- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളനോട്ട് കൊടുക്കാമെന്ന് പറഞ്ഞ് ഒരു സംഘത്തെ പറ്റിച്ച പരുമലക്കാരൻ; ഇക്കുറി മനുഷ്യന്റെ അവയവമെന്ന് പറഞ്ഞ് തമിഴ്‌നാട്ടുകാർക്ക് നൽകിയത് വ്യാജൻ; ഉത്തമപാളയത്തിലെ മനുഷ്യാവയവ കൂടോത്രം ചീറ്റി; പുളിക്കീഴ് പൊലീസ് ചെല്ലപ്പനെ വിട്ടയച്ചു; ആട്ടിന്റെ കരളിന്റെ കഷണം കൊടുത്ത് വാങ്ങിയത് രണ്ടു ലക്ഷം: കിട്ടിയ കമ്മിഷൻ അരലക്ഷം; ചെല്ലപ്പൻ തട്ടിപ്പിന്റെ കാര്യത്തിൽ പൊന്നപ്പൻ
തിരുവല്ല: മല പോലെ വന്നത് എലി പോലെ പോയി. അവയവ കടത്ത് സംബന്ധിച്ച് തമിഴ്‌നാട്ടിലെ ടിവി ചാനലുകൾ ചർച്ച ചെയ്ത മഹാദുർമന്ത്രവാദ കഥ ഒടുവിൽ വെറും ഒരു ചീറ്റിങ് കേസായി പരിണമിച്ചു. മഹാമന്ത്രവാദി പരുമലക്കാരൻ ചെല്ലപ്പനെ അബദ്ധം പറ്റിയ തമിഴ്‌നാട് പൊലീസ് വീട്ടിലും കൊണ്ടു വിട്ടു. തമിഴ്‌നാട്ടിലെ ഉത്തമപാളയം പൊലീസ് നരബലിയും അവയവദാനവും സംശയിച്ച് കൊണ്ടുവന്ന പ്രമാദമാന കേസിന്റെ നിജസ്ഥിതി അറിഞ്ഞ് അവസാനം അന്വേഷണ സംഘം വരെ പൊട്ടിച്ചിരിച്ചു.
തമിഴ്‌നാട്ടിലെ ഉത്തമപാളയത്ത് കൂടോത്രവുമായി പൊലീസ് പിടിയിലായ രണ്ടു പേരിൽ നിന്ന് കിട്ടിയ വിവര പ്രകാരം പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പരുമല നാക്കട പാലച്ചുവട് ദീപാജങ്ഷനിൽ താമസിക്കുന്ന മഹാമന്ത്രവാദി ചെല്ലപ്പനെ പത്തനംതിട്ട ജില്ലാ സ്പെഷൽ ബ്രാഞ്ച് ഉേദ്യാഗസ്ഥർ കസ്റ്റഡയിൽ എടുത്ത വിവരം ഇന്നലെ രാത്രി മറുനാടനാണ് കേരളത്തിൽ പുറത്തു വിട്ടത്. അതിന് മുൻപ് തമിഴ്‌നാട്ടിൽ ഈ സംഭവം വലിയ ചർച്ചയായിരുന്നു. തമിഴ്ചാനലുകൾ അന്തിചർച്ചയിൽ നരബലിയും അവയവകടത്തും ഉൾപ്പെടെ ഘോരഘോരം പ്രസംഗിച്ചു.
തേനിക്ക് സമീപം ഉത്തമപാളയത്ത് പൊലീസ് വാഹനം പരിശോധിക്കുന്നതിനിടെ മൂന്നു കുപ്പിയിൽ ഇറച്ചി കണ്ടെത്തിയിരുന്നു. സംളശയം തോന്നിയ പൊലീസ് വാഹനത്തിലുണ്ടായിരുന്ന അലക്സ് പാണ്ഡ്യൻ, മുരുകൻ എന്നിവരെ കസ്റ്റഡിയിൽ എടുത്തു. കുപ്പിയുള്ളത് മനുഷ്യന്റെ കരളാണെന്നും ഇത് കേരളത്തിൽ നിന്നുള്ള മഹാമന്ത്രവാദി മന്ത്രവാദം ചെയ്ത ശേഷം തന്നതാണെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ഇത് വീട്ടിൽ വച്ചിരുന്നാൽ ഐശ്വര്യം വരുമത്രേ. തേനിയിൽ താമസിക്കുന്ന ഡേവിഡ് പ്രതാപ് സിങ് എന്ന ജയിംസ് സ്വാമിയാണ് മന്ത്രവാദിയുടെ അടുത്തുകൊണ്ടു പോയതെന്നും ഇവർ മൊഴി നൽകി. തുടർന്ന് ജയിംസ് സ്വാമിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അദ്ദേഹമാണ് മഹാമന്ത്രവാദി കേരളത്തിൽ പത്തനംതിട്ടയിൽ താമസിക്കുന്ന ചെല്ലപ്പനാണെന്ന് പറഞ്ഞു കൊടുത്തത്.
ഉടൻ തന്നെ തേനി എസ്‌പിയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും പത്തനംതിട്ട ജില്ലാ പൊലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ടു വിവരം നൽകി. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശപ്രകാരം ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പി ഡോ. ആർ. ജോസിന്റെ നേതൃത്വത്തിലുള്ള ടീം ചെല്ലപ്പനെ പരുമലയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ കൊണ്ടു വന്ന് ചോദ്യം ചെയ്തപ്പോൾ ചെല്ലപ്പൻ തത്ത പറയുന്നതു പോലെ കാര്യങ്ങൾ പറഞ്ഞു. ജയിംസ് സ്വാമി തമിഴ്‌നാട്ടുകാരെ സ്ഥിരമായി പറ്റിക്കുന്നയാളാണ്. അതിന് തന്നെയും കൂട്ടുപിടിച്ചു.
തനിക്ക് കമ്മിഷൻ തരും. നിലവിലുള്ള സംഭവം ജയിംസ് സ്വാമി രണ്ടു പേരുമായി വണ്ടിപ്പെരിയാറിലേക്ക് വരുന്നു. മൂന്നു കുപ്പിയിൽ ആടിന്റെ കരളുമായിട്ടാണ് ഇയാൾ വന്നത്. കൂടെ വന്നവർ കാണാതെ കുപ്പി ജയിംസ് ചെല്ലപ്പന് കൊടുക്കുന്നു. പുജിച്ച് മന്ത്രവാദം ചെയ്തതാണെന്ന് പറഞ്ഞ് മുന്നു കുപ്പിയും ചെല്ലപ്പൻ തമിഴ്‌നാട്ടുകാർക്ക് കൊടുക്കുന്നു. രണ്ടു ലക്ഷം രൂപ അവർ ചെല്ലപ്പന് കൈമാറുന്നു. ഇതിൽ 46,000 രൂപ ചെല്ലപ്പന് കമ്മിഷൻ ലഭിക്കുന്നു. അയാൾ അതുമായി വീട്ടിലേക്ക് പോകുന്നു.
ഇതിന് ശേഷം ജയിംസ് സ്വാമി തന്നെയാണ് മറ്റു രണ്ടുപേരെയും പൊലീസിന് ഒറ്റിയതെന്ന് പറയുന്നു. അങ്ങനെയാണ് ഉത്തമപാളയം പൊലീസ് ഇവരുടെ വാഹനം കൃത്യമായി കണ്ടെത്തിയത്. അവിടെ നിന്നുള്ള പൊലീസ് രാത്രിയിൽ പുളിക്കീഴിൽ എത്തിയപ്പോഴേക്കും ഫോറൻസിക് പരിശോധനാ ഫലവും വന്നു. കുപ്പിയിലുള്ളത് ആടിന്റെ കരളാണ്. ഇവിടെ എത്തിയ സംഘം ചെല്ലപ്പനെ വീട്ടിൽ കൊണ്ടു വിട്ടു. എപ്പോൾ വിളിച്ചാലും ഹാജരാകണമെന്ന് കാട്ടി നോട്ടീസും നൽകി അവർ മടങ്ങി.
ചെല്ലപ്പൻ തട്ടിപ്പിന്റെ കാര്യത്തിൽ പൊന്നപ്പൻ..കള്ളനോട്ട് കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി
ചെല്ലപ്പൻ തട്ടിപ്പിന്റെ കാര്യത്തിൽ പൊന്നപ്പനാണ്. കള്ളനോട്ട് കൊടുക്കാമെന്ന് പറഞ്ഞ് മറ്റൊരു സംഘത്തെ നൈസായി തേച്ചയാളാണ് ചെല്ലപ്പൻ. ഇരുപത് വർഷത്തോളം മുൻപ് പന്തളം സ്റ്റേഷൻ അതിർത്തിയിൽ വച്ചായിരുന്നു സംഭവം. അന്ന് പന്തളം എസ്ഐയായിരുന്നു ഇപ്പോഴത്തെ ചെല്ലപ്പൻ ഓപ്പറേഷന് നേതൃത്വം നൽകിയ ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പി ആർ. ജോസ്. കള്ളനോട്ട് കൈമാറുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെല്ലപ്പനെയും സംഘത്തെയും പൊക്കിയ പന്തളം പൊലീസ് ഞെട്ടി.
സിനിമയിൽ കാണുന്നതു പോലെയുള്ള നോട്ടുകെട്ട്. മുകളിലും താഴെയും മാത്രം നൂറിന്റെ നോട്ട്. ബാക്കി മുഴുവൻ അതേ വലിപ്പത്തിൽ കട്ട് ചെയ്ത വെള്ളപേപ്പർ വച്ച് റബർ ബാൻഡും ഇട്ടിരിക്കുന്നു. ഇത്തരം തട്ടിപ്പുകളിൽ ഉസതാദായ മഹാമാന്ത്രികൻ ചെല്ലപ്പനെതിരേ ഇപ്പോളുള്ളത് ഒരു ചീറ്റിങ് കേസ് മാത്രം. ഏറ്റവും ചമ്മിയത് മനുഷ്യന്റെ കരൾ കടത്താൻ ശ്രമിച്ച സംഘം പിടിയിലായതിനെപ്പറ്റി വാർത്ത നൽകിയ തമിഴ്‌വാർത്താ ചാനലുകളാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്