കൊച്ചി: സംവിധായകൻ സുനിൽകുമാറിനെ  തട്ടിക്കൊണ്ടു പോയി മർദ്ദിച്ചതായി പരാതി. ബുധനാഴ്ച വൈകിട്ട് എം ജി റോഡിലുള്ള ആലീസ് ഹോട്ടൽ കാർ പാർക്കിംഗിൽ വച്ച് നാലംഗ സംഘം ബലം പ്രയോഗിച്ച് കത്തി കാട്ടി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കാറിൽ വച്ചും ആളൊഴിഞ്ഞ സ്ഥലത്തു നിന്നും മർദ്ദിച്ചു അവശനാക്കുകയായിരുന്നു. പിന്നീട് ബ്ലാങ്ക് പേപ്പറിൽ കുറെ ഒപ്പ് ഇടുവിപ്പിച്ചെന്നും, ഭീഷണിപ്പെടുത്തി തന്റെ വീഡിയോ ചിത്രീകരിച്ചെന്നും സംവിധായകൻ പറയുന്നു. ഷമീർ, തങ്കരാജ് എന്നിവരാണ് തന്നെ മർദ്ദിച്ചതെന്നാണ് സുനിൽകുമാർ പറയുന്നത്. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പിന്നീട് രാത്രി 11 മണിയോടെ മൂവാറ്റുപുഴ റോഡിൽ സംവിധായകനെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. തുടർന്ന് സുനിൽകുമാർ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് ഒരുമണിക്ക് എറണാകുളം സർക്കാർ ആശുപത്രിയിലെത്തി അഡ്‌മിറ്റ് ആകുകയും ചെയ്തു. അവിടെ നിന്നും തലയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തി. തലയിൽ രക്തം കട്ട പിടിച്ചതായി സ്‌കാനിങ്ങിൽ കണ്ടെത്തുകയും ചെയ്തു. തുടർന്ന് ആശുപത്രി അധികൃതർ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിലവിൽ ലിസ്സി ഹോസ്പിറ്റലിൽ ചികിത്സയിലാണ് അദ്ദേഹം.

മലയാളത്തിൽ, ഒരു ചിത്രം  സുനിൽ കുമാർ സംവിധാനം  ചെയ്തിട്ടുണ്ട്.
തമിഴിൽ  നിരവധി ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. മലയാളത്തിൽ രണ്ടാമത്തെ ചിത്രത്തിനായി തയ്യാറെടുപ്പുകൾ നടത്തുന്നതിടെയാണ് കിഡ്‌നാപ്പിങ്ങും മർദ്ദനവും ഉണ്ടായത്.

സാമ്പത്തിക ഇടപൊടുകളെ ചൊല്ലിയുള്ള തർക്കമാണ്  സുനിൽകുമാറിനെ   തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നാണ് സൂചന. കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.