- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹിൽപാലസ് പൊലീസിന്റെ മികവിൽ മണ്ണാർക്കാട്ടെ അറസ്റ്റ്
കൊച്ചി: ഒറ്റപ്പാലത്ത് കൂടത്തായി മോഡൽ കൊലപാതകശ്രമത്തിന് കോടതി ശിക്ഷിച്ച ഫസീലയെ കവർച്ചാ കേസിൽ കുടുക്കിയത് ഹിൽ പാലസ് പൊലീസിന്റെ അന്വേഷണ മികവ്. തൃപ്പൂണിത്തുറയിൽ ചിട്ടിക്കമ്പനി ഉടമയുടെ മുഖത്ത് മുളക് സ്‌പ്രേ അടിച്ചും മർദിച്ചും അവശനാക്കിയ ശേഷമായിരുന്നു കവർച്ച. സി.സി.ടി.വി ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്. തൃപ്പൂണിത്തുറയിലെ പ്രീമിയർ ചിട്ടി ഫണ്ട്‌സ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ കവർച്ച നടത്തിയ കേസിലാണ് ഫസീല കുടുങ്ങിയത്.
കമ്മീഷണർ ശ്യാം സുന്ദർ ഐ.പി.എസിന്റെ നേതൃത്വത്തിൽ ഡപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് സുദർശൻ ഐ.പി.എസ്, തൃക്കാക്കര എ.സി.പി വർഗീസ്, ഹിൽപാലസ് പൊലിസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആനന്ദ് ബാബു, എസ്‌ഐമാരായ ടോൾസൺ ജോസഫ്, രേഷ്മ, എഎസ്ഐ രഞ്ജിത്ത് ലാൽ, പോൾ മൈക്കിൾ, ബൈജു കെ.എസ്, ബിന്ദു, സി.പി.ഒ അൻസാർ, പാലാക്കാട് ഡാൻസാഫ് അംഗങ്ങളായ ഷാഫി, ഷെഫീഖ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഫസീലയെ മണ്ണാർക്കാട് നിന്നാണ് പിടികൂടിയത്. ഒരു തുമ്പും അവശേഷിക്കാതെ കവർച്ച നടത്തിയ ഫസീലയെ കുടുക്കിയത് പൊലീസിന്റെ അന്വേഷണ മികവാണ്. രാവിലെ ഒൻപതരയ്ക്ക് സ്ഥാപനം തുറന്നയുടൻ പർദയും മുഖാവരണവുമിട്ടെത്തിയ ഫസീല ഉടമ കെ.എൻ.സുകുമാരമേനോന്റെ മുഖത്തേക്ക് മുളക് സ്‌പ്രേ അടിച്ചു. തുടർന്ന് കസേര കൊണ്ട് മർദിച്ചു. മേശവലിപ്പിലുണ്ടായിരുന്ന പതിനായിരം രൂപയും, ഉടമയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നേകാൽ പവൻ സ്വർണമാലയും കവർന്നു.
കവർച്ചയ്ക്ക് പിന്നാലെ തൃപ്പൂണിത്തുറ റയിൽവേ സ്റ്റേഷനിലെത്തിയ ഫസീല അവിടെനിന്ന് ഓട്ടോയിൽ കരിങ്ങാച്ചിറയിലിറങ്ങി. ഇതിനിടെ പർദ ഊരിമാറ്റുന്നത് ഓട്ടോക്കാരൻ കണ്ടിരുന്നു. കവർച്ചക്കേസ് അന്വേഷിച്ചെത്തിയ ഹിൽപാലസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ഇക്കാര്യം ഓട്ടോ ഡ്രൈവർ വെളിപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു ഇടവഴിയിലൂടെ ഫസീല തോടിനരികിലേക്ക് പോകുന്നതും, പാതി നനഞ്ഞനിലയിൽ തിരികെ പോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. തെളിവെടുപ്പിന് പട്ടിയെത്തിയാലും മണം കിട്ടാതിരിക്കാൻ കുളിക്കാനായിരുന്നു ഈ പോക്ക്. ഇതിനൊപ്പം പർദയും ഉപേക്ഷിച്ചു.
ആക്രമണത്തിനിരയായ ചിട്ടിക്കമ്പനി ഉടമയെ കാണിച്ചതോടെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന ഫസീലയാണ് ദൃശ്യങ്ങളിലുള്ളതെന്ന് ഇയാൾ തിരിച്ചറിഞ്ഞു. ഇവർക്ക് ഇതേ സ്ഥാപനത്തിൽ ചിട്ടിയുമുണ്ടായിരുന്നു. പൊലീസിന്റെ നിർദ്ദേശപ്രകാരം ഫോണിൽ വിളിച്ചപ്പോൾ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലെന്നായിരുന്നു മറുപടി. എന്നാൽ ഫോൺ ലൊക്കേഷൻ മണ്ണാർക്കാടാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ കവർച്ചക്കാരിയെ തെളിഞ്ഞു. പിന്നെ മണ്ണാടർക്കാട് നിന്നും അറസ്റ്റും.
രണ്ട് വർഷമായി തൃപ്പൂണിത്തുറയിൽ ചിട്ടി സ്ഥാപന ഉടമയുടെ വീടിന് സമീപമുള്ള ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഫസീല. അക്രമത്തിന് ശേഷം ഓട്ടോറിക്ഷയിൽ കണ്ണൻകുളങ്ങരയിൽ വന്നിറങ്ങി പ്രതി പർദ അഴിച്ച് മാറ്റി ഓടുന്നതും തിരിച്ച് നടന്ന് വരുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സി.സി.ടി.വി കാമറിയിൽ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഫസീലയാണെന്ന് കണ്ടെത്തിയത്. 25 സി.സി.ടി.വി കാമറകൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. നിരവധി ഓട്ടോ, ബസ് തൊഴിലാളികളോട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
ഫസീല സുകുമാരന്റെ വീട്ടിൽ വരുന്നതും ഭക്ഷണം കഴിക്കുന്നതും പതിവായിരുന്നു. ഇയാളുടെ ചിട്ടി സ്ഥാപനത്തിൽ മറ്റൊരാളുടെ പേരിൽ നാല് ചിട്ടി ഫസീല ചേർന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൂടാതെ നിരവധി തവണ സ്ഥാപനത്തിൽ വരികയും മൂന്ന് തവണ അക്രമം നടത്തിയ ക്യാബിനിൽ ഇരിന്നിട്ടുള്ളതായും പൊലീസ് പറഞ്ഞു. എല്ലാം മനസ്സിലാക്കിയായിരുന്നു ആക്രമണം. സിസിടിവി ദൃശ്യങ്ങൾക്ക് പിറകേയുള്ള യാത്രയാണ് നിർണ്ണായകമായത്.
അറസ്റ്റിന് ശേഷമുള്ള തെളിവെടുപ്പിൽ ഫസീല തോട്ടിലുപേക്ഷിച്ച പർദ കണ്ടെടുത്തു. സ്വർണം തൃപ്പൂണിത്തുറയിലെ ജൂവലറിയിൽ വിറ്റുവെന്നും കണ്ടെത്തി. കൂടത്തായി മോഡലിൽ ഘട്ടം ഘട്ടമായി വിഷം നൽകി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസീല ശിക്ഷിക്കപ്പെട്ടിരുന്നു. ഈ കേസിൽ ജാമ്യത്തിലാണ് ഇവർ. ഭർത്താവിന്റെ മുത്തശ്ശിയെ വിഷം കൊടുത്ത കൊന്ന കേസിലും വിചാരണ തുടരുകയാണ്.