തൃശൂർ: വൻലാഭം, തുക ഇരട്ടിപ്പ് ഇതൊക്കെ കേട്ടാൽ, ഉടൻ ചാടി വീഴുന്ന പ്രകൃതമാണ് മലയാളികൾക്ക് എന്നുപറഞ്ഞാൽ തെറ്റുപറയാൻ സാധിക്കില്ല. ആടു, തേക്ക് മാഞ്ചിയം മുതൽ, മണി ചെയിനും, ക്രിപ്‌റ്റോ കറൻസിയും അടക്കം പച്ചില പോലെ കാട്ടി വിളിച്ചപ്പോൾ പെട്ടുപോയി കുത്തുപാള എടുത്തവർ എത്രയോ. തൃശൂർ വടക്കാഞ്ചേരി മലാക്ക കണ്ടരത്ത് രാജേഷ് മലാക്ക എന്ന കെ ആർ രാജേഷും(46) എളുപ്പം കാശുണ്ടാക്കാനുള്ള വിദ്യ കാട്ടിയാണ് ആളെ പിടിച്ചത്. ടോൾ ഡീൽ വെഞ്ചേഴ്‌സ് എൽ.എൽ.പി, ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്നീ മണിചെയിൻ സ്ഥാപനങ്ങളുടെ പേരിൽ തൃശൂർ കേന്ദ്രമാക്കി വീണ്ടും തട്ടിപ്പ് നടത്തിയ പ്രതികളെ പൊലീസ് പിടികൂടുമ്പോൾ പുറത്തു വരുന്നത് തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന കഥകൾ. രാജേഷ് മലാക്കയെ കൂടാതെ, സ്ഥാപനത്തിന്റെ പ്രോമോട്ടർ തൃശൂർ അരണാട്ടുകര പല്ലിശ്ശേരി വീട്ടിൽ ഷിജോ പോളും (45 ) തൃശൂർ പൊലീസിന്റെ പിടിയിലായി. ഒരാൾ ഡയറക്ടറും മറ്റൊരാൾ കമ്പനി പ്രൊമോട്ടറുമായിരുന്നു.

രാജേഷും ഷിജോയും ആയിരത്തിലേറെപ്പേരിൽ നിന്ന് അഞ്ഞൂറ് കോടി നിക്ഷേപം തട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തൃശൂർ ഈസ്റ്റ്, വെസ്റ്റ് പൊലീസ് സംഘങ്ങൾ സംയുക്തമായി നടത്തിയ ഓപ്പറേഷനെ തുടർന്ന് കോയമ്പത്തൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കോയമ്പത്തൂരിലെ ജനവാസകേന്ദ്രത്തിലെ ആഡംബര ഒളിത്താവളത്തിലായിരുന്നു ഇരുവരും.

എന്നാൽ തോക്ക് ധാരിയായ സുരക്ഷാ ജീവനക്കാരുണ്ടായിരുന്നതിനാൽ പ്രതികളെ പിടികൂടുന്നത് ശ്രമകരമായിരുന്നു. സ്ഥാപനത്തിൽ നിക്ഷേപം നടത്തി 55,000 രൂപ നഷ്ടപെട്ടുവെന്ന പഴുവിൽ സ്വദേശിയുടേയും, പലതവണകളിലായി 1,11,000 രൂപ കഴിഞ്ഞവർഷം തട്ടിയെടുത്തുവെന്ന കല്ലൂർ സ്വദേശിയുടേയും പരാതിയിലാണ് അറസ്റ്റ്. സമാനമായ രീതിയിൽ വിവിധ പദ്ധതികളിലേക്ക് ആകർഷിച്ച് കോടിക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തതായും പൊലീസ് സംശയിക്കുന്നു. തട്ടിപ്പിനായി വിവിധ തരത്തിലുള്ള വെബ്സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ഇ മെയിൽ വിലാസങ്ങൾ എന്നിവ സൃഷ്ടിച്ചതായി അന്വേഷണത്തിൽ അറിവായിട്ടുണ്ട്.

പുതിയ നിക്ഷേപകരെ കണ്ടെത്താൻ ഇവർ വലിയ ഹോട്ടലുകളിലാണ് മീറ്റിങ്ങുകൾ സംഘടിപ്പിച്ചിരുന്നത്. ഇവരെ അറസ്റ്റ് ചെയ്തതറിഞ്ഞ് കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി നിക്ഷേപകരാണ് പൊലീസിനെ ബന്ധപ്പെടുന്നത്. നിക്ഷേപം കൊണ്ട് സ്ഥലം വാങ്ങിയതായും ദുബായിൽ എട്ട് സ്ഥലങ്ങളിലായി കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയതായും പൊലീസ് കണ്ടെത്തി. വടകരയിൽ ജുവലറി നടത്താനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു പിടിയിലായത്.

സ്ഥാപനത്തിന്റെ മറ്റു പ്രൊമോട്ടർമാരായ മലപ്പുറം കാളിക്കാവ് പാലക്കാതൊടി മുഹമ്മദ് ഫസൽ, തൃശൂർ പെരിങ്ങോട്ടുക്കര കുന്നത്തു പടിക്കൽ കെ.ആർ പ്രസാദ്, എരുമപ്പെട്ടി ഷങ്കേരിക്കൽ ലിജോ എന്നിവർ അടക്കം അഞ്ചുപേർക്കെതിരെയാണ് കേസ്. തൃശൂർ വെസ്റ്റ്, ഈസ്റ്റ്, കൊല്ലം, പാലക്കാട് , നെടുപുഴ മലപ്പുറം സ്റ്റേഷനുകളിലായി നൂറോളം കേസുകളുണ്ട്.

കോടീശ്വരന്മാരെ സൃഷ്ടിക്കുന്ന മറിമായം

കോട്ടും സൂട്ടുമൊക്കെ അണിഞ്ഞ് സ്റ്റൈലായി മാത്രമേ നിക്ഷപകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയുള്ളു. താമസം ആഡംമ്പര ഹോട്ടലുകളിലും റിസോർട്ടുകളിലും .സഞ്ചാരം കോടികൾ വിലമതിക്കുന്ന വാഹനങ്ങളിൽ. ഉല്ലസിക്കാൻ കൂട്ടാളികൾക്കൊപ്പം ഡിജെ പാർട്ടികളിൽ ആടിതിമിർക്കുന്നതും പതിവ്. വാതുറന്നാൽ പുറത്തുവരുന്നത് താൻ സൃഷ്ടിച്ച ലക്ഷാധിപന്മാരെയും കോടിശ്വരന്മാരെക്കുറിച്ചുള്ള സ്ഥിതി വിവരകണക്കുകൾ-രാജേഷ് മലാക്ക ഇങ്ങനെയൊക്കെയായിരുന്നു.

ഇന്നലെ തൃശൂരിൽ സാമ്പത്തീക തട്ടിപ്പിന് അറസ്റ്റിലായ മലാക്ക രാജേഷിന്റെ ലൈഫ് സ്റ്റൈലിനെക്കുറിച്ച് തട്ടിപ്പിനിരായവർ പങ്കുവയ്ക്കുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. രാജേഷും കൂട്ടാളികളും തട്ടിപ്പിലൂടെ സ്വന്തമാക്കിയ കോടികൾ ആഡംമ്പര ജീവതത്തിനായി ചിലവഴിക്കുകയായിരുന്നെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. തൃശൂർ ഈസ്റ്റ് സി ഐയാണ് പരാതിയുടെ അടിസ്ഥാനത്തിൽ ഒളിവിലായിരുന്ന രാജേഷിനെ കോയമ്പത്തൂരിൽ നിന്നും പിടികൂടിയത്.

''എന്നോട് ചേർന്നു നിന്നിരുന്നവർ എല്ലാം കോടീശ്വരന്മാരാണ്. ഈശ്വരനു തുല്യമായ വാക്കാണ് ഈ പറയുന്നത്. 200 കോടീശ്വരന്മാരെ സൃഷ്ടിച്ച ശേഷമാണ് ഇതു പറയുന്നത്.'' നിക്ഷേപ തട്ടിപ്പിന് അറസ്റ്റിലായ രാജേഷ് മലാക്ക തന്റെ സ്ഥാപനത്തിൽ പണം നിക്ഷേപിക്കാൻ എത്തുന്ന ആളുകളോട് പറഞ്ഞിരുന്ന വാചകമാണ് ഇത്. ക്രിപ്‌റ്റോ കറൻസി വിനിമയത്തിലൂടെയും സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ ട്രേഡിങ് എന്നിവയിൽ നിക്ഷേപിച്ചും അതിൽ നിന്നു ലഭിക്കുന്ന പണമാണ് നിക്ഷേപത്തിന്റെ ഇരട്ടിയായി 10 മാസം കൊണ്ട് നിക്ഷേപകർക്ക് തിരിച്ചു നൽകുന്നത് എന്നാണ് ഇയാൾ വിശ്വസിപ്പിച്ചിരുന്നത്.

പുതിയ നിക്ഷേപകരെ കണ്ടെത്താൻ ഇവർ വലിയ ഹോട്ടലുകളിലാണ് യോഗങ്ങൾ സംഘടിപ്പിച്ചിരുന്നത്. മൈ ക്ലബ് ട്രേഡിങ് എന്ന മലേഷ്യൻ കമ്പനിയുടെ ശാഖ എന്ന നിലയിൽ 2021 മാർച്ചിൽ ആരംഭിച്ച സ്ഥാപനമാണ് ജൂൺ മാസം ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്നു പേരു മാറ്റിയത്. ഡോളർ നിരക്കിൽ മാത്രമാണ് ഇവർ കണക്കുകൾ അവതരിപ്പിച്ചിരുന്നത്. 750 ഡോളർ നിക്ഷേപിച്ചവർക്ക് 500 രൂപ, 1,500 ഡോളർ രൂപ നിക്ഷേപിച്ചവർക്ക് 1,000 രൂപ, 3,500 ഡോളർ നിക്ഷേപിച്ചവർക്ക് 2,500 രൂപ എന്ന ക്രമത്തിൽ ഓരോ ദിവസവും കിട്ടുന്ന തുക 210 ദിവസം കൊണ്ട് തിരിച്ച് ഒന്നിച്ച് അക്കൗണ്ടിലേക്ക് നൽകുന്നുവെന്നാണ് ഇവർ പറയുന്നത്.

ആഴ്ചയിൽ 5 ദിവസമാണ് വരുമാനം. ആയതിനാൽ 210 ദിവസത്തെ വരുമാനം കിട്ടാൻ 10 മാസം കഴിയണം. പുതിയ ആൾക്കാരെ ചേർക്കുന്നവർക്ക് അവർ നിക്ഷേപിക്കുന്ന തുകയുടെ 10% വരെ കമ്മിഷൻ ലഭിക്കുമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. 'മൈ ക്ലബ് ട്രേഡിങ്' എന്ന മലേഷ്യൻ കമ്പനിയുടെ ഡയറക്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് തൃശൂരിലെ ബിസിനസ് രാജേഷ് മലാക്ക ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്ന പേരിലേക്ക് മാറ്റിയത്.

നിക്ഷേപകരുടെ കയ്യിൽ നിന്നു പണം നേരിട്ട് വാങ്ങുന്ന ഇവർ അതിന് രസീതോ മറ്റ് രേഖകളോ നൽകിയിരുന്നില്ല. ഓരോ ആഴ്ചയിലും പലിശത്തുക കൈമാറിയിരുന്നത് വിശ്വാസ്യത വർധിപ്പിച്ചു. ഈ പണം നേരിട്ട് കൈവശം കൊടുക്കുകയാണ് പതിവ്. അക്കൗണ്ട് ഇടപാടുകൾ ഒഴിവാക്കാൻ ശ്രദ്ധിച്ചിരുന്നു. 10 എക്‌സിക്യൂട്ടീവ് ഏജന്റുമാരും അവരുടെ കീഴിൽ ആയിരത്തോളം വരുന്ന ഏജന്റുമാരും ഉണ്ടെന്നാണ് സൂചന.

ഇഷ്ടക്കാർ ഉന്നതങ്ങളിൽ

സർക്കാർ സംവിധാനത്തിന് കീഴിലെ വിവിധ വകുപ്പുകളിൽ ഉന്നതസ്ഥാനങ്ങളിൽ ഇരുപ്പുറപ്പിച്ചിട്ടുള്ളവരിൽ ചിലരൊക്കെ രാജേഷിന്റെ ഇഷ്ടക്കാരാണെന്നും സംസാരമുണ്ട. മൈ ക്ലബ്ബ് ട്രേഡിങ് എന്ന പേരിലുള്ള കമ്പനി വഴിയാണ് 8 -ാം ക്ലാസുകാരനായ രാജേഷ് കോടികളിലേയ്ക്ക് ആസ്തി ഉയർത്തുന്നതിന് തുടക്കമിട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. സമ്പാദ്യം ബിനാമി പേരുകളിലേയ്ക്ക് മാറ്റിയാണ് സൂക്ഷിച്ചിട്ടുള്ളതെന്നും അതിനാൽ തട്ടിപ്പിന്റെ പേരിൽ ഇയാളെ എളുപ്പത്തിൽ ആർക്കും തളയ്ക്കാൻ കഴിയില്ലെന്നും നിക്ഷേപകരിൽ ഒരുവിഭാഗത്തിന്റെ വിലയിരുത്തൽ.

ഇടക്കാലത്ത് മൈ ക്ലബ്ബ് ട്രേഡിങ് കമ്പിനി വഴിയുണ്ടായിരുന്ന ഇടപാടുകൾ രാജേഷ് ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലേയ്ക്ക് മാറ്റുകയായിരുന്നെന്നും അടുത്തകാലത്ത് ഈ കമ്പനിയുടെ പേരിലാണ് കൂടുതൽ തട്ടിപ്പുകൾ നടന്നതെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. വിവിധ പദ്ധതികളിലായി നിക്ഷേപിക്കുന്ന പണം ആഴ്ച-മാസ തവണകളായി 10 മാസങ്ങൾ കൊണ്ട് ഇരട്ടിയായി തിരിച്ചുനൽകുമെന്നുള്ള ഇയാളുടെയും കൂട്ടാളികളുടെയും വാഗ്ദാനത്തിൽ വിശ്വസിച്ച് പണമിറക്കിയവരാണ് ഇപ്പോൾ വെട്ടിലായിട്ടുള്ളത്.

കന്നുകാലികളെ വിറ്റും സ്ഥലവും വാഹനങ്ങളും മറ്റും പണയപ്പെടുത്തിയും വിറ്റും രാജേഷിന്റെ കമ്പനിയിൽ പണം നിക്ഷേപിച്ചവർക്ക് മുതലുപോലും നഷ്ടമായ സ്ഥിതിയാണ് നിലവിലുള്ളത്. ക്രിപ്‌റ്റോ കറൻസി വിനിമയത്തിലൂടെ സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ വ്യാപാരത്തിൽ നിക്ഷേപകരിൽ നിന്നും ലഭിക്കുന്ന പണം വിനയോഗിക്കുകയാണെന്നും ആയതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വൻ ലാഭം ലഭിക്കുമെന്നും ഇതുവഴിയാണ് നിക്ഷേപകർക്ക് 10 മാസം കൊണ്ട് തുക ഇരട്ടിയായി നൽകാൻ കഴിയുന്നതെന്നുമായിരുന്നു രാജേഷിന്റെ പ്രചാരണം.

വാങ്ങുന്ന തകയ്ക്ക് രസീതോ മറ്റ് രേഖകളോ നൽകാറില്ല.കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷനിലെ വാലറ്റിലാണ് നിക്ഷേപത്തെക്കുറിച്ചും ലാഭത്തെക്കുറിച്ചും മറ്റുമുള്ള കണക്കുവിരങ്ങൾ രാജേഷ് ഉൾക്കൊള്ളിച്ചിരുന്നത്. അക്കൗണ്ടുവഴി തുക കൈമാറിയ ചുരുക്കം ചിലർ നിയമനടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.നേരിൽ പണം കൈമാറിയവരിൽ ഏറെയും പണം വീണ്ടെടുക്കുന്നതിനുള്ള മാർഗ്ഗങ്ങളാരാഞ്ഞുള്ള നെട്ടോട്ടത്തിലാണ്.

ആകർഷകമായ ശമ്പള പാക്കേജിലാണ് രാജേഷ് ഏജന്റുമാരെ നിയോഗിച്ചിരുന്നത്.ശമ്പളത്തിന് പുറമെ ഇവർ മൂലം കമ്പനിയിലേയ്‌ക്കെത്തുന്ന നിക്ഷേപത്തിന്റെ 10 ശതമാനവും ഇവർക്ക് ലഭിച്ചിരുന്നു.ആയിരത്തോളം ആളുകളിൽ നിന്നായി കമ്പനിയുടെ പേരിൽ രാജേഷ് നിക്ഷേപം സ്വീകരിച്ചതായിട്ടാണ് അടുപ്പമുള്ള നിക്ഷേപകരിൽ ചിലർ പുറത്തുവിടുന്ന വിവരം.എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.