മല്ലപ്പള്ളി: മാമോദീസ ചടങ്ങിന് വിളമ്പിയ ഭക്ഷണ സാധനങ്ങളിൽ നിന്ന് പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധയേറ്റുവെന്ന സംശയത്തിൽ ചടങ്ങ് സംഘടിപ്പിച്ച പടുതോട് ചെട്ടിയിറമ്പിൽപ്പടി വെള്ളാറ വീട്ടിൽ റോജി അലക്സാണ്ടർ കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.ചടങ്ങിൽ ഭക്ഷണം വിതരണം ചെയ്ത ചെങ്ങന്നൂർ ഓവൻ ഫ്രഷ് എന്ന സ്ഥാപനത്തിനെതിരെയാണ് റോജി പൊലീസിൽ പരാതിപ്പെട്ടത്.

റോജിയുടെ പത്തുമാസം പ്രായമുള്ള മകളുടെ മാമോദീസ ചടങ്ങ് പടുതോട് ചെട്ടിയിറമ്പിൽ പടിയിലെ സെന്റ് തോമസ് മർത്തോമ്മ ചർച്ചിൽ ഡിസംബർ 29 നാണ് നടന്നത്. ഇതിൽ പങ്കെടുത്ത നൂറോളം പേർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റതായി പറയുന്നത്. 180 ഓളം പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു.നിരവധി പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റ സാഹചര്യത്തിലാണ് കാറ്ററിങ് നടത്തിയ സ്ഥാപനത്തിന് നേരെ പരാതി നൽകിയത്.

ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം വർധിച്ചതോടെ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോർട്ടുകളിൽമേൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണർക്ക് മന്ത്രി നിർദ്ദേശം നൽകി.

ഭക്ഷണം കഴിഞ്ഞ് രണ്ടാം ദിവസം അതായത് ഡിസംബർ 31 ന് ഉച്ചയോടെയാണ് പലർക്കും വിവിധ ശാരീരിക അസ്വസ്ഥതകൾ കൂടുതൽ അനുഭവപ്പെട്ട് തുടങ്ങിയത്. പള്ളിയിലെ കപ്യാർ ഏബ്രാഹാം തോമസ്, (55) ശരീരിക ബുദ്ധിമുട്ടുകൾ കൂടിയതിനാൽ കുമ്പനാട് ഫെലോഷിപ്പ് അശൂപത്രിയിൽ അഡ്‌മിറ്റായിട്ടുണ്ട്.

ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.കീഴ്‌വായ്‌പ്പുർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.അതേസമയം വിഷയത്തിൽ പ്രതികരണവുമായി 'ഓവൻ ഫ്രഷ്' കാറ്ററിങ് സ്ഥാപന ഉടമകളും രംഗത്ത് വന്നിരുന്നു.മല്ലപ്പള്ളിയിൽ വിളമ്പിയ അതേ വിഭവങ്ങൾ തന്നെ പരുമലയിലും മറ്റുരണ്ടിടങ്ങളിലും അന്നേദിവസം വിതരണം ചെയ്തിട്ടുണ്ടെന്നാണ് ചെങ്ങന്നൂരിലെ കാറ്ററിങ് സ്ഥാപനത്തിന്റെ പ്രതികരണം. അവിടെയൊന്നും പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും കാറ്ററിങ് സ്ഥാപനവുമായി ബന്ധപ്പെട്ടവർ പ്രതികരിച്ചു.

വ്യാഴാഴ്ച മല്ലപ്പള്ളി സെന്റ് തോമസ് പള്ളിയിലാണ് മാമോദീസ ചടങ്ങുകൾ നടന്നത്.ഉച്ചയ്ക്ക് നടന്ന വിരുന്നിൽ സസ്യേതര വിഭവങ്ങളും ചോറുമാണ് വിളമ്പിയത്. ഏകദേശം 190 പേർ വിരുന്നിൽ പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ മുതലാണ് വിരുന്നിൽ പങ്കെടുത്ത പലർക്കും വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത്. വിരുന്നിൽ പങ്കെടുത്ത എഴുപതോളം പേർ രണ്ടുദിവസങ്ങളിലായി അടൂർ, റാന്നി, കുമ്പനാട് തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയെന്നാണ് വിവരം.