- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മദ്യപിക്കാൻ പണം നൽകാത്തതിനെ ചൊല്ലി തർക്കം; പിന്നാലെ രണ്ടു വയസ്സുകാരനുമായി ടെറസിലേക്ക് ഓടിക്കയറി; കീടനാശിനി ബലമായി കുട്ടിയുടെ വായിൽ ഒഴിച്ചു; റോഡിൽ വലിച്ചെറിച്ചു കൊന്നു; അച്ഛന്റെ ക്രൂരതയ്ക്ക് കാരണമായത് മകന്റെ പിതൃത്വത്തിലെ സംശയം
ലഖ്‌നൗ: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ രണ്ടു വയസ്സുകാരനെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. ഭാര്യയിലുണ്ടായ സംശയത്തെ തുടർന്ന് മകൻ ലളിതിനെ (2) കീടനാശിനി കുടിപ്പിച്ച ശേഷം വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തിൽ പിതാവ് രാജ് ബഹാദൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം.
ഭാര്യ യമുനാവതിക്ക് അവിഹിത ബന്ധമുണ്ടെന്നും ലളിത് ആ ബന്ധത്തിൽ ജനിച്ച കുട്ടിയാണെന്നും രാജ് ബഹാദൂർ സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു. മദ്യപിക്കാൻ പണം ലഭിക്കാത്തതിനെ ചൊല്ലി വ്യാഴാഴ്ച ഇയാൾ ഭാര്യയുമായി വഴക്കിട്ടിരുന്നു. യമുനാവതി വരാന്തയിൽ തുണി അലക്കുന്ന തക്കംനോക്കി രാജ് ബഹാദൂർ കുഞ്ഞുമായി ടെറസിലേക്ക് ഓടിക്കയറുകയായിരുന്നു.
കുട്ടിയെ താഴേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ ടെറസിൽ സൂക്ഷിച്ചിരുന്ന കീടനാശിനി ബലമായി കുട്ടിയുടെ വായിൽ ഒഴിച്ചു. ഇതിനുശേഷമാണ് കുട്ടിയെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. വീഴ്ചയുടെ ആഘാതത്തിൽ കുട്ടിയുടെ കഴുത്തൊടിഞ്ഞു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മകൻ മരിച്ചതറിഞ്ഞ രാജ് ബഹാദൂർ വീണ്ടും ടെറസിലേക്ക് ഓടിക്കയറി കത്തിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കി. വിവരമറിഞ്ഞെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ബലം പ്രയോഗിച്ച് കീഴടക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ ഇയാൾ പോലീസുകാർക്ക് നേരെ ഇഷ്ടികകൾ എറിഞ്ഞ് ആക്രമിക്കാനും ശ്രമിച്ചു.
ഏഴ് വർഷം മുൻപാണ് രാജ് ബഹാദൂറും യമുനാവതിയും വിവാഹിതരായത്. ഇവർക്ക് അങ്കുഷ് എന്നൊരു മകൻ കൂടിയുണ്ട്. രാജ് ബഹാദൂർ സ്ഥിരം മദ്യപാനിയാണെന്നും ഭാര്യയെ നിരന്തരം സംശയിച്ചിരുന്നതായും ഇയാളുടെ സഹോദരി ലക്ഷ്മി മൊഴി നൽകി. ഇതിനുമുൻപും ഇയാൾ അരിവാൾ ഉപയോഗിച്ച് ഭാര്യയെ ആക്രമിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. രാജ് ബഹാദൂറിന്റെ ക്രൂരതയുടെ ഞെട്ടലിലാണ് പ്രദേശവാസികൾ.