- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ വൈദ്യുതി ബിൽ അടച്ചിട്ടില്ല; ഇന്ന് രാത്രി വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരിക്കാൻ താഴെപ്പറയുന്ന നമ്പരിൽ വിളിക്കുക; വിളിച്ചാൽ സംസാരിക്കുന്നത് ഇംഗ്ലീഷിൽ; അവർ പറയുന്നത് കേട്ട് പ്രവർത്തിച്ചാൽ പണം നഷ്ടമാകും; കെഎസ്ഇബിയുടെ പേരിൽ പുതിയ തട്ടിപ്പുമായി ഉത്തരേന്ത്യൻ സംഘം
പത്തനംതിട്ട: കെഎസ്ഇബിയുടെ പേരിൽ പുതിയ തട്ടിപ്പുമായി ഉത്തരേന്ത്യൻ സംഘം. വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ ഇന്ന് രാത്രി നിങ്ങളുടെ വൈദ്യുതി കണക്ഷൻ വിഛേദിക്കുമെന്നും അതൊഴിവാക്കാൻ 7670853850 എന്ന നമ്പരിൽ വിളിക്കണമെന്നുമുള്ള സന്ദേശം അയയ്ക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ഈ നമ്പരിലേക്ക് വിളിച്ചാൽ ഇംഗ്ലീഷിലുള്ള മറുപടിയാകും ലഭിക്കുക. ഇങ്ങനെ വിളിക്കുന്നവരോട് ക്വിക് സപ്പോർട്ട എന്ന പേരിലുള്ള ആപ്പ് ഡൗൺലോഡ് ചെയ്യാനാണ് ഇവർ നിർദ്ദേശിക്കുന്നത്.
പത്തനംതിട്ടയിലെ വിവരാവകാശ പ്രവർത്തകനായ മനോജിന് ഇങ്ങനെ ഒരു സന്ദേശം ലഭിച്ചു. തുടർന്ന് അതിൽ പറഞ്ഞിരിക്കുന്ന 7670853850 എന്ന നമ്പരിലേക്ക് അദ്ദേഹം വിളിച്ചു. ആദ്യം വിളിച്ചപ്പോൾ എൻഗേജ്ഡ് ആയിരുന്നു. ഐ വിൽ കാൾ യു ലേറ്റർ എന്നൊരു സന്ദേശം ഫോണിലേക്ക് വന്നു. തുടർന്ന് തിരികെ വിളിച്ചു. വെൽകം ടു കെഎസ്ഇബി ഇലക്ട്രിസിറ്റി ഓഫീസ് എന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം സംഭാഷണം തുടങ്ങുന്നത്. ബിൽ അടച്ചില്ല എന്നൊരു സന്ദേശം കിട്ടിയിരുന്നു. അതനുസരിച്ചാണ് വിളിക്കുന്നത് എന്ന് പറഞ്ഞപ്പോൾ കൺസ്യൂമർ നമ്പർ ചോദിക്കും. അത് പറഞ്ഞു കൊടുത്ത് കഴിയുമ്പോൾ കൗണ്ടറിലാണോ ഓൺലൈൻ വഴിയാണോ ബിൽ അടച്ചത് എന്ന് ചോദിക്കും. ഓൺലൈൻ വഴിയാണെന്ന് പറഞ്ഞാൽ നിങ്ങളുടെ ബിൽ ഇവിടെ ലഭിച്ചിട്ടില്ലെന്നും പേമെന്റ് ഗേറ്റ് വേയിലെ തകരാറാണെന്നും പറയും. അതിന് ശേഷം അഞ്ചു മിനുട്ടു കൊണ്ട് ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ക്വിക്ക് സപ്പോർട്ട് എന്ന ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഇത്രയുമായപ്പോൾ സംശയം തോന്നിയതിനാൽ മനോജ് കാൾ കട്ട് ചെയ്യുകയായിരുന്നു.
ട്രൂകോളറിൽ കെഎസ്ഇബി ഇലക്ട്രിക്ക് ബിൽ ഡിപ്പാർട്ട്മെന്റ് എന്നാണ് പ്രത്യക്ഷപ്പെടുക. ഇവരെ വിളിക്കുമ്പോൾ കന്നഡയിലോ തെലുങ്കിലോ ഉള്ള ബിസി സന്ദേശമാണ് ലഭിക്കുന്നത്. നിരവധിപ്പേർക്ക ഇത്തരം സന്ദേശം ചെന്നിട്ടുണ്ട്. സന്ദേശം ലഭിച്ച മനോജ് ആകട്ടെ ആദ്യം പത്തനംതിട്ട കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് വിളിച്ച് തങ്ങൾക്ക് ബിൽ കുടിശിക ഇല്ലെന്ന് ഉറപ്പു വരുത്തിയിരുന്നു. ഇന്നീ വിവരം ചോദിച്ച് വിളിക്കുന്ന ആറാമത്തെയാളാണ് താങ്കൾ എന്നും അവിടെ നിന്ന് അറിയിച്ചു.
മറ്റു പലർക്കും ഇത്തരം സന്ദേശം ചെല്ലുന്നതായി സാമൂഹിക മാധ്യമങ്ങളിൽ കാണുന്നുണ്ട്. ഇത്തരക്കാരുടെ കെണിയിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന സന്ദേശമാണ് കെഎസ്ഇബി നൽകുന്നത്. ബിൽ കുടിശികയുടെ പേരിൽ ആരും വിളിക്കില്ല എന്നും അവർ പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്