- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മനപ്പൂർവ്വം' കുടുക്കിയതെന്ന് പറഞ്ഞ് കോടതിയിൽ പൊട്ടിക്കരഞ്ഞു; ശിക്ഷയിൽ ഇളവ് വരുത്തണമെന്ന ആവശ്യവും വിലപോയില്ല; വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണക്ക് ജീവപര്യന്തം തടവ്; 4 പീഡനക്കേസുകളിലെ ആദ്യ വിധി
ബെംഗളൂരു: വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണക്ക് ജീവപര്യന്തം തടവും പതിനൊന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കേസിൽ പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബെംഗളൂരു പ്രത്യേക കോടതിയാണ് പ്രജ്വൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വൽ രേവണ്ണ. പ്രജ്വലിനെതിരായ 4 പീഡനക്കേസുകളിലെ ആദ്യത്തെ വിധിയാണിത്. മുതിർന്ന അഭിഭാഷകരായ അശോക് നായക്, ബി.എൻ. ജഗദീശ എന്നിവരായിരുന്നു സ്പെഷൽ പ്രോസിക്യൂട്ടർമാർ.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ തനിക്ക് ശിക്ഷയിൽ ഇളവ് നൽകണമെന്ന് കോടതിയോട് പ്രജ്വൽ രേവണ്ണ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയത്തിൽ പെട്ടന്ന് വളർന്നത് മാത്രമാണ് താൻ ചെയ്ത തെറ്റെന്നും അല്ലാതെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും പ്രജ്വൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. തനിക്കെതിരെ സ്വമേധയാ സ്ത്രീകളാരും പരാതി നൽകിയില്ലെന്നും പ്രോസിക്യൂഷൻ 'മനപ്പൂർവ്വം' അവരെ രംഗത്ത് കൊണ്ടുവന്നതാണെന്നും ആരോപിച്ച് രേവണ്ണ കോടതിയിൽ പൊട്ടിക്കരഞ്ഞതായി റിപ്പോർട്ടുണ്ട്. ദയവായി ശിക്ഷയിൽ കുറവ് വരുത്തണമെന്ന് കോടതിയോട് അപേക്ഷിച്ചു. ആറ് മാസമായി താൻ അച്ഛനും അമ്മയും ഉൾപ്പെടെയുള്ള കുടുംബത്തെ കണ്ടിട്ട്.
പ്രജ്വലിന്റെ പിതാവ് രേവണ്ണയുടെ ഫാം ഹൗസിൽ ജോലി ചെയ്തിരുന്ന സ്ത്രീയെ 2021 മുതൽ തുടർച്ചയായി ബലാത്സംഗം ചെയ്തെന്നും വിവരം പുറത്തുപറഞ്ഞാൽ പീഡനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും പ്രജ്വൽ ഭീഷണിപ്പെടുത്തിയിരുന്നെന്നും കോടതി കണ്ടെത്തി. ജൂലൈ 18നാണ് കേസിൽ വാദം കേൾക്കൽ പൂർത്തിയാക്കിയത്. തുടർന്ന് വിധി പറയുന്നത് ജൂലൈ 30ലേക്ക് മാറ്റുകയായിരുന്നു. വിചാരണ വേളയിൽ, പ്രതി പ്രജ്വൽ രേവണ്ണയെയും 26 സാക്ഷികളെയും കോടതി വിസ്തരിച്ചു.
തുടർന്ന് ബലാത്സംഗം, ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, സ്വകാര്യ ചിത്രങ്ങൾ നിയമവിരുദ്ധമായി പ്രചരിപ്പിക്കൽ തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തുകയായിരുന്നു. പ്രജ്വൽ ഉൾപ്പെട്ട 2000-ത്തിലധികം അശ്ലീല വിഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് കർണാടക ജെഡിഎസിനെ പിടിച്ചുകുലുക്കിയ വിവാദത്തിന് തുടക്കമിട്ടത്. ഏകദേശം 2,000 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചത്. 2024 ഡിസംബർ 31-ന് കേസിൽ വിചാരണ ആരംഭിച്ചു. തുടർന്നുള്ള ഏഴ് മാസങ്ങളിൽ, കോടതി 23 സാക്ഷികളെ വിസ്തരിക്കുകയും വീഡിയോ ക്ലിപ്പുകളുടെ ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ടുകളും കുറ്റകൃത്യം നടന്ന സ്ഥലത്തെ പരിശോധനാ റിപ്പോർട്ടുകളും വിലയിരുത്തുകയും ചെയ്തു.