തിരുവനന്തപുരം: ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാനെതിരായ വിവാദപരാമർശ കേസിൽ ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരേ നിലപാട് കടുപ്പിച്ചു സർക്കാർ. എഫ്.ഐ.ആറിൽ ഗുരുതര പരാമർശങ്ങളാണ് അച്ചനെതിരെ ചേർത്തിരിക്കുന്നത്. മുസ്ലിം- ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ ധ്രുവീകരണത്തിനും കലാപത്തിനും ചേരിതിരിവിനും ശ്രമിച്ചെന്നാണ് എഫ്.ഐ.ആറിലുള്ളത്. ബുധനാഴ്ച രജിസ്റ്റർ ചെയ്ത കേസിലാണ് ഗുരുതര പരാമർശങ്ങളുള്ളത്.

മന്ത്രിക്കെതിരായ വിവാദപ്രസ്താവന ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു. ന്യൂനപക്ഷങ്ങൾ കൈകോർത്ത് പ്രവർത്തിക്കേണ്ട അവസരത്തിൽ തന്റെ പ്രസ്താവന സമുദായങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാൻ ഇടയായതിൽ ഖേദിക്കുന്നുവെന്നായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്. ഫാദർ തിയോഡേഷ്യസിന്റെ പ്രസ്താവനയ്ക്കെതിരെ കെ.ടി. ജലീൽ എംഎ‍ൽഎ. അടക്കം നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.

അതേസമയം, ലത്തീൻ അതിരൂപത ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോയ്ക്കെതിരെ രണ്ടു കേസുകൾ കൂടി വിഴിഞ്ഞം പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഴിഞ്ഞം തുറമുഖനിർമ്മാണം തടസ്സപ്പെടുത്തതുമായി ബന്ധപ്പെട്ടാണ് ആർച്ച് ബിഷപ്പിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുറമുഖ നിർമ്മാണ സ്ഥലത്ത് അതിക്രമിച്ച് കയറിയതിനാണ് കേസ്. ബിഷപ്പ് ഉൾപ്പെടെ വൈദികരടക്കം നൂറോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അതിനവിടെ പൊലീസ് വിലക്ക് ലംഘിച്ച് വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി നടത്തിയ മാർച്ചിനെതിരെയും കേസെടുത്തു. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ഒന്നാം പ്രതിയായാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 700 ഓളം പേരും പ്രതികളാണ്. വിഴിഞ്ഞത്ത് പൊലീസ് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി കഴിഞ്ഞ ദിവസം നടത്തിയ മാർച്ച് പൊലീസ് തടഞ്ഞിരുന്നു. മുക്കോല ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് മുല്ലൂരിൽ വച്ചാണ് പൊലീസ് തടഞ്ഞത്.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് ഹിന്ദു ഐക്യവേദി മാർച്ച് പ്രഖ്യാപിച്ചത്. എന്നാൽ, സംഘർഷ സാധ്യത കണക്കിലെടുത്ത് മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. മാർച്ചിനെ തുടർന്ന് പ്രശ്‌നങ്ങളുണ്ടായാൽ സംഘടനയായിരിക്കും ഉത്തരവാദിയെന്ന് പൊലീസ് മുന്നറിയിപ്പും നൽകിയിരുന്നു.

വിഴിഞ്ഞത്ത് ലത്തീൻ അതിരൂപത നടത്തുന്ന സമരം അനുവദിക്കില്ലെന്നും ഇനി ആക്രമിച്ചാൽ എളുപ്പം തിരികെപ്പോകില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി വ്യക്തമാക്കിയിരുന്നു. അക്രമം ചെറുക്കാൻ പ്രദേശവാസികൾക്കൊപ്പം ദേശീയ പ്രസ്ഥാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച വിഴിഞ്ഞം തുറമുഖത്തേക്ക് മാർച്ച് നടത്തുമെന്ന് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ചത്.

അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ സംഭവങ്ങൾക്ക് പിന്നാലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്റെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിനായി സിറ്റി ക്രൈം ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ ഡി.സി.പി കെ. ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, സുരക്ഷാക്രമീകരണം, ക്രമസമാധാനം എന്നിവയുടെ ചുമതലയുള്ള സ്‌പെഷൽ ഓഫിസർ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ.ആർ. നിശാന്തിനി എന്നിവരുൾപ്പെട്ട പ്രത്യേകസംഘം കഴിഞ്ഞ ദിവസം വിഴിഞ്ഞം സന്ദർശിച്ചിരുന്നു.