കോഴിക്കോട്: ഉത്തർപ്രദേശ് സ്വദേശിനിയായ പതിനാറു വയസ്സുകാരിയെ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. യുപി സ്വദേശികളായ ഇകറാർ ആലം (18), അജാജ് (25) ഇവരെ സഹായിച്ച ഷക്കീൽ ഷാ (42), ഇർഷാദ് എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

വരാണസിയിൽ നിന്ന് പാട്ന-എറണാകുളം എക്സ്പ്രസിൽ കയറിയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ചെന്നൈയിലെ സഹോദരിയുടെ അടുത്തേയ്ക്ക് പോകാൻ പോയ പെൺകുട്ടിയെ സ്റ്റേഷനെത്തിയപ്പെൾ പ്രതികൾ ഇറങ്ങാൻ സമ്മതിച്ചില്ല. പിന്നീട് പെൺകുട്ടിയെ ബലം പ്രയോഗിച്ച് ഇവർ പാലക്കാട് സ്റ്റേഷനിലിറക്കി.  കോഴിക്കോട്ടേക്ക് എത്തിച്ച് പാളയം ബസ്സ്റ്റാൻഡിന് പിറകിലുള്ള വാടകമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിടിയിലായവർ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ജോലിചെയ്യുന്നവരാണ്.

യാത്രയ്ക്കിടെയാണ് പെൺകുട്ടി നാലംഗസംഘത്തെ പരിചയപ്പെട്ടത്. . ഇതിൽ ഒരാളുമായി പ്രണയത്തിലായി. തുടർന്ന് യുവാക്കൾക്കൊപ്പം കോഴിക്കോട്ടെത്തി. പ്രണയത്തിലായ യുവാവിനൊപ്പം മുറിയെടുത്ത് താമസിച്ചു. പിറ്റേന്ന് പെൺകുട്ടിയെയും കൂട്ടി യുവാക്കൾ റെയിൽവേ സ്റ്റേഷനിൽ എത്തി. ചെന്നൈയിലേക്ക് കയറ്റിവിടുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം.

എന്നാൽ ഇതറിഞ്ഞ പെൺകുട്ടി ബഹളം വച്ചു. ബഹളം കേട്ടെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ പെൺകുട്ടിയെയും യുവാക്കളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് ആർപിഎഫ് ഇവരെ കസബ പൊലീസിന് കൈമാറി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.

വെള്ളിയാഴ്ച രാവിലെ 10.30-യോടെ അവശനിലയിലായ പെൺകുട്ടിയെ കോഴിക്കോട് റെയിൽവെ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് ആർ.പി.എഫ്. എസ്‌ഐ. ഷിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയെ കണ്ടെത്തിയത്.

പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം നടത്തിയ പരിശോധനയിൽ റെയിൽവെ സ്റ്റേഷനിൽവെച്ചുതന്നെ പ്രതികളെയും പിടികൂടി. പിടിയിലായ പ്രതികളെ കസബ പൊലീസിന് കൈമാറി. ആർ.പി.എഫ്. ഇൻസ്‌പെക്ടർ ഉപേന്ദ്രകുമാർ, എസ്‌ഐ. അപർണ അനിൽകുമാർ, എഎസ്ഐ. ശ്രീനാരായണൻ, വനിതാ കോൺസ്റ്റബിൾ ഷിൽന, കോൺസ്റ്റബിൾ സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പെൺകുട്ടിയെ ചൈൽഡ്‌ലൈന് കൈമാറി.

കസബ പൊലീസ്, ഉത്തർപ്രദേശ് പൊലീസിനുമായി ബന്ധപ്പെട്ടപ്പോൾ ഗസ്സിപ്പുർ ജില്ലയിലെ ബിർണോ പൊലീസ് സ്റ്റേഷനിൽ ഒരു പെൺകുട്ടിയെ കാണാതായെന്ന് ബന്ധുക്കൾ പരാതി നൽകിയതായി അറിയിച്ചു. ആ പെൺകുട്ടി തന്നെയാണ് ഇത് എന്ന നിഗമനത്തിലാണ് പൊലീസ്. കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.