- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അവളെ..രക്ഷിക്കരുതെന്ന് ആക്രോശിക്കുന്ന അമ്മ; റെയിൽവേ ട്രാക്കിൽ രക്തം മുഴുവൻ വാർന്ന് ജീവന് വേണ്ടി പിടഞ്ഞ് ആ മകൾ; പോലീസെത്തിയപ്പോൾ പുറം ലോകം അറിഞ്ഞത് പെറ്റമ്മയുടെ ക്രൂരത

ഭോപ്പാൽ: മധ്യപ്രദേശിലെ നർമ്മദാപുരം റെയിൽവേ സ്റ്റേഷനിൽ നൊമ്പരമുണർത്തുന്ന ക്രൂരമായ ഒരു സംഭവം അരങ്ങേറി. എട്ടു വയസ്സുകാരിയായ സ്വന്തം മകളെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ഒരമ്മ ശ്രമിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചൊവ്വാഴ്ച രാത്രി നടന്ന ഈ സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ രണ്ടാം ക്ലാസ്സുകാരിയായ പെൺകുട്ടി ഇപ്പോൾ വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. തലയ്ക്കും അരയ്ക്കും തോളിനും മാരകമായ പരിക്കേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.
സർക്കാർ ജീവനക്കാരിയായ ഈ സ്ത്രീ ഭർത്താവിന്റെ മരണശേഷം ആശ്രിത നിയമനത്തിലൂടെയാണ് ജോലിയിൽ പ്രവേശിച്ചത്. മകൾക്കൊപ്പം മലഖേഡി പ്രദേശത്ത് താമസിച്ചുവരികയായിരുന്നു ഇവർ. സംഭവദിവസം രാത്രി ഏഴരയോടെ തമിഴ്‌നാട് എക്‌സ്‌പ്രസ് പ്ലാറ്റ്‌ഫോമിലേക്ക് എത്തിയപ്പോഴാണ് പൈശാചികമായ ഈ നീക്കം നടന്നത്.
ട്രെയിൻ വരുന്ന വേളയിൽ പെട്ടെന്ന് കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. എൻജിനിൽ തട്ടി പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിലുള്ള ഇടുങ്ങിയ ഭാഗത്ത് കുടുങ്ങിപ്പോയ കുട്ടിയെ, ട്രെയിൻ കടന്നുപോയ ശേഷമാണ് റെയിൽവേ ജീവനക്കാർക്കും യാത്രക്കാർക്കും പുറത്തെടുക്കാനായത്. വലിയ രീതിയിൽ രക്തം വാർന്നുപോയ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
ഈ സംഭവത്തിൽ ഏറ്റവും ഭയാനകമായ കാര്യം, കുട്ടി ട്രാക്കിൽ കുടുങ്ങിക്കിടക്കുമ്പോൾ അവളെ രക്ഷിക്കരുതെന്ന് അമ്മ കൂടിനിന്നവരോട് ആക്രോശിച്ചുകൊണ്ടിരുന്നു എന്നതാണ്. മാനസിക വെല്ലുവിളികൾ നേരിടുന്ന ഇവർ കുറച്ചു കാലമായി ചികിത്സയിലായിരുന്നു എന്നാണ് പ്രാഥമിക വിവരം. കുട്ടിയെ കൊല്ലാൻ ശ്രമിച്ച അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.
മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാനസിക നില തെറ്റിയതാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.


