കൊച്ചി: ഓപ്പറേഷൻ ക്ലീനിനെ തുടർന്ന് ഇപ്പോൾ ലഹരിക്കെതിരെയുളള പരിശോധനകൾ വർധിക്കുകയാണ്.അതിന് അനുസരിച്ച് ലഹരി കടത്തിനായി പുതിയ മാർഗങ്ങളും ആളുകൾ സ്വീകരിക്കുന്നു. അങ്ങനെ തിരഞ്ഞെടുത്ത ഒരു പുതിയ വഴിയാണ് ഡാൻസാഫ് സംഘം തകർത്തിരിക്കുന്നത്.

സൈക്കിൾ പമ്പിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 15 കിലോയോളം കഞ്ചാവ് പിടികൂടി. നെടുമ്പാശ്ശേരി അത്താണി കവലയിൽ വെച്ചാണ് റൂറൽ എസ്പിയുടെ ഡാൻസാഫ് സംഘം വൻതോതിൽ കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ നാല് അന്യസംസ്ഥാനക്കാര്‍ അറസ്റ്റിലായി.

മൂർഷിദാബാദിൽ നിന്നും കൊണ്ടുവരുകയായിരുന്നു കഞ്ചാവ് ആണ് പിടിച്ചെടുത്തത്. അങ്കമാലിയിൽ നിന്നും കാക്കനാട്ടേക്ക് ഓട്ടോയിൽ കൊണ്ടുപോകുകയായിരുന്നു. ഒടുവിൽ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിൽ ഉള്‍പ്പെട്ടവരാണ് ഇവർ എന്നാണ് നിഗമനം.

പല നിറത്തിലുള്ള സൈക്കിള്‍ പമ്പുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. തുടര്‍ന്ന് ഒരോ സൈക്കിള്‍ പമ്പും അഴിച്ച് പരിശോധിക്കുകയായിരുന്നു. സൈക്കിള്‍ പമ്പിന്‍റെ കുഴലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

സൈക്കിള്‍ പമ്പ് വില്‍പ്പനക്കാരെന്ന വ്യാജേനയാണ് നാലംഗസംഘം യാത്ര ചെയ്തത്. ഈ പമ്പുകളിലെല്ലാം കഞ്ചാവ് നിറച്ചിരുന്നു. ഒഡീഷയില്‍ നിന്ന് കിലോയ്ക്ക് രണ്ടായിരം രൂപ എന്ന കണക്കിൽ വാങ്ങിയ ചരക്ക്, കൊച്ചിയിൽ എത്തിച്ച് പത്തിരട്ടി വിലക്ക് ചില്ലറയായി വിൽക്കാനായിരുന്നു പരിപാടി. അങ്കമാലിയിൽ നിന്ന് പമ്പുകളുമായി ഓട്ടോറിക്ഷയിൽ പോയ സംഘത്തെ പോലീസ് തടഞ്ഞു പരിശോധിച്ചതോടെയാണ് കടത്ത് പൊളിഞ്ഞത്. പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ റാഖിബുല്‍ മൊല്ല (21), സിറാജുല്‍ മുന്‍ഷി (30), റാബി(42), സെയ്ഫുല്‍ ഷെയ്ഖ് (36) എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരം കിട്ടിയതിനെ തുടർന്നാണ് നെടുമ്പാശേരി എസ്ഐ, എംഎഎസ് സാബുജിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ തേടി എത്തിയത്. പുലർച്ചെ ഒന്നരയോടെയാണ് സംഘം പിടിയിലായത്. മുൻപും ഇതേ മാർഗത്തിൽ ഇവർ ലഹരി കടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുകയും ചെയ്യുന്നുണ്ട്.അതുപോലെ വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.