായ പെറ്റി കേസുകളുള്ള ഫർസീനെതിരെ കാപ്പ ചുമത്തുന്നത്.കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചതിന്റെ പേരിൽ കാപ്പ ചുമത്തി അകത്തിടുമെങ്കിൽ ഇത് സ്റ്റാലിന്റെ റഷ്യയല്ല,? കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കുന്നു. ആ കളി ഞങ്ങളോട് വേണ്ടെന്നും സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ