- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ക്ഷേത്രത്തിലേക്കുള്ള വഴിമധ്യേ കാണാതായി; ഹെലികോപ്ടറുകൾ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നാല് ദിവസമായി തിരച്ചിൽ; അവസാനമായി കണ്ടത് ബർഗർ ഔട്ട്ലെറ്റിൽ; അമേരിക്കയിൽ കാണാതായ നാല് ഇന്ത്യൻ വംശജർ കാർ അപകടത്തിൽ മരിച്ച നിലയിൽ
പെൻസിൽവാനിയ: വെസ്റ്റ് വിർജീനിയയിലെ ക്ഷേത്രത്തിലേക്കുള്ള വഴിമധ്യേ കാണാതായ നാല് ഇന്ത്യൻ വംശജരെ കാർ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാർഷൽ കൗണ്ടി ഷെരീഫ് മൈക്ക് ദോഗർട്ടി മരണം സ്ഥിരീകരിച്ചത്. ഇന്ത്യൻ വംശജരായ നാല് മുതിർന്ന പൗരന്മാരാണ് അപകടത്തിൽ മരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. ഞായറാഴ്ചയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശാ ദിവാൻ (85), കിഷോർ ദിവാൻ (89), ശൈലേഷ് ദിവാൻ (86), ഗീതാ ദിവാൻ (84) എന്നിവരാണ് മരിച്ചത്.
ജൂലൈ 29ന് പെനിസിൽവാനിയയിലെ പീച്ച് സ്ട്രീറ്റിലെ ബർഗർ കിംഗ് ഔട്ട്ലെറ്റിലാണ് ഇവരെ അവസാനമായി കണ്ടത്. വെസ്റ്റ് വിർജീനിയയിലെ മാർഷൽ കൗണ്ടിയിലുള്ള ബഫല്ലോയിൽ നിന്ന് പ്രഭുപാദരുടെ പാലസ് ഓഫ് ഗോൾഡിലേയ്ക്ക് പോവുകയായിരുന്നു നാലുപേരും. ന്യൂയോർക്ക് ലൈസൻസുള്ള ടൊയോട്ട കാറിലായിരുന്നു യാത്ര. ജൂലൈ 29ന് പാലസ് ഓഫ് ഗോൾഡിൽ എത്തേണ്ടിയിരുന്ന മുതിർന്ന പൗരന്മാർ ഇവിടെ എത്തിയിരുന്നില്ല. തുടർന്ന് ഹെലികോപ്ടറുകൾ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിലുകൾ നടത്തിയിരുന്നു. തിരച്ചിലിൽ ബർഗർ കടയിലെ നിരീക്ഷണ ക്യാമറകളിൽ, നാലംഗ സംഘത്തിലെ രണ്ടു പേർ റെസ്റ്റോറന്റിലേക്ക് കയറുന്നതിന്‍റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
ഇവരുടെ അവസാനത്തെ ക്രെഡിറ്റ് കാർഡ് ഇടപാടും ഇതേ സ്ഥലത്താണ് നടന്നതെന്ന് കണ്ടെത്തിയിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ ക്യാംറി ബിഗാ വീലിംഗ് ക്രീക്ക് റോഡിലാണ് അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഉൾമേഖലയിലായിരുന്നു അപകടം നടന്നത്. അഞ്ച് മണിക്കൂറിലേറെ സമയമെടുത്താണ് ഈ പ്രദേശത്തേക്ക് എത്തിച്ചേരാൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞതെന്നാണ് മാർഷൽ കൗണ്ടി ഷെരീഫ് പ്രസ്താവനയിൽ വ്യക്തമാക്കിയത്. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തി വരുന്നതായും മാർഷൽ കൗണ്ടി ഷെരീഫ് വിശദമാക്കി. ഇസ്കോൺ സ്ഥാപകനായ സ്വാമി പ്രഭുപാദ സ്ഥാപിച്ച ആരാധനാ കേന്ദ്രമാണ് പാലസ് ഓഫ് ഗോൾഡ്.