കാസര്‍ഗോഡ്: 16 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ കേസെടുത്തിട്ടും വൈദികനെതിരെ നടപടിയെടുക്കാൻ പോലീസ് മടിക്കുന്നത് ഉന്നതതല സമ്മർദ്ദം കാരണമെന്ന് ആരോപണം. അതിരുമാവ് ഇടവകയിലെ ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെതിരെയാണ് ചിറ്റാരിക്കല്‍ പോലീസ് കേസെടുത്തത്. കേസെടുത്ത് ആഴ്ചകൾ പിന്നിടുമ്പോഴും വൈദികനെ പിടികൂടാൻ പോലീസിനായിട്ടില്ല. സംഭവത്തെ തുടർന്ന് ഫാദർ പോൾ തട്ടുപറമ്പിലിനെ വികാരി സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. വൈദികനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നാണ് സൂചന.

കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർത്ഥിയായ 16-കാരനെ 2024 മേയ് 15 മുതല്‍ ഓഗസ്റ്റ് 13 വരെയുള്ള മൂന്ന് മാസകാലയളവിൽ പോള്‍ തട്ടുപറമ്പില്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. അൽത്താര ബാലനായിരുന്ന കുട്ടിയെ പള്ളിയിലെ കപ്പിയാരാക്കിയിരുന്നു. ഈ കാലയളവിലായിരുന്നു പീഡനം. കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതിന് തന്റെ വസതിയിലേക്കും മറ്റിടങ്ങളിലേക്കും പുരോഹിതന്‍ കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. പല തവണ കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് സൂചന. സ്‌കൂൾ കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

തുടര്‍ന്ന് അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും അവര്‍ ചിറ്റാരിക്കല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഫാദര്‍ പോള്‍ തട്ടുപറമ്പില്‍ ഒളിവിൽ പോയി. ആഴ്ചകൾ കഴിയുമ്പോഴും വൈദികനെ പിടികൂടാൻ കഴിയാത്തതിൽ കുട്ടിയുടെ മാതാപിതാക്കൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. അറസ്റ്റ് വൈകിയാൽ പ്രതിക്ക് മുൻ‌കൂർ ജാമ്യം ലഭിക്കാനുള്ള സാധ്യതകളുണ്ട്. എന്നാൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

വൈദികനെ പിടികൂടാനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് സൂചന. ഇതിനിടെ വൈദികന്‍ നിരപരാധിയാണെന്ന് കാണിച്ചുകൊണ്ട് പോലീസിന് കത്തുകള്‍ എഴുതാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഓഡിയോ സന്ദേശം ഇടവകവിശ്വാസികള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ഇടവകയിലെ ഒരു ജീവനക്കാരന്‍ ആണ് സന്ദേശം അയച്ചിട്ടുള്ളത്. അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമായി ഇതിനെ പോലീസ് സംശയിച്ചിരുന്നു. അറസ്റ്റ് വൈകിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാപിതാക്കൾ എസ്.പിയെ കണ്ടിരുന്നു.

എറണാകുളം സ്വദേശിയായ പോള്‍ തട്ടുപറമ്പിൽ കണ്ണൂര്‍ ജില്ലയിലെ ഒരു ഇടവകയില്‍ സേവനമനുഷ്ടിച്ച ശേഷം ഒന്നര വര്‍ഷം മുമ്പാണ് ചിറ്റാരിക്കലില്‍ ചുമതലയേറ്റത്. ഇടവക വിശ്വാസികളോട് വളരെ മാന്യമായാണ് വൈദികൻ പെരുമാറിയിരുന്നത്. പീഡന വിവരം പുറത്ത് വന്നതോടെ വികാരി സ്ഥാനത്ത് നിന്നും, വൈദിക കൂട്ടായ്മയിൽ നിന്നും പ്രതിയെ പുറത്താക്കിയിരുന്നു.