- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ച ബോട്ടിൽ നിന്ന് പൊലിസുകാർ വിലയേറിയ മത്സ്യം മോഷ്ടിച്ചു; മാങ്ങാ മോഷണത്തിന് ശേഷം നിർത്തിയിട്ട ബോട്ടിൽ നിന്ന് മത്സ്യ മോഷണവും; കണ്ണൂരിൽ രണ്ട് പൊലിസുകാർക്ക് സ്ഥലം മാറ്റം
കണ്ണൂർ: കുപ്രസിദ്ധമായ മാങ്ങാ മോഷണത്തിന് ശേഷം കേരളാ പൊലിസിന്റെ തൊപ്പിയിൽ മറ്റൊരു പൊൻ തൂവൽ കൂടി. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണുരിൽ പിടിച്ചെടുത്ത ബോട്ടിൽ നിന്നും മത്സ്യം മോഷ്ടിച്ചതിന് രണ്ടു പൊലിസുകാരെ തൊട്ടടുത്ത ജില്ലയിലേക്ക് സ്ഥലം മാറ്റി. കണ്ണൂരിൽ നടന്ന സംഭവം പൊലീസ് സേനയ്ക്കു തന്നെ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് ആരോപണ വിധേയരായ പൊലിസുകാരെ സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് മുഖം രക്ഷിച്ചത്.
മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ച ബോട്ടിൽ നിന്ന് പൊലിസുകാർ വിലയേറിയ മത്സ്യം മോഷ്ടിച്ചതാണ് വിവാദമായത്.. സംസ്ഥാന പൊലിസ് സേനയ്ക്കു തന്നെ നാണക്കേടുണ്ടാക്കി കൊണ്ടാണ് ചെമ്മിനും അയക്കൂറയും മറൈൻ ഗാർഡുമാരായ രണ്ടു പൊലിസുകാർ മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിൽ ഈ കാര്യം വ്യക്തമായതിനെ തുടർന്ന് ഇവരെ കണ്ണുരിൽ നിന്ന് കാസർകോട്ടെക്ക് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ സ്ഥലം മാറ്റിയത്. ബോട്ടിലുണ്ടായിരുന്ന വൻ തുക വിലയുള്ള ചെമ്മീനും അയക്കുറയുമാണ് ഇവർ മോഷ്ടിച്ചത്.
വകുപ്പ് തല അന്വേഷണത്തിൽ ഇവർ മോഷണം നടത്തിയതായി തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷാ നടപടിയുടെ ഭാഗമായി ഇവരെ കാസർകോട് മറൈൻ എൻഫോഴ്‌സിലേക്ക് മാറ്റിയത്. നിയമം ലംഘിച്ചു കരയോട് ചേർന്ന് രാത്രി മീൻ പിടിച്ചതിനാണ് കോഴിക്കോട് നിന്നും അഴിക്കോട് ഭാഗത്തെത്തിയ ബോട്ട് കസ്റ്റഡിയിലെടുത്തത്. സബ് ഇൻസ്‌പെക്ടർ ഓഫ് ഗാർഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ ഇല്ലാതെയാണ് കണ്ണൂർ മറൈൻ എൻഫോഴ്‌സ്‌മെന്റിലെ മൂന്ന് പൊലിസുകാർ ബോട്ട് കസ്റ്റഡിയിലെടുത്തതും കരയ്ക്ക് അടുപ്പിച്ചതും. അവരിൽ രണ്ടുപേരെയാണ് കാസർകോട്ടെക്ക് സ്ഥലം മാറ്റിയത്.
എന്നാൽ അച്ചടക്ക നടപടിയെന്ന് പരാമർശിക്കാതെയാണ് പൊലിസുകാരുടെ സ്ഥലമാറ്റ ഉത്തരവിറക്കിയത്. കണ്ണൂർ പൊലിസിൽ നിന്നും ഡെപ്യുട്ടേഷനിലെത്തി ജോലി ചെയ്യുന്നവരാണ് പ്രതി സ്ഥാനത്തുള്ള പൊലിസുകാർ. രാത്രി ലൈറ്റ് അണച്ചാണ് ബോട്ടിൽ നിന്ന് മീൻ പിടിച്ചത്. അതേസമയം സി.സി.ടി.വിയിൽ മോഷണത്തിന്റെയും വാഹനത്തിന്റെയും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതാണ് ബോട്ടിൽ കയറി ഇരുട്ടിന്റെ മറവിൽ മോഷണം നടത്തിയ പൊലിസുകാരെ കുടുക്കിയത്. മത്സ്യം മോഷണം പോയ സംഭവത്തിൽ ബോട്ടുടമ പുതിയാപ്പ തെക്കെത്തൊടി ടി.മിഥുൻ ഫിഷറീസ് വകുപ്പിലും പൊലിസിലും പരാതി നൽകിയിരുന്നു.
90000 രൂപ പിഴയടച്ച് ബോട്ട് തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് ചെമ്മിനും അയക്കൂറയും കാണാതായ വിവരമറിഞ്ഞത്. മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ച ബോട്ടിൽ നിന്ന് മത്സ്യം നഷ്ടപ്പെട്ട പരാതി അന്വേഷിച്ചു വരികയാണെന്ന് ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ പി.കെ ഷൈനി അറിയിച്ചു. നേരത്തെ തളിപറമ്പ് സ്റ്റേഷനിൽ മണൽ കടത്തിന് പിടികൂടിയ ലോറി ആക്രിക്കടയിൽ വിൽപ്പന നടത്തിയതിന് മൂന്ന് പൊലിസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു.
മോഷണ കേസിൽ അറസ്റ്റിലായ യുവാവിൽ നിന്നും എ.ടി.എം കാർഡ് കവർന്ന് എ.ടി.എമ്മിൽ നിന്നും പണം പിൻവലിച്ച പൊലിസുകാരനെതിരെയും വകുപ്പ് തല അന്വേഷണം നടത്തി സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു സംഭവം കൂടി പൊലിസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി കൊണ്ടു നടന്നത്.




