നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട. കസ്റ്റംസ് നടത്തിയ വന്‍ ലഹരിവേട്ടയില്‍ ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷന്‍ ഡിസൈനനാണ് പിടിയിലായത്. ആറ് കിലോ വരുന്ന കഞ്ചാവാണ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ജലീല്‍ ജസ്മാലാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് കഞ്ചാവ് സിംഗപ്പൂരില്‍ എത്തിച്ച ശേഷമാണ് കേരളത്തിലേക്കുള്ള കടത്ത്. ലഹരിക്കടത്തിന് കൂലി ഒരു ലക്ഷം രൂപയും ഫ്‌ലൈറ്റ് ടിക്കറ്റുമെന്നാണ് കണ്ടെത്തല്‍.

ഈ ലഹരി സംഘത്തിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് വ്യക്തമാകുന്ന കാര്യം. ഒരു വര്‍ഷത്തിനിടെ 100 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്. 20 ലഹരിക്കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലേക്കെത്തുന്ന ഹൈബ്രിഡ് കഞ്ചാവിന് ആവശ്യക്കാര്‍ ഏറെയാണ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തിലും ഹൈബ്രിഡ് കഞ്ചാവ് കടത്തുകാര്‍ പിടിയിലായിരുന്നു.

എന്താണ് ഹൈബ്രിഡ് കഞ്ചാവ്?

ഹൈഡ്രോപോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വളര്‍ത്തിയെടുക്കുന്നതാണ് ഹൈബ്രിഡ് കഞ്ചാവ്. മണ്ണില്ലാതെ പോഷക സമ്പുഷ്ടമായ ലായനിയില്‍ സസ്യങ്ങള്‍ വളര്‍ത്തുന്ന ഒരു രീതിയെ ആണ് ഹൈഡ്രോപോണിക് എന്ന് പറയുന്നത്. പോഷകങ്ങളുടെ അളവ്, പിഎച്ച് മൂല്യം, വെളിച്ചം തുടങ്ങിയ ഘടകങ്ങളുടെ കൃത്യമായ നിയന്ത്രണമാണ് ഇതിന്റെ അടിസ്ഥാനം. ചെടികളുടെ വേഗത്തിലുള്ള വളര്‍ച്ച, ഉയര്‍ന്ന വിളവ്, എന്നിവയും ഈ രീതിയില്‍ ലഭ്യമാകുന്നു. ഈ രീതിയില്‍ വളര്‍ത്തുന്ന കഞ്ചാവ് ഗുണ നിലവാരം കൂടുതലായിരിക്കും എന്നാണ് വിലയിരുത്തല്‍.

കൃത്രിമ വെളിച്ചത്തില്‍ അടച്ചിട്ട, എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളിലാണ് ഹൈഡ്രോ കഞ്ചാവ് വളര്‍ത്തുന്നത്. ഹൈഡ്രോപോണിക് കഞ്ചാവ് ഗുണനിലവാരത്തില്‍ മികച്ചതാണെന്നും ഇന്ത്യയില്‍ കാണപ്പെടുന്ന സാധാരണ കഞ്ചാവിനേക്കാള്‍ തീവ്രമായ ഗന്ധം ഉണ്ടെന്നും കണക്കാക്കപ്പെടുന്നു. ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുന്ന സമയത്ത് പലപ്പോഴും വിമാനത്താവളത്തിന്റെ അറൈവല്‍ ടെര്‍മിനലില്‍ ഇതിന്റെ ഗന്ധം നിറയാറുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇത്തരം സവിശേഷതകള്‍ ആണ് ഹൈഡ്രോ കഞ്ചാവിന് വിലകൂടുതലെങ്കിലും ആവശ്യക്കാര്‍ ഏറെയുള്ളതുമാക്കുന്നത് എന്നാണ് കൊച്ചിയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥന്‍ പറയുന്നു. പാശ്ചാത്യ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഹൈബ്രിഡ് കഞ്ചാവിന് ഡിമാന്‍ഡ് കൂടുതലാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന നിലവാരമുള്ള ഹൈഡ്രോ കഞ്ചാവിന് കിലോഗ്രാമിന് 60 ലക്ഷം മുതല്‍ 80 ലക്ഷം വരെ വില ലഭിക്കും.

കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യത്തെ തെക്ക് -കിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് തായ്ലന്‍ഡ്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായാണ് 2018 ല്‍ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്. പിന്നാലെ 2022 ല്‍ കഞ്ചാവ് കൃഷി പരിപോഷിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു. കൃഷി വ്യാപിപ്പിക്കാന്‍ വീടുകളില്‍ കഞ്ചാവ് ചെടികള്‍ വിതരണം ചെയ്യാന്‍ പോലും തായ്ലന്റ് ആരോഗ്യ വകുപ്പിന് പദ്ധതിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തായ്‌ലന്‍ഡില്‍, ഹൈഡ്രോപോണിക് കൃഷിയുടെ വര്‍ധിച്ചത്. ഇതോടെ ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കള്ളക്കടത്തായി എത്തുന്ന ഹൈഡ്രോ കഞ്ചാവിന്റെ പ്രധാന ഉറവിടമായും ബാങ്കോക്ക് മാറി.

നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമത്തിലെ പഴുതുകളാണ് രാജ്യത്ത് കഞ്ചാവ് പ്രതിരോധത്തില്‍ നിയമ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത്. ഒരു കിലോ ഗ്രാമില്‍ താഴെ കഞ്ചാവ് കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. സാധാരണ കഞ്ചാവിനും ഹൈബ്രിഡ് കഞ്ചാവിനും ഈ വ്യവസ്ഥ ബാധകമാണ്. ഇതിനാല്‍, 999 ഗ്രാം വരെ ഹൈബ്രിഡ് കഞ്ചാവുമായി പിടിക്കപ്പെടുന്ന ആള്‍ക്കും എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നു.

നിലവില്‍ വിദേശത്തുനിന്നുമാണ് ഹൈബ്രിഡ് കഞ്ചാവ് നിലവില്‍ ഇന്ത്യയിലും കേരളത്തിലും എത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ തന്നെ ഇത്തരം ആധുനിക കൃഷിരീതി വ്യാപകമാകാനുള്ള സാധ്യതയാണ് മറ്റൊരു വെല്ലുവിളി. ഹൈഡ്രോപോണിക് സജ്ജീകരണങ്ങള്‍ക്ക് കുറഞ്ഞ സ്ഥലം മാത്രമാണ് ആവശ്യമെന്നതിനാല്‍ അടച്ചിട്ട പ്രദേശങ്ങളില്‍ പോലും ഇത്തരം കൃഷികള്‍ക്ക് അവസരം ഉണ്ടാകും.

ഹൈബ്രിഡ് കഞ്ചാവിന്റെ വര്‍ധിച്ചുവരുന്ന ലഭ്യത ഇന്ത്യയിലെ മയക്കുമരുന്ന് വിപണിയില്‍ ഇതിന്റെ ആവശ്യകത വര്‍ധിപ്പിക്കാനും ഇടയാക്കും. കള്ളക്കടത്തും പ്രാദേശിക കൃഷിക്കും വഴിയൊരുക്കുമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യം തടയുന്നതിലുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനത്തും ദേശീയ തലത്തിലുമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ കള്ളക്കടത്ത് സംഘങ്ങളെ കുറിച്ചും ഹൈബ്രിഡ് കഞ്ചാവിന്റെ വില്‍പ്പനയും കണ്ടെത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.