ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ യുവാവ് ട്രെയിനിനു മുന്നിൽ തള്ളിയിട്ട് കൊന്ന കേസിൽ പെൺകുട്ടിയുടെ പിതാവ് മരിച്ചത് വിഷക്കായ കഴിച്ച്. മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ചത് പോസ്റ്റ്‌മോർട്ടത്തിലാണ്. രാവിലെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ കൊല്ലപ്പെട്ട സത്യ എന്ന ഇരുപതുകാരിയുടെ പിതാവ് മാണിക്കൻ ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്നാണ് ആദ്യം കരുതിയത്. അതിനിടെ, പെൺകുട്ടിയെ തള്ളിയിട്ട് കൊന്ന പ്രതി പിടിയിലായി. ചെന്നൈ തൊരൈപാക്കത്തുവച്ചാണ് പ്രതി ആദംപാക്കം സ്വദേശി സതീഷ് പൊലീസ് പിടിയിലായത്.

സത്യയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയതിനെ തുടർന്ന് മാതാപിതാക്കൾ മുമ്പ് മാമ്പലം പൊലീസ് സ്റ്റേഷനിൽ സതീഷിനെതിരെ പരാതി നൽകിയിരുന്നു. വ്യാഴാഴ്ചയാണ് ജെയിൻ കോളേജ് ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിനിയായ സത്യയെ സതീഷ് കൊലപ്പെടുത്തിയത്. ആദമ്പാക്കം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളാണ് സത്യയുടെ മാതാവ് രാമലക്ഷ്മി.

യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം സതീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച ചൈന്നെ സബർബൻ ട്രെയിനിന്റെ മൗണ്ട് സ്റ്റേഷനിലാണ് കൊലപാതകം നടന്നത്. സെന്റ് തോമസ് മൗണ്ട് റെയിൽവെ സ്റ്റേഷനിൽ സംസാരിക്കവെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ വന്ന ട്രെയിനിന് മുമ്പിലേക്ക് തള്ളിയിടുകയായിരുന്നു. സതീഷ് സത്യയെ നിരന്തരം ശല്യം ചെയ്തിരുന്നു.

ചെന്നൈയിലെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു സത്യ. സത്യയുടെ പുറകെ ഏറെനാളായി പ്രണയാഭ്യർത്ഥനയുമായി സതീഷ് പിന്തുടർന്നിരുന്നു. ക്ലാസിന് ശേഷം മടങ്ങുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്ന് ഇയാൾ റെയിൽവേ സ്റ്റേഷനിലെത്തി. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ സത്യയെ ഇയാൾ താംബരത്തുനിന്ന് എഗ്മോറിന് പോവുകയായിരുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ട്രെയിനിന് അടിയിൽപ്പെട്ട് സത്യ തൽക്ഷണം മരിച്ചു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ഇയാളെ ഇന്ന് ഉച്ചയോടെയാണ് പൊലീസ് പിടികൂടിയത്.