ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ പട്ടാപ്പകൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവം നടുക്കം സൃഷ്ടിക്കുന്നു. ഗന്ധ്വാനി ബസ് സ്റ്റാൻഡ് പരിസരത്ത് തിങ്കളാഴ്ചയാണ് മൂന്നുപേർ ചേർന്ന് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്.

സംഭവസ്ഥലത്ത് എടിഎമ്മിന് സമീപം നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയെ, പെട്ടെന്ന് നിർത്തിയ മഹീന്ദ്ര ബൊലേറോ വാഹനത്തിലെ മൂന്നുപേർ ചേർന്ന് വായിൽ തുണി തിരുകി വാഹനത്തിലേക്ക് വലിച്ചിഴച്ചുകയറ്റുകയായിരുന്നു. ആളുകൾ നോക്കിനിൽക്കെ നടന്ന ഈ സംഭവം അധികൃതരെയും നാട്ടുകാരെയും ഞെട്ടിച്ചു.

ഉടൻതന്നെ സമീപത്തുണ്ടായിരുന്നവർ ബൈക്കുകളിലും കാറുകളിലുമായി പ്രതികൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നു. ഏകദേശം 20 കിലോമീറ്ററോളം നീണ്ട പിന്തുടരലിനൊടുവിൽ നാട്ടുകാർ പ്രതികളെ വളഞ്ഞു. ഈ ഘട്ടത്തിൽ പ്രതികൾ വാഹനം അതിവേഗത്തിൽ ഓടിച്ചുപോകാൻ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചുമറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് പ്രതികൾ പെൺകുട്ടിയെ വാഹനത്തിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പ്രതികൾക്കെതിരെ കേസെടുത്തതായും അവരെ ഉടൻ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് സൂപ്രണ്ട് മായാങ്ക് അവസ്തി അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായതോടെ കൂടുതൽ നടപടികൾക്കായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം വ്യക്തമായിട്ടില്ല.