തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ കൺസഷൻ ടിക്കറ്റ് എടുക്കാൻ വന്ന പിതാവിനെ മർദ്ദിച്ച് ജീവനക്കാർ. മകളുടെ മുന്നിലിട്ടാണ് പിതാവിനെ ജീവനക്കാർ മർദിച്ചത്. പഞ്ചായത്ത് ജീവനക്കാരനായ കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമനാണ് ക്രൂരമർദ്ദനമേറ്റത്. മർദനമേറ്റ പ്രേമൻ കാട്ടാക്കട സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

പ്രേമന്റെ മകൾ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. മകളും സുഹൃത്തും പ്രേമനൊപ്പമുണ്ടായിരുന്നു. കൺസഷൻ അനുവദിക്കാൻ മകളുടെ ഡിഗ്രി കോഴ്‌സ് സർട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറിൽ ഇരുന്ന ജീവനക്കാരൻ ആവശ്യപ്പെട്ടു.

ഒരു മാസം മുൻപ് കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കി കൺസെഷൻ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാൻ ഇനി സർട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമൻ പറഞ്ഞു. എന്നാൽ അതു നിങ്ങളാണോ തീരുമാനിക്കുക എന്ന് ജീവനക്കാർ തിരികെ ചോദിച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആർടിസി രക്ഷപ്പെടാത്തതെന്ന് പ്രേമൻ പറഞ്ഞതോടെ ജീവനക്കാർ പ്രകോപിതരാക്കുകയും കാര്യങ്ങൾ കൈയേറ്റത്തിലേക്ക് എത്തുകയുമായിരുന്നു. തുടർന്ന് ജീവനക്കാരനും സുരക്ഷാ ഉദ്യോഗസ്ഥനും പ്രേമനെ വലിച്ചുകൊണ്ടുപോയി തൊട്ടടുത്തുള്ള മുറിയിലിട്ട് മർദിക്കുകയായിരുന്നു.

മകളുടെ മുന്നിലിട്ട് അച്ഛനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മകളുടെ മുന്നിലിട്ട് ഒന്നുംചെയ്യരുതെന്ന് ചിലർ പറഞ്ഞിട്ടും ഇതൊന്നും കേൾക്കാതെ സുരക്ഷാ ജീവനക്കാരൻ ഉൾപ്പെടെയുള്ളവർ പ്രേമനെ മർദിക്കുകയായിരുന്നു. അതിനിടെ, ജീവനക്കാർ തന്നെയും മർദിച്ചിട്ടുണ്ടെന്നാണ് മകളുടെ ആരോപണം. അച്ഛനെ തല്ലിയ ജീവനക്കാരെ മകൾ ചോദ്യംചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവം വാർത്തയായതോടെ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ഓഫീസിലെത്തി ബഹളം വച്ചയാളെ പൊലീസിന് കൈമാറാൻ ശ്രമിക്കുക മാത്രമാണ് ജീവനക്കാർ ചെയ്തത് എന്നാണ് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററുടെ വിശദീകരണം. പുറത്തു വന്ന മൊബൈൽ ദൃശ്യങ്ങളിൽ പെൺകുട്ടികളുടെ മുന്നിൽ വച്ച് മർദ്ദിക്കല്ലേ എന്ന് ഒരാൾ കെഎസ്ആർടിസി ജീവനക്കാരോട് പറയുന്നതും കേൾക്കാം.

പ്രേമന്റെ കോളറിൽ പിടിച്ച് കെഎസ്ആർടിസി ജീവനക്കാർ ഇയാളെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് പുറത്തു വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രേമന്റെ പരാതിയിൽ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.

പുറത്തു വന്ന ദൃശ്യങ്ങളിൽ കണ്ട സംഭവം ഒരു രീതിയിലും അംഗീകരിക്കാൻ പറ്റാത്തതാണെന്നും ഒറ്റപ്പെട്ട സംഭവമാണെങ്കിലും കർശനമായി തന്നെ വിഷയത്തിൽ ഇടപെടുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസിക്ക് പൊതുസമൂഹത്തിൽ തന്നെ അവമതിപ്പുണ്ടാക്കാൻ ഇതു കാരണമാകുമെന്നും ഓഫീസിലെത്തിയ ഒരാളെ മർദ്ദിക്കുന്നത് ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഇന്നു തന്നെ വന്നു കാണാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു.