- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജൂനിയര്‍ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡംബലുകള്‍ അടുക്കി വെയ്ക്കും; 'ഞാന്‍ വട്ടം വരയ്ക്കാം' എന്നുപറഞ്ഞ് ഡിവൈഡര്‍ കൊണ്ട് വിദ്യാര്‍ഥിയുടെ വയറില്‍ കുത്തി പരിക്കേല്‍പ്പിക്കും; കുത്തി മുറിക്കുന്നത് കോമ്പസില്‍; ലോഷന്‍ ഒഴിക്കുന്നത് നിലവിളിയായി; കോട്ടയത്തേത് ഞെട്ടിക്കും റാഗിംഗ് ക്രൂരത; 'സെക്സി ബോഡി'യെന്ന് അവഹേളിക്കുന്നത് കൊടും ക്രിമിനലുകള്‍
കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിലെ റാഗിംഗ് ദൃശ്യങ്ങള്‍ പുറത്തു വരുമ്പോള്‍ ഞെട്ടി സാസ്‌കാരിക കേരളം. കോളേജ് ഹോസ്റ്റലില്‍ പരാതിക്കാരനെ കെട്ടിയിട്ട് ഉപദ്രവിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കോമ്പസ് ഉപയോഗിച്ച് ശരീരമാസകലം കുത്തുന്നുണ്ട്. സ്വകാര്യ ഭാഗത്ത് പരിക്കേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. എണ്ണിയെണ്ണിയാണ് കോമ്പസ് ഉപയോഗിച്ച് കുത്തുന്നത്. ഇതിനിടെ വിദ്യാര്‍ത്ഥി വേദനിച്ച് നിലവിളിക്കുന്നതും വ്യക്തം. കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് മര്‍ദ്ദനമുറകള്‍ക്ക് ഇരയാക്കുന്നത്. മദ്യം വാങ്ങാന്‍ 800 രൂപ നല്‍കണം. ഇല്ലെങ്കില്‍ മര്‍ദ്ദിച്ചവശരാക്കി തട്ടിപ്പറിക്കും. രാത്രി മദ്യപിച്ചെത്തി പുതിയ മര്‍ദ്ദനമുറകള്‍ തുടങ്ങും. ക്ലാസ് ആരംഭിച്ച നവംബര്‍ നാല് മുതല്‍ മര്‍ദ്ദനം പതിവാണെന്ന് കുട്ടികള്‍ പറഞ്ഞു.
മുറിവേറ്റ ഭാഗത്ത് ബോഡി ലോഷന്‍ തേച്ചതോടെയാണ് വിദ്യാര്‍ത്ഥി നിലവിളിക്കുന്നത്. ഭീകരമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പല ദൃശ്യങ്ങളും പുറത്തുപോലും കാണിക്കാന്‍ പറ്റാത്തത്ര ഭീകരമാണ്. ഗാന്ധിനഗര്‍ ഗവ. നഴ്‌സിംഗ് കോളേജ് ബോയ്‌സ് ഹോസ്റ്റലിലാണ് ഒന്നാംവര്‍ഷക്കാരായ ആറു പേര്‍ അതിക്രൂരമായ പീഡനം നേരിട്ടത്. സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പേരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ജനറല്‍ നഴ്‌സിംഗ് ഒന്നാംവര്‍ഷ ബാച്ചില്‍ ആറ് ആണ്‍കുട്ടിളേയുള്ളൂ. തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരും ഇടുക്കിയില്‍ നിന്നുള്ള ഒരാളുമാണ് ഇരകള്‍. അന്വേഷണത്തിന് കമ്മിഷനെ വച്ചതായി കോളേജ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി മാതാപിതാക്കളെ അറിയിച്ചതോടെയാണ് പുറംലോകമറിഞ്ഞത്.
ജൂനിയര്‍ വിദ്യാര്‍ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ദേഹമാസകലം ലോഷന്‍ പുരട്ടിയശേഷം ഡിവൈഡര്‍ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിദ്യാര്‍ഥിയെ ക്രൂരമായി ഉപദ്രവിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ അട്ടഹസിച്ച് ചിരിക്കുന്നതും ആനന്ദം കണ്ടെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. റാഗിങ്ങിനിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. ശരീരമാസകലം ലോഷന്‍ പുരട്ടിയ നിലയില്‍ തോര്‍ത്തുകൊണ്ട് കൈകാലുകള്‍ കെട്ടിയിട്ടനിലയിലാണ് ജൂനിയര്‍ വിദ്യാര്‍ഥി കട്ടിലില്‍ കിടക്കുന്നത്. തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ വിദ്യാര്‍ഥിയുടെ ശരീരത്തിലെ ഓരോ ഭാഗത്തും ഡിവൈഡര്‍ കൊണ്ട് കുത്തിമുറിവേല്‍പ്പിക്കുകയായിരുന്നു. വണ്‍, ടൂ, ത്രീ എന്നുപറഞ്ഞാണ് ഓരോയിടത്തും ഡിവൈഡര്‍ കൊണ്ട് കുത്തുന്നത്. ജൂനിയര്‍ വിദ്യാര്‍ഥി വേദനകൊണ്ട് നിലവിളിക്കുമ്പോള്‍ പ്രതികള്‍ അട്ടഹസിക്കുന്നതും 'സെക്സി ബോഡി'യെന്ന് പറഞ്ഞ് അവഹേളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വിദ്യാര്‍ഥി കരഞ്ഞുനിലവിളിക്കുമ്പോള്‍ വായിലും കണ്ണിലും ലോഷന്‍ ഒഴിച്ചുനല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ കണ്ണ് എരിയുന്നുണ്ടെങ്കില്‍ കണ്ണ് അടച്ചോയെന്നും സീനിയര്‍ വിദ്യാര്‍ഥികള്‍ പറയുന്നുണ്ട്. ജൂനിയര്‍ വിദ്യാര്‍ഥിയുടെ സ്വകാര്യഭാഗത്ത് ഡംബലുകള്‍ അടുക്കിവെയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുപിന്നാലെയാണ് 'ഞാന്‍ വട്ടം വരയ്ക്കാം' എന്നുപറഞ്ഞ് പ്രതികളിലൊരാള്‍ ഡിവൈഡര്‍ കൊണ്ട് വിദ്യാര്‍ഥിയുടെ വയറില്‍ കുത്തിപരിക്കേല്‍പ്പിക്കുന്നത്. ഡിവൈഡര്‍ ഉപയോഗിച്ച് വയറിന്റെ ഭാഗത്താണ് മുറിവേല്‍പ്പിച്ചത്. 'മതി ഏട്ടാ വേദനിക്കുന്നു' എന്ന് ജൂനിയര്‍ വിദ്യാര്‍ഥി കരഞ്ഞുപറഞ്ഞിട്ടും സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരത അവസാനിപ്പിക്കുന്നില്ല. വിദ്യാര്‍ഥിയെ ഉപദ്രവിച്ച് അട്ടഹസിക്കുന്നത് ഇവര്‍ തുടരുകയായിരുന്നു.
മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍ (20), കോരുത്തോട് മടുക്ക നെടുങ്ങാട് വിവേക് (21), വയനാട് പുല്‍പ്പള്ളി ഞാവലത്ത് ജീവ (19), മഞ്ചേരി ച്ചേരിപ്പടി റിജില്‍ജിത്ത് (20), വണ്ടൂര്‍ കരുമാരപ്പറ്റ രാഹുല്‍ രാജ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നഴ്‌സിംഗ് കോളേജിലെ ഹോസ്റ്റലില്‍ നിന്ന് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ പ്രതികളെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ആറ് പേരെ പ്രതികള്‍ മാസങ്ങളോളം ക്രൂരമായി റാഗിംഗ് ചെയ്തിരുന്നുവെന്നും നിരന്തരമായി വിദ്യാര്‍ത്ഥികളോട് പണം ആവശ്യപ്പെട്ടിരുന്നതായും പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയെന്നും പരാതി ഉയര്‍ന്നിരുന്നു. റാഗിംഗ് ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
ബിഎന്‍എസ് 118, 308, 351 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറഞ്ഞിരുന്നു. മൂന്ന് മാസത്തോളം പീഡനങ്ങള്‍ തുടര്‍ന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് റാഗിംഗ്. നെടുമങ്ങാട് വിനോദ് നഗര്‍ കുന്നുംപുറത്ത് പവിത്രത്തില്‍ സിദ്ധാര്‍ത്ഥിനെ (21) വയനാട് വെറ്റിനറി കോളേജിന്റെ കുളിമുറിയില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ക്യാമ്പസുകളിലെ റാഗിംഗ് കുട്ടിക്കളിയല്ലെന്ന് മനസിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. രണ്ടുവര്‍ഷം ശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ് റാഗിംഗ്.
കോളേജിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്വാഗതം ചെയ്യുന്നതിന് പല വഴികള്‍ തിരഞ്ഞെടുക്കുന്നു. ഇതാണ് പിന്നീട് റാഗിംഗ് എന്ന കുപ്രസിദ്ധമായ സമ്പ്രദായത്തിലേക്ക് നയിച്ചത്. വിദ്യാര്‍ത്ഥിക്ക് ശാരീരികമോ മാനസികമോ ആയി ദോഷം വരുത്തുന്ന ഏതു പ്രവൃത്തിയും റാഗിംഗിന്റെ പരിധിയില്‍ വരും. ഭയം, ആശങ്ക, നാണക്കേട്, പരിഭ്രമം ഉണ്ടാക്കുന്നതും കളിയാക്കല്‍, അധിക്ഷേപം, മുറിവേല്‍പ്പിക്കുന്ന പെരുമാറ്റം എന്നിവയും റാഗിംഗാണ്. 1996 നവംബര്‍ ആറിന് തമിഴ്‌നാട്ടിലെ ചിദംബരത്തുള്ള അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിലെ രാജാ മുത്തയ്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി റാഗിംഗിനെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് റാഗിംഗ് നിരോധന നിയമം 2001ല്‍ ഇന്ത്യയില്‍ പാസാക്കിയത്.
2009ല്‍ ധര്‍മ്മശാലയിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി അമന്‍ കച്റു റാഗിംഗ് മൂലം മരിച്ചത്തോടെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും റാഗിംഗ് വിരുദ്ധ നിയമം കര്‍ശനമായി പാലിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു. പക്ഷേ ഇതെല്ലാം അവഗണിച്ച് ഇപ്പോഴും റാഗിംഗ് കേരളത്തിലുണ്ടെന്നതിന് തെളിവാണ് കോട്ടയത്തെ പുതിയ കേസ്.