കണ്ണൂർ: കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ ട്രിപ്പുവിളിച്ച് ഡ്രൈവർമാരോട് പണം കടംവാങ്ങി മുങ്ങുന്ന തട്ടിപ്പുകാരൻ വിലസുന്നു. ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പല പേരുകളിലാണ് തട്ടിപ്പുകാരൻ അറിയപ്പെടുന്നത്.

കേന്ദ്രസർക്കാർ സർവീസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നും കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയതാണെന്നും ഔദ്യോഗിക ആവശ്യങ്ങൾക്കായി തനിക്ക് ചിലരെ കാണാനുള്ളതു കൊണ്ടു കൂടെ വരണമെന്ന് പറഞ്ഞാണത്രെ ഇയാൾ ടാക്സി ഡ്രൈവർമാരെ വലയിലാക്കുന്നത്. ഇങ്ങനെ കെണിയിൽ വീഴ്‌ത്തുന്നവരെ യാത്രയ്ക്കിടെയിൽ തന്റെ കൈയിൽ പണമില്ലെന്നും ഗൂഗിൾ പേയിലൂടെ ടാക്സി കാശടക്കം തരാമെന്നുമൊക്കെ പറഞ്ഞ് ഇയാൾ കടമായി പണം വാങ്ങി ഇറങ്ങിപോവുകയും ടാക്സി ഡ്രൈവർമാരെ പെരുവഴിയിലാക്കി മുങ്ങുകയുമാണ് ചെയ്യുന്നത്.

ഏറെ നേരം കാത്തിരിന്നിട്ടും തട്ടിപ്പുകാരൻ തിരിച്ചുവരാത്തതിനെ തുടർന്നാണ് പലരും തങ്ങൾ വഞ്ചിക്കപ്പെട്ടതായി മനസിലാക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിന്റെ തൊട്ടടുത്ത ടൗണായ ചാലോടിൽ നിന്നും ടാക്സി ഓടിക്കുന്ന രണ്ടുപേരാണ് ഇത്തരത്തിൽ ഇയാളുടെ വഞ്ചനനയ്ക്കിരയായത്. കാഴ്ചയിൽ മാന്യമായ വസ്ത്രധാരണവും കുലീനമായ സംസാരരീതിയുമായി കടന്ന് വരുന്ന ഇയാൾ യാത്രക്കിടയിൽ ഡ്രൈവർമാരുടെ വിശ്വാസം നേടുകയും തുടർന്ന് എന്തെങ്കിലും അത്യവശ്യം പറഞ്ഞ് പൈസ കടം വാങ്ങി മുങ്ങുകയുമാണ് ചെയ്യുന്നത്.

ചാലോട് സ്റ്റാൻഡിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ പി.പി ബാലകൃഷ്ണന് നഷ്ടപ്പെട്ടത് 9,500 രൂപയാണെങ്കിൽ കുറ്റിയാട്ടൂർ വടുവൻകുളം സ്വദേശി പി.കെ ധനേഷിന് നഷ്ടപ്പെട്ടത് 11,600 രൂപയാണ്. രണ്ട് പേരും ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളുടെ തട്ടിപ്പിനിരയായി നിരവധി ഡ്രൈവർമാർക്ക് പണം നഷ്ടപ്പെട്ടതായി വിവരമുണ്ട്. എന്നാൽ മാനക്കേടുകൊണ്ടു പലരും പരാതി നൽകിയിട്ടില്ലെന്നാണ് വിവരം.തട്ടിപ്പുകാരനായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.