- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇല്ലാത്ത കാര്യം പറഞ്ഞ് ഊമക്കത്ത് അയച്ച് ഭീഷണി; പയ്യന്നൂരിലെ യുവ വൈദികൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി; അകാലത്തിൽ പൊലിഞ്ഞത് ശ്രീകണ്ഠാപുരം സ്വദേശി ഫാദർ ആന്റണി
കണ്ണൂർ: ഇല്ലാത്ത കാര്യം പറഞ്ഞ് അപകീർത്തിപ്പെടുത്തുന്ന ഊമക്കത്ത് ലഭിച്ചതിനെ തുടർന്ന് ഇടവക അസിസ്റ്റന്റ് വികാരി ജീവനൊടുക്കി. പയ്യന്നൂർ കണ്ടോത്ത് സെന്റ് തോമസ് ദേവാലയം അസി.വികാരിയും ശ്രീകണ്ഠാപുരം ചേപ്പറമ്പ് മഞ്ഞളാം കുന്നിലെ മൂത്ത നാട്ട് അനുവെന്ന ഫാദർ ആന്റണി (38) യാണ് ജീവനൊടുക്കിയത്.
കഴിഞ്ഞ അഞ്ചിനാണ് ഇദ്ദേഹം പള്ളിയിൽ വെച്ചു എലിവിഷം കഴിച്ചത്. ഇതിനെ തുടർന്ന് യുവ വൈദികനെ കരുവഞ്ചാൽ വികാരിമാർക്കായുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നീലഗുരുതരമായതിനെ തുടർന്ന് എർണാകുളം ലിസി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കവെ ബുധനാഴ്‌ച്ച രാത്രി മരണമടയുകയായിരുന്നു.
സീറോ മലബാർ സഭയുടെ കീഴിൽ മഹാരാഷ്ട്ര നാഗ്പൂർ രൂപതയുടെ കിഴിലുള്ളതാണ് സെന്റ് തോമസ് ചർച്ച്. ഫാദർ മാത്യു ആലങ്കോട്ടാണ് വികാരി. ഇവിടെ അസി.വികാരിയായി ജോലി ചെയ്തുവരുന്ന ഫാദർ ആന്റണിയെ കുറിച്ചു ഇടവക അംഗങ്ങൾക്കെല്ലാം നല്ല അഭിപ്രായമാണ്. എന്നാൽ ഇദ്ദേഹത്തിന്റെ ചില നടപടികളോട് ഇഷ്ടമില്ലാത്ത ചിലർ കഴിഞ്ഞ കുറച്ചു കാലമായി യുവ വൈദികനെതിരെ രഹസ്യ നീക്കങ്ങൾ നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായികഴിഞ്ഞ ദിവസമാണ് തന്നെ കുറിച്ചു അപകീർത്തിക്കരമായ ചില പരാമർശങ്ങൾ അടങ്ങിയ ഒരു ഊമക്കത്ത് ഫാദർ ആന്റണിക്ക് ലഭിച്ചത്.
ഒരു സ്ത്രിയുമായുള്ള ഇല്ലാത്ത ബന്ധമാരോപിച്ചുള്ള കത്തിൽ ഇതിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അതു സമൂഹ മാധ്യമങ്ങളിൽ പ്രചരിപിക്കുമെന്നും പോസ്റ്ററായി അച്ചടിച്ചു പള്ളിയിലും പരിസര പ്രദേശങ്ങളിലും പതിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടർന്ന് ആകെ മനോ വിഷമത്തിലായിരുന്നു യുവ വൈദികൻ.
ഇതേ തുടർന്നാണ് എലിവിഷം കഴിച്ചതെന്നാണ് സൂചന. സംഭവത്തിൽ പയ്യന്നൂർ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വൈദികന് ഊമക്കത്ത് അയച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ നിരവധി കേസുകളിൽ പ്രതിയായ ആളാണ് ഇതിനു പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
ചേപ്പറമ്പിലെ ഒരു സാധാരണ കർഷക കുടുംബത്തിലെ അംഗമായാണ് ഫാദർ ആന്റണി ജനിച്ചതും വളർന്നതും. ആന്റണി - ആലീസ് ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സുബീഷ് ഫാദർ പ്രിൻസ് മുത്തനാട്ട് സംസ്‌കാര ശ്രുശ്രൂഷ നാളെ രാവിലെ ഒൻപതു മണിക്ക് മഞ്ഞളാം കുന്നിലെ വീട്ടിൽ നടക്കും. തുടർന്ന് ചേപറമ്പ് സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്