തൊടുപുഴ: ഇടുക്കി അടിമാലിയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. മോഷണ ശ്രമത്തിനിടെ കഴുത്തറുത്തുകൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം കിളിക്കൊല്ലൂർ സ്വദേശികളായ കെ.ജെ.അലക്‌സ്, കവിത എന്നിവർ പാലക്കാട്ടുനിന്നാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ഇന്നലെ വൈകിട്ടായിരുന്നു കൊലപാതകം. കുരിയൻസ്പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. വൈകിട്ട് വീട്ടിലെത്തിയ മകൻ സുബൈറാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. രക്തം വാർന്ന നിലയിൽ മുറിക്കുള്ളിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപം മുളകുപൊടി വിതറിയ നിലയിൽ ആയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

പ്രതികൾ കഴിഞ്ഞ ദിവസം വീട് വാടകയ്ക്ക് ചോദിച്ച് എത്തിയിരുന്നു. ഫാത്തിമയുടെ സ്വർണമാല അടക്കം നഷ്ടപ്പെട്ടിട്ടുണ്ട്. ഈ മാല അടിമാലിയിലെ ഒരു സ്വർണക്കടയിൽ വിറ്റശേഷമാണ് ഇവർ മടങ്ങിയത്. സംഭവത്തിനുപിന്നാലെ നാട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

കഴിഞ്ഞ രണ്ടു ദിവസമായി സ്ത്രീയും പുരുഷനും വാടകവീടു അന്വേഷിച്ച് പ്രദേശത്ത് കറങ്ങി നടക്കുന്നത് കണ്ടതായാണ് നാട്ടുകാർ നൽകിയ വിവരം. ഇത് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിഅടിമാലിയിൽ നിന്ന് മുങ്ങിയ പ്രതികൾ പാലക്കാട് എത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേർ ഫാത്തിമയുടെ വീട്ടിൽ വന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചതാണ് കേസിൽ നിർണായകമായത്.

പ്രതികൾ ഫാത്തിമ കാസിമിന്റെ പക്കൽ നിന്നും കവർന്ന സ്വർണാഭരണങ്ങൾ അടിമാലിയിലെ ഒരു സ്വർണക്കടയിൽ വിറ്റിരുന്നു. അതിന് ശേഷമാണ് ഇവർ ഇവിടെ നിന്നും പോയത്. അവശേഷിച്ച സ്വർണാഭരണങ്ങൾ ഇവരുടെ കൈയിലുണ്ടായിരുന്നത് പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷണം തന്നെയായിരുന്നു ഉദ്ദേശമെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ആസൂത്രിതമായി നടത്തിയ കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടു നീങ്ങിയത്. ഫാത്തിമ കാസിമിന്റെ മരണവുമായി ബന്ധപ്പെട്ടുയരുന്ന സംശയം. മൃതദേഹത്തിന് സമീപത്ത് മുളകുപൊടി എറിഞ്ഞതും വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് കൃത്യം നടത്തിയതും പ്രതികൾ വീടിന് സമീപത്ത് കറങ്ങിനടന്നെന്നതും പൊലീസ് ഇങ്ങനെ സംശയിക്കാൻ കാരണമാണ്. ഇന്നലെ പകൽ 11 നും നാല് മണിക്കും ഇടയിലാണ് കൊലപാതകം നടന്നത്. വൈകിട്ട് നാല് മണിക്ക് ശേഷം ഫാത്തിമയുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് ഉമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.