ബെംഗളൂരു: വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ സ്വകാര്യ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഏഴ് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവ വ്യവസായി ബെംഗളൂരുവിൽ അറസ്റ്റിൽ. ഇന്ദിരാനഗർ സ്വദേശിയായ 36 വയസ്സുകാരനായ കൃപലാനിയാണ് പോലീസിന്റെ പിടിയിലായത്. ഉദ്യോഗസ്ഥയുടെ പരാതിയെ തുടർന്നാണ് ഇയാളെ യെലഹങ്ക പോലീസ് അറസ്റ്റ് ചെയ്തത്.

കസ്റ്റംസ് വകുപ്പിൽ ജോലി ചെയ്തിരുന്ന പരാതിക്കാരിയുടെ ചില വീഴ്ചകൾ മുതലെടുത്താണ് കൃപലാനി ഭീഷണിപ്പെടുത്തൽ ആരംഭിച്ചത്. പ്രണയം നടിച്ച് ഉദ്യോഗസ്ഥയുമായി അടുപ്പം സ്ഥാപിച്ച ശേഷം സ്വകാര്യ വീഡിയോകളും ചിത്രങ്ങളും പകർത്തി, അവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. തുടക്കത്തിൽ ഉദ്യോഗസ്ഥയുടെ സഹപ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് അവരെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ഇയാൾ ശ്രമിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം ഏഴുവർഷത്തോളം കൃപലാനിയുടെ ഉപദ്രവം സഹിച്ചശേഷമാണ് ഉദ്യോഗസ്ഥ പരാതി നൽകിയത്. സംഭവം നടന്നത് ഇന്ദിരാനഗർ പരിധിയിലായതിനാൽ യെലഹങ്ക പോലീസ് കേസ് അവിടേക്ക് കൈമാറുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്.

വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇലക്ട്രോണിക് സാധനങ്ങൾ ഇറക്കുമതിയും കയറ്റുമതിയും നടത്തുന്ന വ്യവസായിയാണ് കൃപലാനി. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടാതെ പല നിയമലംഘനങ്ങളും ഇയാൾ നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മുൻപും കൃപലാനി വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. അയൽവാസികൾ വീട്ടിൽ കഞ്ചാവ് വളർത്തുന്നുവെന്നും രാത്രി വൈകി പാർട്ടികൾ നടത്തുന്നുവെന്നും കാണിച്ച് ഇന്ദിരാനഗർ സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ, പോലീസ് കേസെടുക്കാതെ എൻസിആർ രജിസ്റ്റർ ചെയ്യുകയാണുണ്ടായത്.

ഇതിൽ പ്രകോപിതനായ കൃപലാനി പോലീസിനോട് പ്രതികാരം ചെയ്യാൻ സ്വന്തം അമ്മയായ മഹേശ്വരിയെക്കൊണ്ട് 2025 ജൂൺ മാസത്തിൽ ഹൈക്കോടതിയിൽ ഒരു ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യിക്കുകയായിരുന്നു. തന്നെ ആരോ തട്ടിക്കൊണ്ടുപോയെന്ന് വരുത്തിത്തീർക്കാൻ ചെന്നൈയിലെ ഒരു ഹോട്ടലിൽ ഒളിവിൽ താമസിച്ച ഇയാളെ, ഹൈക്കോടതിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ പോലീസ് കണ്ടെത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.