- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കടം വാങ്ങിയ പണം തിരികെ നൽകിയില്ലെങ്കിൽ വിവാഹ ചടങ്ങ് തടസ്സപ്പെടുത്തുമെന്ന് ഭീഷണി; മംഗല്യത്തിന് മണിക്കൂറുകൾക്ക് മുൻപ് സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; വിവാഹപ്പന്തലിൽ എത്തേണ്ട വരൻ ജയിലഴികൾക്കുള്ളിൽ

ബീഡ്: മഹാരാഷ്ട്രയിലെ ബീഡിൽ വിവാഹത്തലേന്ന് വരൻ സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കടം വാങ്ങിയ ഒന്നര ലക്ഷം രൂപ തിരികെ ചോദിച്ചതും വിവാഹ ചടങ്ങ് തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. ഷിരൂർ കസാർ താലൂക്കിലെ ഖോക്കർമോഹ് ഗ്രാമത്തിന് പുറത്തുള്ള വിജനമായ സ്ഥലത്ത് തിങ്കളാഴ്ച രാവിലെയാണ് ചന്ദ് എന്ന ഗുഡ്ഡു തംബോലിയുടെ (30) മൃതദേഹം കണ്ടെത്തിയത്.
പോലീസ് അന്വേഷണത്തിൽ ചന്ദ് തന്റെ സുഹൃത്തായ അതീഖ് തംബോലിക്ക് ഒന്നര ലക്ഷം രൂപ കടം നൽകിയിരുന്നതായി കണ്ടെത്തി. ഈ പണം അതീഖ് തിരികെ നൽകിയിരുന്നില്ല. പണം നൽകിയില്ലെങ്കിൽ തിങ്കളാഴ്ച നടക്കാനിരിക്കുന്ന അതീഖിന്റെ വിവാഹ വേദിയിലെത്തി ബഹളമുണ്ടാക്കുമെന്ന് ചന്ദ് ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹ ദിവസം സമൂഹത്തിന് മുന്നിൽ അപമാനിക്കപ്പെടുമെന്ന് ഭയന്ന അതീഖ്, സുഹൃത്തിനെ വകവരുത്താൻ പദ്ധതിയിടുകയായിരുന്നു.
ഞായറാഴ്ച രാത്രി അതീഖ് സുഹൃത്തിനെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിൽ പോയി. തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സാങ്കേതിക നിരീക്ഷണത്തിന്റെയും പ്രാദേശിക വിവരങ്ങളുടെയും അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രി വൈകി ബീഡ് നഗരത്തിൽ നിന്ന് അതീഖിനെ പോലീസ് പിടികൂടി. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.


