ചെങ്ങന്നൂർ: തട്ടിപ്പു കേസുകളിൽ പൊലീസിന്റെ കണ്ണ് വെട്ടിച്ച് വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. 20 വര്‍ഷത്തിന് ശേഷമാണ് പ്രതിയായ കായംകുളം പെരിങ്ങാല കലാഭവനം വിജയകുമാറിനെ (47) പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി മുങ്ങുകയായിരുന്നു. ഗസറ്റ് വിജ്ഞാപനം വഴി പേര് മാറ്റി പൊലീസിനെ കബളിപ്പിച്ച് കഴിയവെയാണ് ഇയാൾ പിടിയിലാവുന്നത്.

2003ൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന് വെണ്മണി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. വിജയകുമാർ എന്ന പേര് ഗസറ്റ് വിജ്ഞാപനം വഴി സന്തോഷ് മോഹനൻ എന്നാക്കി മാറ്റി കോയമ്പത്തൂർ, വിയ്യൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു.

ഡോ. സന്തോഷ് മേനോൻ, സന്തോഷ് തയ്യിൽ എന്നീ പേരുകളിലും ഇയാൾ അറിയപ്പെടുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. 2017ൽ വെണ്മണി പൊലീസ് സ്റ്റേഷനിൽ തന്നെ രജിസ്റ്റർ ചെയ്ത മറ്റൊരു തട്ടിപ്പു കേസിലും ഇയാൾ മുജ്തഹ്യ പ്രതിയായിരുന്നു. ഈ കേസിലും ഹാജരാകാത്തതിനെ തുടർന്നു കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ഒളിസങ്കേതത്തെക്കുറിച്ച് വിവരം കിട്ടിയതോടെ വെണ്മണി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ വെണ്മണി എസ്എച്ച്ഒ എം സി അഭിലാഷ്, എസ്ഐ നിയാസ്, സീനിയർ സിപിഒ അഭിലാഷ്, സിപിഒമാരായ ശിഹാബ്, കണ്ണൻ എന്നിവരുൾപ്പെട്ട സ്പെഷൽ സ്ക്വാഡാണ് പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയി‍ൽ ഹാജരാക്കിയ പ്രതിയെ 19 വരെ റിമാൻഡ് ചെയ്തു.