ലക്നൗ: പ്രസവ ചികിത്സയ്ക്കായി ആവശ്യപ്പെട്ട പണം വർദ്ധിപ്പിച്ച് ചികിത്സ വൈകിപ്പിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ചെന്ന് പിതാവിന്റെ പരാതി. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. കുഞ്ഞിന്റെ മൃതദേഹം കവറിലാക്കിയാണ് വിപിൻ ഗുപ്ത എന്ന പിതാവ് പരാതിയുമായി അധികൃതരെ സമീപിച്ചത്.

ആശുപത്രി അധികൃതർ ആദ്യം 18,000 രൂപയാണ് ചികിത്സാ ഫീസായി ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് ഇത് 20,000 രൂപയായി ഉയർത്തി. പുലർച്ചെ 2:30 ഓടെ വിപിൻ ഗുപ്ത പണവുമായി ആശുപത്രിയിലെത്തിയെങ്കിലും, ശസ്ത്രക്രിയക്ക് മുമ്പ് മുഴുവൻ പണവും അടക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചതായി അദ്ദേഹം ആരോപിച്ചു.

കൈവശം പണമില്ലെങ്കിൽ ഭാര്യയെ മറ്റെവിടെയെങ്കിലും കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നതായും, എന്നാൽ പണം ആദ്യം വേണമെന്ന നിലപാടിൽ ആശുപത്രി അധികൃതർ ഉറച്ചുനിന്നതായും വിപിൻ ഗുപ്ത പറഞ്ഞു. നവജാത ശിശു മരിച്ചതിന് പിന്നാലെ ഭാര്യയെ ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെ തുടർന്നാണ് കുഞ്ഞിൻ്റെ മൃതദേഹം കവറിലാക്കി ജില്ലാ മജിസ്ട്രേറ്റിൻ്റെ ഓഫീസിലെത്തി പ്രതിഷേധിച്ചത്.

സംഭവത്തിൽ ജില്ലാ ഭരണകൂടം ഗോൾഡർ ആശുപത്രി അടച്ചിടുകയും, ചികിത്സയിലുണ്ടായിരുന്ന മറ്റ് രോഗികളെ ജില്ലാ വനിതാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം, എ.ഡി.എം എ.കെ. റസ്തോഗി ശ്രീജൻ ആശുപത്രി സന്ദർശിച്ച് ഗർഭിണിയായ അമ്മയുടെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷണം നടത്തി. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ദുരിതത്തിലായ കുടുംബത്തോടൊപ്പം ജില്ലാ ഭരണകൂടം നിലകൊള്ളുമെന്ന് ഡി.എം. അറിയിച്ചു.

എന്നാൽ, എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തതെന്നും, ചികിത്സയിൽ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ അവകാശപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ജീവൻ രക്ഷാ മെഡിക്കൽ സേവനങ്ങളിൽ സാമ്പത്തിക പരാധീനതകൾ തടസ്സമാകുന്നതിൻ്റെ വേദനിപ്പിക്കുന്ന ഉദാഹരണമാണ് ഈ സംഭവം.