- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപാനത്തെത്തുടർന്ന് വീട്ടിൽ സ്ഥിരം തർക്കം; അമ്മയെ മർദ്ദിക്കാനുള്ള ശ്രമത്തിനിടെ ഇടപെട്ടത് ഭാര്യയോട് തർക്കം രൂക്ഷമാക്കി; കൈയിലെ സ്റ്റീൽ പൈപ്പ് കൊണ്ട് കലി തീർത്തത് എട്ടു മാസം പ്രായമുള്ള കുഞ്ഞിനോടും; അടൂരിൽ പിഞ്ചുകുഞ്ഞിനെ അക്രമിച്ച പിതാവ് അറസ്റ്റിൽ
പത്തനംതിട്ട: അടൂർ മുണ്ടപ്പള്ളിയിൽ പിഞ്ചു കുഞ്ഞിന് പിതാവിന്റെ ക്രൂരമർദ്ദനം. എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ സ്റ്റീൽ പൈപ്പു കൊണ്ട് അടിച്ചു. വലതു കവിൾ ഭാഗത്ത് അടിയേറ്റ കുഞ്ഞിന്റെ താടിയേല്ലിന് പൊട്ടലുണ്ട്.സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
അടൂർ സ്വദേശി ഷിനുമോനാണ് അറസ്റ്റിലായത്.അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തുവരുന്ന ഇയാൾ സ്ഥിരം മദ്യപാനിയാണ്.മദ്യപിച്ചെത്തുന്ന ഇയാൾ വീട്ടിൽ വഴക്കുണ്ടാക്കുന്നതും സ്ഥിരമാണെന്ന് ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സമാനരീതിയിൽ കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തിയ ഇയാൾ വീട്ടിൽ ബഹളം തുടങ്ങി.
അതിനിടയിൽ സ്വന്തം അമ്മയെ മർദ്ദിക്കാൻ ശ്രമിക്കുന്നത് കണ്ട് ഭാര്യ തടയാൻ ചെന്നു.ഇതോടെ അക്രമം ഭാര്യയുടെ നേരെയായി.ഇതിനിടയിലാണ് കൈയിലിരുന്ന സ്റ്റീൽ കമ്പി ഉപയോഗിച്ച് എട്ടുമാസം പ്രായമുള്ള തന്റെ കുഞ്ഞിനെ ഇയാൾ മർദ്ദിച്ചത്.വലതു കവിളിൽ അടിയേറ്റ കുഞ്ഞിന്റെ കവിളിലെ എല്ലിന് പൊട്ടൽ ഉണ്ടായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
വീട്ടുകാരുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.സ്റ്റേഷനിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ പ്രതിയെ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.പിന്നാലെ ഷിനുമോനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന്‍ മലയാളി ബ്യൂറോ