സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഏഴ് വയസ് മാത്രം പ്രായമുള്ള മകളെ ജൈന സന്യാസിനിയാക്കാനുള്ള നീക്കത്തിനെതിരെ പിതാവ് കുടുംബ കോടതിയെ സമീപിച്ചു. മക്കൾക്ക് വിദ്യാഭ്യാസം നൽകാനും മികച്ച ഭാവിയുണ്ടാക്കാനും അവരുടെ കസ്റ്റഡി തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രമുഖ വ്യവസായിയായ സമീർ ഷാ ഹർജി നൽകിയത്. 2026 ഫെബ്രുവരിയിൽ സന്യാസ ദീക്ഷ സ്വീകരിക്കാൻ മകൾ തയ്യാറെടുക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് ഈ നീക്കം.

തനിക്ക് സാമ്പത്തിക ഭദ്രതയുണ്ടെന്നും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനുള്ള ശേഷിയുണ്ടെന്നും സമീർ ഷാ ചൊവ്വാഴ്ച കോടതിയെ അറിയിച്ചു. പ്രായപൂർത്തിയാകാത്ത മകൾ സന്യാസം സ്വീകരിക്കുന്നത് തടയണമെന്നും അഞ്ച് വയസുള്ള മകന്റെയും ഏഴ് വയസുള്ള മകളുടെയും കസ്റ്റഡി തനിക്ക് കൈമാറണമെന്നുമാണ് ഇദ്ദേഹത്തിന്റെ പ്രധാന ആവശ്യം.

സമീർ ഷായും ഭാര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. രണ്ട് കുട്ടികളും ഭാര്യക്കൊപ്പമായിരുന്നു. 2024 ഏപ്രിലിലാണ് ഭാര്യ കുട്ടികളോടൊപ്പം മാതാപിതാക്കളുടെ വീട്ടിലേക്ക് മാറിയത്. സൂറത്തിലെ നാൻപുരയിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. ജൈന വിഭാഗത്തിലുള്ളവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് മകളുടെ സന്യാസ ദീക്ഷാ വിവരങ്ങൾ സമീർ ഷാ അറിയുന്നത്. ദീക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തന്നോട് അനുവാദം തേടിയിട്ടില്ലെന്ന് ഇയാൾ ഹർജിയിൽ ചൂണ്ടിക്കാട്ടി.

മകളുടെ ദീക്ഷാ ചടങ്ങ് നടത്തരുതെന്ന് ഭാര്യയുടെ മാതാപിതാക്കളോടും ജൈന വിഭാഗത്തിലെ മുതിർന്നവരോടും സമീർ ഷാ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല സമീപനം ലഭിച്ചില്ല. ഇതിനെ തുടർന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. സൂറത്തിലെ ഓഹരി വിപണി വ്യാപാരിയാണ് സമീർ ഷാ. 2012ലാണ് ഇദ്ദേഹം വിവാഹിതനായത്. വിവാഹശേഷം കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ തുടരാൻ ഭാര്യക്ക് താൽപര്യമില്ലാതിരുന്നതാണ് കുടുംബ പ്രശ്നങ്ങൾക്ക് കാരണമായതെന്നും സമീർ ഷാ ആരോപിക്കുന്നു. ഈ വിഷയത്തിൽ കോടതിയുടെ തുടർനടപടികൾ കുട്ടികളുടെ ഭാവിക്ക് നിർണായകമാകും.