- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹികവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളുടെ കുഞ്ഞുങ്ങളെ കൃത്യമായ പദ്ധതിയിലൂടെ മോഷ്ടിക്കും; വിറ്റിരുന്നത് അഞ്ചുമുതല്‍ പത്ത് ലക്ഷം രുപയ്ക്ക് വരെ; പ്രതികള്‍ ഇതുവരെ വിറ്റത് 30-ഓളം കുഞ്ഞുങ്ങളെ; നവജാത ശിശുക്കളെ തട്ടിയെടുത്ത് സമ്പന്നര്‍ക്ക് വില്‍ക്കുന്ന സംഘം പിടിയില്‍; പിടികൂടിയത് 20-ഓളം ഫോണ്‍കോളുകള്‍ പരിശോധിച്ച്; സംഘ തലവനായി തിരിച്ചില്‍ ആരംഭിച്ച് പോലീസ്
ന്യൂഡല്‍ഹി: നവജാത ശിശുക്കളെ തട്ടികൊണ്ടുപോയി സമ്പന്നരിലേക്കുള്ള വ്യാജ ദത്തെടുക്കലിന് ഉപയോഗിച്ചിരുന്ന സംഘത്തിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ദ്വാരകയില്‍ നിന്നാണ് മൂന്ന് പേരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്. ഇവര്‍ കടത്താന്‍ ശ്രമിച്ച് നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ സുരക്ഷിതമായി രക്ഷിച്ചുവെന്നും പോലീസ് പറഞ്ഞു. സംഘത്തിലെ മുഖ്യപ്രതിയായ സരോജ് എന്ന സ്ത്രീ ഒളിവിലാണ്. യുവതിയെ പിടികൂടാനുള്ള തിരച്ചില്‍ ഡല്‍ഹി പോലീസ് ഊര്‍ജിതമാക്കിയതായി ഡിസിപി അങ്കിത് ചൗഹാന്‍ അറിയിച്ചു.
സംഘം പ്രധാനമായും ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി എന്‍സിആര്‍ എന്നിവിടങ്ങളിലായിരുന്നു സജീവം. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള കുഞ്ഞുങ്ങളെയാണ് ലക്ഷ്യമിട്ടത്. പ്രതികള്‍ കുഞ്ഞുങ്ങളെ മോഷ്ടിച്ച് അഞ്ച് മുതല്‍ പത്തുലക്ഷം രൂപ വരെ വിലയിട്ടാണ് ഡല്‍ഹി എന്‍സിആറിലെ സമ്പന്നര്‍ക്ക് വില്‍ക്കാറുണ്ടായിരുന്നത്. പിടിയിലായവര്‍ക്ക് ഓരോ ചുമതലകള്‍ നല്‍കിയിരുന്നു. സംഘത്തിലെ യാസ്മിന്‍, അഞ്ജലി, ജിതേന്ദ്ര എന്നിവരാണ് പിടിയിലായത്. യാസ്മിനാണ് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു വരുന്നതിന്റെ ചുമതല. അഞ്ജലി കുഞ്ഞുങ്ങളെ വില്‍ക്കുന്നവര്‍ക്ക് നല്‍കുന്നത്. ജിതേന്ദ്ര ഇടപാടുകള്‍ നടപ്പാക്കുന്നത്.
ഇതില്‍ അഞ്ജലി നേരത്തെ തന്നെ മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ പിടിയിലായിരുന്ന വ്യക്തിയാണ്. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇവര്‍ വീണ്ടും കുറ്റകൃത്യത്തിലേര്‌പ്പെട്ടത്. ഇതുവരെ 30-ലധികം കുഞ്ഞുങ്ങളെ വിറ്റതായാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഇതോടെകൂടി ദത്തെടുക്കലിന്റെ മറവില്‍ നടക്കുന്ന ശിശുകടത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
സംശയാസ്പദമായ ഇരുപതോളം ഫോണ്‍കോളുകള്‍ പരിശോധിച്ചാണ് പോലീസ് കുറ്റവാളികളെ കുരുക്കിയത്. ഏപ്രില്‍ എട്ടിന് ഉത്തംനഗറില്‍ നിന്നാണ് സംഘം പിടിയിലായത്. ചോദ്യംചെയ്യലില്‍ സരോജിന്റെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. ഇവര്‍ക്ക് ഏകദേശം 40 വയസ് പ്രായം വരും. അവരാണ് സംഘത്തിന്റെ നേതാവ്.
ഡല്‍ഹി എന്‍സിആറിലെ സമ്പന്നകുടുംബങ്ങളുമായി സരോജ് നേരിട്ടാണ് ഇടപാട് നടത്തിയിരുന്നത്. ഇത്തരം കാര്യങ്ങളില്‍ മറ്റ് അംഗങ്ങളെ അടുപ്പിച്ചിരുന്നില്ല. മാത്രമല്ല, ഫോണിലൂടെ മാത്രമാണ് ഇവര്‍ കാര്യങ്ങള്‍ സംസാരിച്ചിരുന്നത്. എവിടെനിന്ന് കുഞ്ഞിനെ മോഷ്ടിക്കണം, എവിടെ എത്തിക്കണം എന്നെല്ലാം സരോജാണ് ഫോണിലൂടെ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ പണം കൈപ്പറ്റുന്നത് മാത്രം സരോജ് നേരിട്ടായിരുന്നു. സംഘം ആര്‍ക്കൊക്കെയാണ് ഇതുവരെ കുഞ്ഞുങ്ങളെ വിറ്റത് എന്നതുസംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായും പോലീസ് അറിയിച്ചു.