- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിന്‍ വരുന്നതുകണ്ട് ചാലക്കുടിപ്പുഴയില്‍ ചാടിയവര്‍ രക്ഷപ്പെട്ടു; നാലംഗ സംഘം വന്നത് സ്വര്‍ണ്ണ ഇടപാടിന്; മുക്കു പണ്ടം കാണിച്ച് പണം തട്ടിയെടുത്തു
തൃശ്ശൂര്‍: ട്രെയിന്‍ വരുന്നതുകണ്ട് ചാലക്കുടി റെയില്‍വെ പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ നാലുപേര്‍ രക്ഷപ്പെട്ടതായി സൂചന. ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നാലു പേര്‍ക്ക് അപകടം സംഭവിച്ചതായി ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. നാലംഗ സംഘം നീന്തിക്കയറി രക്ഷപ്പെട്ടതായാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. നാലംഗ സംഘം സ്വര്‍ണ്ണ ഇടപാടിന് എത്തിയതെന്നാണ് വിവരം. മുക്കു പണ്ടം കാണിച്ച് പണം തട്ടിയെടുത്ത് നാലംഗ സംഘം ഓടിരക്ഷപ്പെട്ടെന്നാണ് പരാതിക്കാര്‍ പൊലീസിന് മൊഴി നല്‍കിയത്.
ഏഴ് ലക്ഷം രൂപയുടെ സ്വര്‍ണ ഇടപാടിനായാണ് സംഘം എത്തിയത്. എന്നാല്‍ സ്വര്‍ണം നല്കണമെങ്കില് ആദ്യം അഡ്വാന്‍സ് നല്‍കണമെന്ന് വന്നവര്‍ നിലപാടെടുത്തു. റെയില്‍വെ ട്രാക്കിലായിരുന്നു സംഘം ഉണ്ടായിരുന്നത്. പണം ലഭിച്ചയുടനെ ഇവര്‍ മുക്കുപണ്ടം കാട്ടി. അപ്പോഴേക്കും ട്രെയിന്‍ വന്നു. നാല് ലക്ഷം രൂപയുടെ ബാഗുമായി പ്രതികള്‍ ട്രാക്കിലൂടെ ഓടി. ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ പുഴയിലേക്ക് ചാടി. കോഴിക്കോട് സ്വദേശിയുടെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയാണ് ഇവര്‍ ചാലക്കുടിയിലെത്തിയതെന്നും എന്നാല്‍ ഈ നാലംഗ സംഘത്തെ പണം നഷ്ടപ്പെട്ടവര്‍ക്ക് അറിയില്ലെന്നുമാണ് പൊലീസിന് ലഭിച്ച മൊഴി.
ട്രെയിന്‍ വന്നപ്പോള്‍ ട്രാക്കില്‍ നിന്ന് പുഴയിലേക്ക് എടുത്തുചാടിയ ഇവരെ കുറിച്ച് ലോക്കോ പൈലറ്റാണ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പുഴയില്‍ നിന്ന് നീന്തിക്കയറിയ ഇവര്‍ റെയില്‍വേ ട്രാക്ക് വഴി മുരിങ്ങൂര്‍ എത്തിയ സംഘം അവിടെ നിന്നും ഓട്ടോ പിടിച്ച് കൊരട്ടിക്ക് പോയതായി ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഴി നല്‍കിയത്. കൊരട്ടിയില്‍ നിന്ന് മറ്റൊരു ഓട്ടോറിക്ഷയില്‍ കയറിയ സംഘം അങ്കമാലി ഭാഗത്തേക്കാണ് രക്ഷപ്പെട്ടത്. പോലീസ് അന്വേഷണം അങ്കമാലി ഭാഗത്തേക്ക് വ്യാപിപ്പിച്ചു. സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ക്ക് പരിക്ക് ഉണ്ടെന്ന സംശയവും ഓട്ടോ ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ഇന്നലെ അര്‍ധരാത്രിക്ക് ശേഷം ഇതിലൂടെ കടന്നുപോയ ട്രെയിനിലെ ലോക്കോ പൈറ്റാണ് ഈ വിവരം പൊലീസിന് കൈമാറിയത്. പൊലീസും ഫയര്‍ ഫോഴ്സും നടത്തിയ തെരച്ചിലില്‍ യാതൊന്നും കണ്ടെത്താനായില്ല. ട്രാക്കിലോ സമീപത്തോ ട്രെയിന്‍ തട്ടിയെന്ന് പറയുന്നയാളെ കണ്ടെത്താനായിട്ടില്ല. ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ട്രെയിന്‍ തട്ടിയെന്ന പറയുന്നയാള്‍ ഉള്‍പ്പടെ നാലുപേരും പുഴയില്‍ വീണിട്ടുണ്ടാകമെന്ന സംശയത്തിലാണ് തെരച്ചില്‍ നടത്തിയത്.
നിലവില്‍ റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ രവിയുടെ നേതൃത്വത്തില്‍ പാലത്തില്‍ പരിശോധന നടക്കുകയാണ്. എന്നാല്‍, ഇതുവരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല. ഫയര്‍ഫോഴ്സും പുഴയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. നാലുപേര്‍ പുഴയില്‍ വീണെന്ന ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു
തിങ്കളാഴ്ച പുലര്‍ച്ചെ 1.30- ഓടെ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു സംഭവം. റെയില്‍ പാളത്തിലൂടെ നടന്നുപോയിരുന്ന നാലുപേരില്‍ ഒരാളെ ട്രെയിന്‍ തട്ടുകയും മറ്റ് മൂന്നുപേര്‍ ചാലക്കുടി പുഴയിലേയ്ക്ക് ചാടുകയും ചെയ്തതായി ലോക്കോ പൈലറ്റാണ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്.
ചാലക്കുടി റെയില്‍വെ സ്റ്റേഷനില്‍നിന്ന് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാല്‍ തിരച്ചില്‍ നടത്താനായില്ല. രാവിലെ അഗ്നിരക്ഷാസേനയും സ്കൂബാ സംഘവും സ്ഥലത്ത് തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.