കരുനാഗപ്പള്ളി: ദേശീയ പാതയ്ക്ക് സമീപം പുഷ്പ്പിക്കാന്‍ പാകമായ കഞ്ചാവ് ചെടികള്‍ കണ്ടെത്തി എക്സൈസ്. പുള്ളിമാന്‍ ജങ്ഷന് സമീപം പുതുമണ്ണേല്‍ ബില്‍ഡിങ്ങിന് എതിര്‍വശത്തായാണ് മൂന്ന് കഞ്ചാവ് ചെടികള്‍ വളര്‍ന്ന് നിന്നിരുന്നത്. 113 സെന്റീ മീറ്റര്‍, 78 സെന്റീ മീറ്റര്‍, 28 സെന്റീ മീറ്റര്‍ എന്നിങ്ങനെ നീളമുള്ള ചെടികളാണ്. കൃത്യമായി പരിപാലിച്ച് വന്നിരുന്ന ചെടികളില്‍ രണ്ടെണ്ണം പുഷ്പ്പിക്കാന്‍ പാകമായതുമായിരുന്നു.

കരുനാഗപ്പള്ളി എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ പി.എല്‍ വിജിലാലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. രാവിലെ 10 മണിയോടെ സംഘം സ്ഥലത്തെത്തി ചെടികള്‍ പരിശോധിച്ച് ഉറപ്പ് വരുത്തി. ചെടികള്‍ ദേശീയ പാത നിര്‍മ്മാണത്തിനായെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ നട്ടു വളര്‍ത്തിയതാണെന്നാണ് എക്സൈസ് സംശയിക്കുന്നത്.



നീളമുള്ള ചെടിയില്‍ നിന്നും ഇല നുള്ളി എടുത്തതായി കണ്ടെത്തി. ഇതാണ് നട്ടു വളര്‍ത്തിയതാണെന്ന സംശയത്തില്‍ എക്സൈസ് എത്തിയത്. കഞ്ചാവ് ചെടികള്‍ പറിച്ചെടുത്ത് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതില്‍ നീളം കൂടിയ ചെടി നാളെ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കും. മജിസ്ട്രേട്ടിന്റെ നിര്‍ദ്ദേശ പ്രകാരം ചെടി കെമിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്കായി അയക്കും. പരിശോധനാ ഫലത്തിന് ശേഷം അന്വേഷണം ആരംഭിക്കുമെന്ന് അസി. ഇന്‍സ്പെക്ടര്‍ പി.എല്‍ വിജിലാല്‍ മറുനാടനോട് പറഞ്ഞു.



കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. എല്‍ വിജിലാലിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്യാം ദാസ്, ജിനു തങ്കച്ചന്‍, ഹരിപ്രസാദ്, ജിജി എസ്.പിള്ള എന്നിവരുടെ സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തി കേസെടുത്തത്.