- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പെന്റ് ഹൗസ് ഹോംസ്റ്റേയാക്കിയതിനെച്ചൊല്ലി തർക്കം; 'ഇന്നിവരുടെ കാര്യം തീർക്കണ'മെന്ന് ആക്രോശിച്ച് അച്ഛൻ; പിന്നാലെ കൂട്ടത്തിലേക്ക് സ്വിഫ്റ്റ് കാർ ഇടിച്ച് കയറ്റി മകൻ; 34കാരിയായ സോഫ്റ്റ്വെയർ എൻജിനീയറെ കൊലപ്പെടുത്തിയ അച്ഛനും മകനും പിടിയിൽ

ഇൻഡോർ: റസിഡൻഷ്യൽ കോംപ്ലക്സിലെ പെന്റ് ഹൗസ് ഹോംസ്റ്റേയായി വാടകയ്ക്ക് നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് ദാരുണമായ കൊലപാതകത്തിൽ. മധ്യപ്രദേശിലെ ഇൻഡോറിൽ ശിവ് വാടിക സ്മൃതി എൻക്ലേവ് നിവാസിയായ ഷാംപ പാണ്ഡെ (34) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയുണ്ടായ തർക്കത്തിനിടെ ഫ്ലാറ്റ് ഉടമയുടെ മകൻ കാർ ഇടിച്ച് കയറ്റുകയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയാണ് മരിച്ച ഷാംപ.
കെട്ടിടത്തിന്റെ ഏഴാം നിലയിലെ പെന്റ് ഹൗസ് എയർ ബിഎൻബി വഴി ഹോംസ്റ്റേയായി വാടകയ്ക്ക് നൽകുന്നതിനെതിരെ താമസക്കാർ ദീർഘനാളായി പ്രതിഷേധത്തിലായിരുന്നു. സുരക്ഷാ ഭീഷണിയുയർത്തി അപരിചിതർ വന്നുപോകുന്നതിനെതിരെ കഴിഞ്ഞ ഞായറാഴ്ച ഉടമ കുൽദീപ് ചൗധരിയുമായി ചർച്ച നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ബുധനാഴ്ച വീണ്ടും പെന്റ് ഹൗസ് വാടകയ്ക്ക് നൽകിയതോടെ പ്രകോപിതരായ താമസക്കാർ അവിടേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
ഇതിന് പ്രതികാരമായി കുൽദീപ് ചൗധരി കെട്ടിടത്തിലെ മുഴുവൻ വീടുകളുടെയും ഫ്യൂസ് ഊരിയതോടെയാണ് സംഘർഷം ആരംഭിച്ചത്. തർക്കത്തിനിടെ കുൽദീപ് തന്റെ മകൻ മോനിഷിനെ വിളിച്ചുവരുത്തുകയായിരുന്നു. "ഇന്നിവരുടെ കാര്യം ഒരു തീരുമാനമാക്കണം" എന്ന് കുൽദീപ് ഫോണിലൂടെ മകനോട് പറയുന്നത് കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. സ്ഥലത്തെത്തിയ മോനിഷ് പ്രകോപിതനായി തന്റെ സ്വിഫ്റ്റ് കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ച് കയറ്റി.
ആദ്യം സെക്യൂരിറ്റി ജീവനക്കാരന്റെ ഭാര്യയെ ഇടിച്ചിട്ട മോനിഷ്, കാർ വട്ടം ചുറ്റിച്ചു വന്ന് ഷാംപ പാണ്ഡെയുടെ ശരീരത്തിലൂടെ ഓടിച്ചു കയറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാംപയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൊസൈറ്റിയുടെ ഗേറ്റും തകർത്താണ് മോനിഷ് സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത്. രണ്ട് മാസം മുൻപാണ് പാണ്ഡെ കുടുംബം ഈ ഫ്ലാറ്റിലേക്ക് താമസത്തിനെത്തിയത്. ഷാംപ മരിച്ച വിവരം പിഞ്ചുകുഞ്ഞുങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല.
സംഭവത്തിൽ കുൽദീപ് ചൗധരിയെയും മകൻ മോനിഷിനെയും ലസൂദിയ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും ചോദ്യം ചെയ്തു വരികയാണെന്ന് ടൗൺ ഇൻസ്പെക്ടർ താരേഷ് സോണി അറിയിച്ചു. കെട്ടിടത്തിൽ കുൽദീപിന് മൂന്നും നാലും പെന്റ് ഹൗസുകൾ ഉണ്ടെന്നും ഇവയെല്ലാം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിക്കണമെന്നുമാണ് മറ്റ് താമസക്കാരുടെ ആവശ്യം. പെന്റ് ഹൗസിന് പുറത്തെ ടെറസിൽ മദ്യക്കുപ്പികൾ ചിതറിക്കിടക്കുന്ന നിലയിലാണെന്നും താമസക്കാർ ആരോപിച്ചു.


