- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗഫൂർ ഹാജി മരണമടഞ്ഞ രാത്രിയിൽ വീട്ടിലെ സിസി ടിവി ക്യാമറ ഓഫ് ചെയ്ത നിലയിൽ; മരണകാരണം വ്യക്തമാകാൻ രാസപരിശോധനാ ഫലം വരണം; 600 പവൻ സ്വർണ്ണാഭരണങ്ങൾ പോയ വഴി കണ്ടത്താൻ ജിന്നുമ്മയുടെ വീട്ടിൽ പരിശോധനക്ക് എത്തിയപ്പോൾ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകൾ; കൂറ്റൻ മതിൽകെട്ടുള്ള ബംഗ്ലാവിൽ ദുരൂഹതയെന്ന് നാട്ടുകാർ
കാസർകോട്: കാസർകോട് പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് നടപടികൾ ഊർജിതമാക്കി. എം സി അബ്ദുൾ ഗഫൂറിനെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബേക്കൽ ഡിവൈഎസ്പി സുനിൽ കുമാറിന്റെയും ആർ.ഡി.ഒയുടെയും സാന്നിധ്യത്തിൽ പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ എസ്.ആർ. സരിത കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പ്രഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സംശയങ്ങൾ ഉണ്ടെങ്കിലും ഇത് ഉറപ്പിക്കണമെങ്കിൽ രാസപരിശോധനാ റിപ്പോർട്ട് വന്നാൽ മാത്രമേ സാധിക്കൂ.
ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് ഫൊറൻസിക് ലാബിലേക്ക് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസും. മരണമടഞ്ഞ രാത്രിയിൽ ഹാജിയുടെ വീട്ടിലുള്ള സിസിടിവി ക്യാമറ ഓഫ് ചെയ്തുവെച്ച നിലയിലായിരുന്നു. വീടിന്റെ മൂന്ന് വശത്തെ വാതിൽ തുറന്ന് കിടന്നിരുന്നു. മാത്രമല്ല, ഭാര്യയെയും മകളെയും ഹാജി അന്ന് പകൽ നേരത്ത് മേൽപ്പറമ്പിലെ അവരുടെ വീട്ടിൽ കൊണ്ടുവിടുകയും ചെയ്തിരുന്നു. ഹാജിയുടെ വീട്ടിൽ പ്രവർത്തിക്കുന്ന അഞ്ചോളം ക്യാമറകളുടെ സ്വിച്ച് ഹാജിയുടെ കിടപ്പുമുറിയിലാണ്.
ഏപ്രിൽ 13 വ്യാഴാഴ്ച പകലാണ് ഹാജി ഭാര്യയെ അവരുടെ വീട്ടിലെത്തിച്ചത്. നോമ്പായതിനാൽ വെള്ളിയാഴ്ച പുലർച്ചെ അത്താഴം കഴിക്കാൻ കാറുമായി മേൽപ്പറമ്പിലെ വീട്ടിലെത്താമെന്ന് ഹാജി ഭാര്യയോട് പറഞ്ഞുറപ്പിക്കുകയും ചെയ്തിരുന്നു. 14-ന് വെള്ളിയാഴ്ച പുലർകാലം അത്താഴത്തിനെത്താതിരുന്നതുമുതൽ ഭാര്യ തുടർച്ചായി ഹാജിയെ ഫോണിൽ വിളിച്ചുവെങ്കിലും ഇതേതുടർന്നാണ് ബന്ധുക്കൾ പലരെയും വിളിച്ച് വിവരം പറഞ്ഞതും. അവർ വെള്ളിയാഴ്ച രാവിലെ ഹാജിയുടെ വീട്ടിലെത്തിയതും.
ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ ഹാജിയുടെ വീടിന്റെ മുൻവാതിൽ അകത്തുനിന്ന് കുറ്റിയിട്ടിരുന്നില്ല. കിടപ്പുമുറിയിലെത്തിയപ്പോൾ, ഹാജി കട്ടിലിന് താഴെ നിലത്ത് മരിച്ചു കിടക്കുന്നതായാണ് കണ്ടത്. ഹാജി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടതാകാമെന്ന വിശ്വാസത്തിലാണ് ബന്ധുക്കൾ മൃതദേഹം പൂച്ചക്കാട് വലിയ പള്ളി ഖബറിടത്തിൽ മറവുചെയ്തതെങ്കിലും, ഹാജി ബന്ധുക്കൾ പലരിൽ നിന്നും വാങ്ങിയ സ്വർണ്ണ ഉരുപ്പടികൾ എങ്ങും കാണാനില്ലെന്ന് ബോധ്യപ്പെട്ടത് പിന്നീടാണ്.
ഭാര്യയോടും സ്വന്തം സഹോദരിമാരോടും മറ്റും ദിവസങ്ങൾക്ക് മുമ്പ് ഹാജി ശേഖരിച്ച മൂന്ന് കോടിയോളം രൂപ വില മതിക്കുന്ന 600 പവൻ സ്വർണ്ണാഭരണങ്ങൾ പോയ വഴികൾ നിഗൂഢത നിറഞ്ഞതാണ്. ഹാജിക്ക് സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇളയ സഹോദരൻ ഷെരീഫ് ഹാജി പറഞ്ഞു. വർഷങ്ങളായി ഗഫൂർ ഹാജിയും ഇബ്രാഹിം ഹാജിയുടെ മക്കളുമടങ്ങുന്നവർ ഷാർജയിൽ വ്യാപാരികളാണ്. അഞ്ചോളം ഷോപ്പുകൾ ഈ കുടുംബത്തിന് ഷാർജയിലുണ്ട്. ഹാജി അടുത്ത നാളുകളായി ഷാർജയിലും നാട്ടിലുമായിട്ടാണ് താമസം. ഒരു മാസത്തിനകം തിരിച്ചുതരാമെന്ന് രക്തബന്ധുക്കളായ സ്ത്രീകളോട് പറഞ്ഞിട്ടാണ് ഹാജി 600 പവൻ സ്വർണ്ണാഭരണങ്ങൾ കടമെന്ന നിലയിൽ വാങ്ങിയത്.
ഉദ്ദേശം മൂന്ന് കോടി രൂപയോളം വിലവരുന്ന സ്വർണ്ണാഭരണങ്ങൾ ഹാജി നാലു സ്ത്രീകളിൽ നിന്ന് ആവശ്യപ്പെട്ടപ്പോൾ, സ്വർണം എന്തിനാണെന്ന് ഗഫൂർ ഹാജിയിലുള്ള വിശ്വാസം ഒന്നുകൊണ്ടുമാത്രം സ്ത്രീകളാരും അങ്ങോട്ട് ചോദിച്ചിരുന്നില്ലെന്നതും സത്യമാണ്. മൃതദേഹം കബറടക്കിയ ശേഷം വീട്ടിലെത്തിയ ബന്ധുക്കളെല്ലാം ഒത്തുകൂടിയപ്പോഴാണ് 600 പവൻ സ്വർണ്ണാഭരണങ്ങൾ കാണാതായ നടുക്കുന്ന വിവരം മറ നീക്കി പുറത്തുവന്നത്.ഹാജിക്ക് അക്കൗണ്ടുകളുള്ള രണ്ട് ബാങ്കുകളിൽ വീട്ടുകാർ അന്വേഷിച്ചുവെങ്കിലും സ്വർണ്ണാഭരണങ്ങൾ ഹാജി ബാങ്കുകളിലൊന്നും പണയപ്പെടുത്തിയതായി വിവരമില്ല.
ഇതോടെയാണ് ജിന്നുമ്മ എന്ന പേരിൽ അറിയപ്പെടുന്ന ദുർമന്ത്രവാദിനി അവരുടെ ഭർത്താവ് സംശയമുള്ള രണ്ട് പേരുകൾ സൂചിപ്പിച്ച് എം.സി. ഗഫൂർ ഹാജിയുടെ മകൻ അഹമ്മദ് മുസമ്മിലാണ് പൊലീസിൽ പരാതി നൽകിയത്. പൂച്ചക്കാട് പ്രദേശത്ത് 80 ശതമാനം വീടുകളിലും താൻ സന്ദർശിക്കാറുണ്ടെന്ന ജിന്നുമ്മയുടെ ശബ്ദരേഖ കൂടി പുറത്തുവന്നതോടെ എല്ലാ കണ്ണുകളും കാതുകളും മുപ്പത്തിരണ്ടുകാരിയായ ജിന്നുമായിലും അവരുടെ കൂട്ടാളികളിലും തറച്ചുനിൽക്കുകയാണ്.
595 പവൻ കാണാതായ സംഭവത്തിൽ ജിന്നുമായുടെയും സാഹിയി അസ്നഇഫായുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി . ജിന്നുമ്മയുടെ വീട്ടിലെത്തി പൊലീസിനെ അമ്പരിപ്പിക്കുന്ന സംവിധാങ്ങളാണ് വീട്ടിൽ കാണാൻ കഴിഞ്ഞത്. ആഭിചാരക്രിയ ഒഴിച്ചിച്ചു മറ്റാര് തൊഴിലും ഇല്ലാത്ത ജിന്നുമ്മയുടെ ഉദുമ മാങ്ങാട് കൂളിക്കുന്നിലുള്ള വീടിനായി 1 കോടി രൂപയോളം ചിലവഴിച്ചു നിർമ്മിച്ച ആഡംബര സംവിധനകളാണ് കാണാൻ കഴിഞ്ഞത് . ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. മെറ്റൽ ഡിറ്റക്ടർ ഉപോയോഗിച്ചണ് വീട് പരിശോധന നടത്തിയത്.
കൂറ്റൻ മതിൽക്കെട്ടും ചുറ്റും സി.സി.ടി.വി. ക്യാമറകളും അകത്തളം അറബിക് മാതൃകയിൽ ക്രമീകരിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് മാസങ്ങൾക്ക് മുൻപാണ് നടന്നത്. ഇവിടെ നിന്ന് സ്വർണം കണ്ടത്താൻ സാധിച്ചിട്ടില്ലെങ്കിലും ചില ബാങ്ക് ഡോക്യുമെന്റ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണു പൊലീസിന്റെ നിഗമനം. നാട്ടിലെ സ്വർണം ഇരട്ടിപ്പിക്കൽ സംഘത്തെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നശേഷം കൂടുതൽ നടപടികൾക്കൊരുങ്ങുകയാണ് പൊലീസ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്