- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ മാർക്കറ്റ് നടത്തി 500 കോടി തട്ടിപ്പ് നടത്തി ആദ്യം മുങ്ങി; രണ്ടാം വരവിൽ 600 കോടി; മണി ചെയിൻ മാതൃകയിൽ ഒരു ലക്ഷം രൂപ നിക്ഷേപത്തിന് 80000 രൂപ പലിശ; പലിശ നൽകിയിരുന്നതും ഇടപാടുകാരന്റെ നിക്ഷേപ തുക എടുത്ത്; ജി ബി ജി വിനോദ്കുമാർ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരൻ
കാസർകോട്: മണിച്ചെയിൻ മോഡലിൽ തട്ടിപ്പ് നടത്തിയ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പിന്റെ ( ജിബിജി) കീഴിലുള്ള ബിഗ് പ്ലസ് ഫിൻ ട്രേഡിങ് കമ്പനിയുടെ എട്ടോളം ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചത് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ജിബിജി ഗ്രൂപ്പിന്റെ പ്രമോട്ടർ വിനോദ് കുമാറിന്റെ തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
കാസർകോട് കുണ്ടംകുഴി കേന്ദ്രികരിച്ച് ഒരുവർഷത്തിൽ ഏറെയായി മണിചെയിൻ മാതൃകയിൽ പ്രവർത്തിക്കുന്ന ജിബിജി ഇടപാടുകാരിൽ നിന്ന് പിരിച്ചത് 600 കോടിക്ക് മുകളിലാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയും കർണാടകയിലെ ദക്ഷിണ കർണാടകയിൽ നിന്നുമാണ് ജിബിജി എന്ന തട്ടിപ്പ് കമ്പനി നൂറിരട്ടി പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ചത്. എന്നാൽ കുണ്ടംകുഴിയിൽ ഓഫിസ് ആരംഭിക്കുന്നതിന് മുൻപ് കർണാടകയിലെ ഹാസൻ കേന്ദ്രികരിച്ചു ജി ബി ജി പ്ലസ് എന്ന പേരിൽ ധനകാര്യ സ്ഥാപനം ആരംഭിച്ചിരുന്നു. ഇവിടെ തട്ടിപ്പു പുറത്തായതോടെയാണ് ജി ബി ജിയുടെ പ്രമോട്ടർ വിനോദ് കുമാർ കാസർകോട്ടേക്ക് എത്തിയത് .
ഈ കമ്പനി നിധി ലിമിറ്റഡിന്റെ പേരിൽ നിയമപരമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും രജിസ്ട്രേഷൻ നിയമങ്ങളുടെ പൂർണ്ണ ലംഘനം നടത്തിയാണ് നിക്ഷേപം സ്വീകരിച്ചത്. 10 ലക്ഷം രൂപയുടെ അടിസ്ഥാന നിക്ഷേപത്തിലും 7 ഡയറക്ടറർമാരുമായാണ് കമ്പനി നിധി ലിമിറ്റഡിന്റെ പേരിൽ രജിസ്റ്റർ ചെയ്തത്. കമ്പനി പുറത്തുവിട്ട രേഖകൾ പ്രകാരം, ബെംഗളൂരുവിലെ ജയാ നഗറിൽ ഓഫീസ് പ്രവർത്തിക്കുന്നുണ്ട് . ഇവിടെ ഡയറക്ടർമാരിൽ ഒരാളുടെ ഭാര്യയെയാണ് ജോലിക്ക് നിയമിച്ചിരുന്നത്. ബെംഗളൂരുവിലേക്ക് വരുന്ന നിക്ഷേപകരുടെ ഫോൺ എടുക്കുക എന്നതിലുപരി മറ്റൊരു ഇടപാടും ഈ ഓഫീസിൽ നടന്നിരുന്നില്ല. നിക്ഷേപകരെ ആകർഷിക്കാനും കൂടുതൽ പണം ജനങ്ങളിൽ നിന്ന് തട്ടിയെടുക്കാനും സിനിമ താരങ്ങളെയും ഗവർണർ, എം പി എന്നിവരെയും ജിബി ജിയുടെ ഭാഗമാക്കി ചിത്രീകരിച്ചു .
400 കോടി രൂപ കമ്പനി നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ചെയർമാൻ എന്ന് അവകാശപ്പെടുന്ന വിനോദ്കുമാർ തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും, കമ്പനിയുടെ മോഹപ്പലിശ വാഗ്ദാനത്തിൽ വീണുപോയ ഇടപാടുകാരിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് 600 കോടിക്ക് മുകളിൽ പണം തട്ടിയെടുത്തതായാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം .
ജിബിജി പണമിടപാട് സംബന്ധിച്ച് സംശയങ്ങൾ ഉന്നയിക്കുന്നവരോട് കമ്പനിയെ ആർക്കും ഒരും ചുക്കും ചെയ്യാനാകില്ലെന്ന് ഇടയ്ക്കിടെ ചേരുന്ന നിക്ഷേപകരുടെ യോഗത്തിൽ കമ്പനി ചെയർമാൻ വിനോദ്കുമാർ വീരവാദം മുഴക്കാറുണ്ടായിരുന്നു.
നിയമവിരുദ്ധമായി പണ ഇടപാട് നടത്തുന്ന ജി ബി ജിക്കെതിരെ കാഞ്ഞങ്ങാട് സ്വദേശി പരാതി നൽകിയപ്പോൾ ചെയർമാൻ വിനോദ്കുമാറിനെ ഒന്നാംപ്രതി ചേർത്ത് ബേഡകം പൊലീസ് ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്തതോടെയാണ് വിനോദ്കുമാറിന്റെ തട്ടിപ്പുകൾ ഓരോന്നായി പുറത്തു വരാൻ തുടങ്ങിയത് .
തട്ടിപ്പിന്റെ വഴികൾ
ജിബിജി നിധി ലിമിറ്റഡിന്റെ പേരിൽ പാർട്ടി ഗ്രാമമായ കുണ്ടും കുഴിയിൽ ഓഫീസ് തുറക്കുന്നു.
ഒരു ലക്ഷം രൂപ ജിബിജിയിൽ നിക്ഷേപിച്ചാൽ പത്തുമാസം കഴിഞ്ഞാൽ 80,000 രൂപ നൽകുമെന്നാണ് കുണ്ടങ്കുഴി ജിബിജിയുടെ മോഹപ്പലിശ വാഗ്ദാനം. മാസത്തിൽ നാല് തവണകളായി എല്ലാ ചൊവ്വാഴ്ചയുമാണ് പലിശ നൽകിയിരുന്നത്. ആദ്യഘട്ടത്തിൽ നിക്ഷേപിച്ചവർക്ക് കൃത്യമായി പലിശ ലഭിച്ചു തുടങ്ങിയതോടെ കമ്പനിയിലേക്ക് വലിയ രീതിയിൽ നിക്ഷേപം വന്ന് തുടങ്ങ . വ്യാപകമായ നിക്ഷേപം വന്നു കൊണ്ടിരുന്നതുകൊണ്ട് പലിശ നല്കാൻ ജി ബി ജിക്ക് പ്രയാസമുണ്ടായിരുന്നില്ല. മാത്രമല്ല പലിശയായി നൽകിയ പണത്തിലും ജി ബി ജി വിനോദ് കുമാർ തന്റെ കുബുദ്ധി ഉപയോഗിച്ചിരുന്നു.
നിക്ഷേപകർക്ക് ആഴ്ച തോറും നൽക്കുന്ന പലിശ, നിക്ഷേപ പണത്തിൽ നിന്നും പിൻവലിച്ചതായുള്ള രേഖകൾ ഉണ്ടാക്കിയാണ് നൽകാറുള്ളത്. എന്നാൽ ഇത് നിക്ഷേപകർ അറിയുകയുമില്ല. മാത്രമല്ല ജിബി ജി നിധി ലിമിറ്റഡിന്റെ പേരിൽ വെറും 8 ശതമാനം പലിശക്കാണ് നിക്ഷേപം സ്വീകരിച്ചത് എന്നുള്ള രേഖകളും ഇവർ തയ്യാറാക്കും. 10 മാസം പലിശ എന്ന പേരിൽ നൽകുന്ന പണം യഥാർത്ഥത്തിൽ നിക്ഷേപകന്റെ സ്വന്തം പണത്തിൽ നിന്നാണെന്ന് ലഭിക്കുന്ന വിവരം അറിയാതിരിക്കാൻ അവസാനഘട്ടത്തിൽ ജിബി ജി അധികൃതർ മറ്റൊരു അടവ് പുറത്തെടുക്കും. ചില നിയമപരമായ പ്രശ്നങ്ങളുള്ളതിനാൽ താങ്കളുടെ നിക്ഷേപം ബിഗ് പ്ലസ് എന്ന തങ്ങളുടെ സഹോദര സ്ഥാപനത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും ചില രേഖകൾ തയ്യാറാക്കാൻ സമയമെടുക്കും എന്നുള്ളതുകൊണ്ട് കാത്തിരിക്കാനും പലിശ ഒന്നിച്ചു നൽകാമെന്നും അറിയിക്കുകയും ചെയ്യുന്നു. 10 മാസം കൊണ്ട് ഇത്രയും വലിയ പലിശ തന്നതുകൊണ്ട് തന്നെ നിക്ഷേപകർക്ക് അതൊരു പ്രശ്നമായി തോന്നിയിരുന്നില്ല. പിന്നീട് നിക്ഷേപം തിരിച്ചു കിട്ടിയവർ വളരെ കുറവായിരുന്നു. നല്ല പ്രചാരണം ഉള്ളതുകൊണ്ട് ഇതിനകം കമ്പനി 600 ഓളം കോടി രൂപ സമാഹരിക്കുകയും ചെയ്തിരുന്നു.
നിലവിൽ ജിബിജി 6500 നിക്ഷേപകരെയാണ് കമ്പനിയിൽ അംഗങ്ങളാക്കിയിട്ടുണ്ട്. കമ്പനിയുടെ മറ്റ് ഏഴു ഡയറക്ടർമാാരും കേസിൽ പ്രതികളാണ്. മാത്രമല്ല നേരത്തെ സമാന രീതിയിൽ മണി ചെയിൻ തട്ടിപ്പുകൾ നടത്തി വന്നവരായിരുന്നു ഡയറക്ടർമാരിൽ അധികവും .
വിനോദ്കുമാർ സൂപ്പർമാർക്കറ്റ് തട്ടിപ്പു കേസ്സിലും പ്രതി
600 കോടി രൂപ പിരിച്ചെടുത്ത് നിക്ഷേപകരെ വഞ്ചിച്ച കുണ്ടംകുഴി ജിബിജി നിധി എന്നെ തട്ടിപ്പുകമ്പനിയുടെ ചെയർമാൻ വിനോദ്കുമാർ അഞ്ചുവർഷം മുമ്പ് സമാന രീതിയിലുള്ള തട്ടിപ്പു നടത്തി കോടികൾ തട്ടിയെടുത്ത കാസർകോട് കേന്ദ്രമാക്കി ആരംഭിച്ച് മുങ്ങിയ ഗ്രാമീണ സൂപ്പർമാർക്കറ്റ് കമ്പനി കേസ്സിലും പ്രതിയാണ്.
ബദിയഡുക്ക സ്വദേശി രാജേഷ് ആൾവയാണ് ഗ്രാമീണ സൂപ്പർമാർക്കറ്റിന്റെ കേന്ദ്രബുദ്ധി. ഈ തട്ടിപ്പുകമ്പനി 500 കോടി രൂപയാണ് 7000 പേരിൽ നിന്ന് കാസർകോട് ജില്ലയിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു മുങ്ങിയത്. സഹകരണ നിക്ഷേപം അടിസ്ഥാനപ്പെടുത്തിയാണ് ഓരോ പ്രദേശത്തും സൂപ്പർ മാർക്കറ്റ് സ്ഥാപിക്കുമെന്ന് ഇവർ അറിയിച്ചിരുന്നത്. ചില പ്രദേശങ്ങളിൽ സൂപ്പർമാർക്കറ്റ് ആരംഭിക്കുകയും ചെയ്തിരുന്നു. പണം നഷ്ടപ്പെട്ടവരുടെ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ രാജേഷ് ആൾവയ്ക്ക് പുറമെ വിനോദ്കുമാറിനെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴും ഈ കേസ് കണ്ണൂർ ക്രൈം ബ്രാഞ്ചിൽ ഇഴഞ്ഞു നീങ്ങുകയാണ് .
ജി ബി ജി ക്കെതിരായുള്ള പൊലീസ് നടപടി
കുണ്ടംകുഴി ജിബിജി തട്ടിപ്പുകമ്പനിയുടെ ഓഫീസിലും, കമ്പനി ചെയർമാൻ വിനോദ്കുമാറിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. കുണ്ടംകുഴി ടൗണിൽ ജിബിജി ഓഫീസിലുള്ള കമ്പ്യൂട്ടറുകൾ ഒന്നും തുറക്കാൻ കഴിയാത്തവിധം ലോക്കിലായിരുന്നു.
കമ്പനിയുടെ മുഴുവൻ പണമിടപാടുകളും നിക്ഷേപകരുടെ പേര് വിവരങ്ങളും, നിക്ഷേപിച്ച പണത്തിന്റെ രേഖകളുമെല്ലാമടങ്ങുന്ന കമ്പ്യൂട്ടർ തുറക്കാനുള്ള പാസ്സ്വേർഡ് കമ്പനി ചെയർമാൻ വിനോദിന്റെ കൈയിലാണ്. ഓഫീസിന്റെ ചുമതല നൽകിയിട്ടുള്ള യുവാവ് പെരിയ സ്വദേശിയാണ്. ഈ യുവാവ് ജിബിജി കമ്പനിയുടെ ജനറൽ മാനേജരാണെന്ന് പൊലീസിനോട് പറഞ്ഞു.
നിക്ഷേപകരുടെ പേരുവിവരങ്ങൾ കമ്പ്യൂട്ടറിൽ സൂക്ഷിക്കുന്നതിന് പകരം മുഴുവൻ വിവരങ്ങളും വെബ് സൈറ്റിലാണ് കയറ്റി സൂക്ഷിച്ചുവെച്ചിട്ടുള്ളത്. പാസ്സ്വേർഡ് കിട്ടാതെ വെബ്സൈറ്റ് തുറന്നുപരിശോധിക്കാൻ കഴിയാത്തതിനാൽ, പൊലീസ് കമ്പ്യൂട്ടറുകൾ അഴിച്ച് സോഫ്റ്റ് വെയർ കോപ്പിയും ഹാർഡ് വെയർ കോപ്പിയും കസ്റ്റഡിയിലെടുത്തു .സർക്കാർ സർവ്വീസിലുള്ള ഒരു ഓഡിറ്ററുടെ സാന്നിദ്ധ്യത്തിലാണ് പൊലീസ് സംഘം കമ്പ്യൂട്ടർ അഴിച്ചെടുത്തത്. കേസ്സിൽ ഈ ഓഡിറ്ററെ പൊലീസ് സാക്ഷിയാക്കും.
വിനോദിന്റെ വീട്ടിലും ഓഫീസിലും ഒരേ സമയത്താണ് പൊലീസ് കയറിയത്. വീട്ടിൽ വിനോദിന്റെ ഭാര്യയും മകൻ വിൻലാലും മാത്രമായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ ബേഡകം ഏരിയാ ലേഖകനായി ജോലി നോക്കുകയാണ് താനെന്ന് മകൻ വിൻലാൽ പൊലീസിനോട് പറഞ്ഞു. പിതാവിനെ അന്വേഷിച്ചപ്പോൾ, ഒരാഴ്ച മുമ്പ് കൊച്ചിയിലേക്ക് പോയെന്ന് മകൻ വെളിപ്പെടുത്തി. മാത്രമല്ല പിതാവിന്റെ പണം ഇടപാടുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഒരു പങ്കുമില്ലെന്നും പലരെയും താൻ തന്നെ പണം നിക്ഷേപിക്കുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തിയിട്ടുണ്ടെന്നും മകൻ പൊലീസിനെ അറിയിച്ചു.
പൊലീസ് പിടിച്ചെടുത്ത സോഫ്റ്റ് വെയർ തുറന്നു പരിശോധിക്കുന്നതോടെ ആരെല്ലാം എത്ര പണം ജിബിജിയിൽ മുടക്കിയിട്ടുണ്ടെന്ന് കണ്ടെത്താൻ കഴിയും. തൽസമയം ഈ പണമത്രയും ഏതെല്ലാം വഴിക്ക് തിരിമറി നടത്തിയെന്നും പരിശോധനയിൽ അറിയാൻ കഴിയും. പണം നിക്ഷേപിച്ച ബാങ്കുകളുടെ യഥാർത്ഥ വിവരങ്ങളും ലഭിക്കും
കമ്പനിയുടെ 7 അക്കൗണ്ടുകൾ പൊലീസ് ഫ്രീ ചെയ്തിട്ടുണ്ട്, ഇതിനെല്ലാം കൂടി വെറും ഏഴ് കോടി മാത്രമാണ് ഉള്ളത്. 11ഓളം അക്കൗണ്ടുകൾ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം പണമായിത്തന്നെ കയ്യിൽ ഉണ്ടായിരുന്ന 45 കോടി രൂപയോളം കഴിഞ്ഞ ദിവസങ്ങളിലായി വിനോദ് കുമാറും ഡയറക്ടർ മാറും ചേർന്നു കർണാടകയിലെ ബാംഗ്ലൂരിലേക്ക് കടത്തിയതായും സൂചനകൾ പുറത്തുവരുന്നുണ്ട്. മാത്രമല്ല വിവിധ ഇടങ്ങളിൽ വിനോദ് കുമാർ വാങ്ങിച്ച ആസ്തി വകകൾ എല്ലാം നിരവധി സ്ത്രീകളുടെ പേരിലാണെന്നും പറയപ്പെടുന്നു.
ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജിബിജി തട്ടിപ്പുകമ്പനി ഓഫീസിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തത്. ബേഡകം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തിരുന്നു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്