കൊച്ചി: അസർബേജാനിലേക്ക് ഹെൽപ്പർ തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി വഞ്ചിച്ചുവെന്ന് ആരോപിച്ച് ഉദ്യോഗാർഥി നൽകിയ പരാതിയിൽ റിക്രൂട്ട്മെന്റ് സ്ഥാപന് ഉടമയടക്കം നാലു പോലെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. രവിപുരം കുരിശുപള്ളി റോഡിൽ തറക്കണ്ടം ബിൽഡിങ്സിൽ കോട്ടുരാൻസ് റ്രിക്രൂട്ടിങ് ഏജൻസി നടത്തുന്ന കോഴഞ്ചേരി സ്വദേശി വിപിൻ വർഗീസ്, സഹായികളായ ഷാദുലി, തിള്ളെ സെൽവൻ, നന്ദു എന്നിവരാണ് അറസ്റ്റിലായത്.

കോന്നി സ്വദേശിയായ ഉദ്യോഗാർഥിയുടെ പരാതിയിലാണ് അറസ്റ്റ്. എമിഗ്രേഷൻ ആക്ട് 1983 ലെ 10,24 വകുപ്പുകൾ കൂടി ചേർത്ത് എടുത്ത കേസിൽ നാലു പേരെയും കോടതി റിമാൻഡ് ചെയ്തു. അസർബേജാൻ അടക്കം വിദേശരാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തി ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടിയ കേസിൽ അറസ്റ്റിലായ വലിയൊരു തട്ടിപ്പ് സംഘത്തിൻെ്റ കണ്ണിയാണ് ഇവരെന്ന് പൊലീസിന് വിവരം ലഭിച്ചു. നേരത്തേ സമാന തട്ടിപ്പ് നടത്തിയതിന് മൂവാറ്റുപുഴ, കാലടി എന്നീ സ്റ്റേഷനുകളിൽ അടക്കം രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളായിട്ടുള്ള ആദം ജോൺ, സത്യജ ശങ്കർ, മേരി സാബു, ജോസഫ് ജോഗി എന്നിവരുടെ സംഘത്തിൽപ്പെട്ടവരാണ് വിപിൻ വർഗീസും സഹായികളും എന്നാണ് വിവരം.

ഈ പ്രതികൾ നേരത്തേ സമാന കേസുകളിൽ അറസ്റ്റിലായപ്പോൾ ജാമ്യത്തിൽ ഇറക്കാൻ ചെന്നത് വിപിൻ വർഗീസ് ആയിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു. മഹാരാഷ്ട്ര സ്വദേശി കിഷോർ ചൗധരിയാണ് ജോലി തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ. ഇയാളെ കാലടി പൊലീസ് മുംബൈയിൽ എത്തി സാഹസികമായി കീഴടക്കുകയായിരുന്നു. കാലടി, മൂവാറ്റുപുഴ, പാലക്കാട് കൊങ്ങാട്, ആലപ്പുഴ തൃക്കുന്നപ്പുഴ, ആദൂർ, പെരുമ്പാവൂർ, ചാലക്കുടി, കരിങ്കുന്നം, കൊച്ചി ഇൻഫോപാർക്ക്, ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ പാലക്കാട് എന്നിവിടങ്ങളിലാണ് ഈ സംഘത്തിൽപ്പെട്ടവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച കോട്ടുരാൻസ് എന്ന തന്റെ സ്ഥാപനത്തിൽ അസർബേജാനിലേക്ക് ഹെൽപ്പർ തസ്തികയിലേക്ക് എന്ന പേരിൽ നിരവധി പേരെ ഇന്റർവ്യുവിന് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെ എത്തിയപ്പോൾ തട്ടിപ്പാണെന്ന് മനസിലാക്കി കോന്നി സ്വദേശി നൽകിയ പരാതിയിൽ ആണ് എമിഗ്രേഷൻ ആക്ട് കൂടി ചേർത്ത് പ്രതികളെ റിമാൻഡ് ചെയ്തത്. ഇവരുടെ തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ പരാതികൾ പൊലീസിന് ലഭിച്ചുവെന്നാണ് സൂചന.