ഇടുക്കി: മദ്യലഹരിയിൽ അതിഥി തൊഴിലാളിയെ മർദിച്ച് പണം തട്ടാനും മദ്യപാനത്തിന് പണം കണ്ടെത്താൻ ലോഡ്ജുകളിൽ കയറി പരിശോധന നടത്തുകയും ചെയ്ത നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

നെടുങ്കണ്ടം പച്ചടി സ്വദേശികളായ പള്ളിക്കടവിൽ അനൂപ്, പുൽപ്പാറ പുത്തൻ വീട്ടിൽ സവിൻ, തെക്കേപറമ്പിൽ മഹേഷ്, ആറാട്ടുചാണിൽ ആഷിൻ എന്നിവരാണ് പിടിയിലായത്. കുമളിയിലെ ബാറിൽ കയറി മദ്യപിച്ച ശേഷം പുറത്തിറങ്ങിയപ്പോൾ സമീപത്തെ മത്സ്യ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളി ബിയറുമായി വരുന്നത് പ്രതികൾ കണ്ടു. ബിയർ തങ്ങൾക്ക് നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. തൊഴിലാളി ഇതിനു വഴങ്ങാതെ കടയിലേക്ക് കയറിപ്പോയി.

പിന്നാലെയെത്തിയ നാലംഗ സംഘം തൊഴിലാളിയെ കടക്കുള്ളിലിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് മദ്യപിക്കാൻ പണം കണ്ടെത്താൻ എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് കുമളിയിലെ ലോഡ്ജിൽ കയറി വാടകയ്ക്ക് താമസിക്കുന്നവരുടെ മുറികളിൽ പരിശോധന നടത്തി. 1250 രൂപ ഒരാളുടെ ബാഗിൽ നിന്നും എടുക്കുകയും ചെയ്തു.

പുറത്തു പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ലോഡ്ജിൽ നിന്ന് കടന്നു കളയുകയായിരുന്നു.മത്സ്യ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയപ്പോഴാണ് എക്സൈസ് ഉദ്യോഗസ്ഥരെന്ന പേരിൽ നാലുപേർ ലോഡ്ജിൽ അക്രമം നടത്തിയ കാര്യം പുറത്തറിയുന്നത്.

തുടർന്ന് കുമളി ഒന്നാംമൈലിലെ കടകളിൽ ജോലി ചെയ്തിരുന്ന ഇവരെ പിടികൂടുകയായിരുന്നു. കുമളി എസ്.എച്ച്.ഒ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.