ധെൻകനാല്: സ്വന്തം മകളെ മാസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് പിടിയിൽ. ഒഡീഷയിലെ ധെൻകനാല് ജില്ലയിലെ രസോൾ പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഭിന്നശേഷിക്കാരിയായ 21-കാരിയെയാണ് 59 വയസ്സുകാരനായ പിതാവ് രഹസ് സേഥി പീഡനത്തിനിരയാക്കിയത്.

യുവതിയുടെ ശാരീരിക മാറ്റങ്ങളിൽ സംശയം തോന്നിയ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടർന്ന് യുവതിയെ ധെൻകനാലിലെ ജില്ലാ ആസ്ഥാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. മകളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് പിതാവ് തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഔദ്യോഗിക പരാതിയിൽ പറയുന്നു.

സംഭവത്തിൽ കേസെടുത്ത രസോൾ പോലീസ് പ്രതിയായ രഹസ് സേഥിയെ അറസ്റ്റ് ചെയ്തു. കേസ് നമ്പർ 85/26 ആയി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പോലീസ് സൂപ്രണ്ട് അഭിനവ് സോങ്കർ അറിയിച്ചു. മൃഗീയമായ ഈ സംഭവത്തിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.