- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുട്ടിയെ കൊല്ലും മുമ്പ് താരാട്ട് പാടി ഉറക്കാൻ നോക്കി
പനാജി: നാലുവയസുകാരനായ മകനെ കഴുത്തുഞെരിച്ചുകൊല്ലാൻ എഐ സ്റ്റാർട്ട് അപ്പ് കമ്പനി സിഇഒ സൂചന സേത്തിന് പ്രേരകം ആയത് എന്താണ്? ഇക്കാര്യത്തിൽ, സൂചന കിട്ടുന്ന കുറിപ്പ് പൊലീസിന് കിട്ടി. കുട്ടിയുടെ മൃതദേഹം വച്ചിരുന്ന സൂട്ട്കേസിൽ ടിഷ്യുപേപ്പറിൽ ഐലൈനർ കൊണ്ടെഴുതിയ കുറിപ്പാണ് കിട്ടിയത്. ചുരുട്ടിക്കൂട്ടിയ നിലയിലായിരുന്നു ടിഷു പേപ്പർ.
'കോടതിയും എന്റെ മുൻഭർത്താവും മകനെ വിട്ടുകൊടുക്കാൻ സമ്മർദ്ദം ചെലുത്തുകയാണ്. ഇതെനിക്ക് താങ്ങാനാകുന്നില്ല. എന്റെ മുൻഭർത്താവ് അക്രമകാരിയാണ്. അയാൾ മോനെ ചീത്ത ശീലങ്ങൾ എല്ലാം പഠിപ്പിക്കുമായിരുന്നു. ഒരുദിവസം പോലും മോനെ അയാളുടെ കസ്റ്റഡിയിൽ വിടാൻ എനിക്ക് താൽപര്യമില്ല', കുറിപ്പിൽ പറയുന്നു.
കുട്ടിയെ വകവരുത്തും മുമ്പ് അവനെ താരാട്ട് പാടി ഉറക്കാൻ സൂചന ശ്രമിച്ചിരുന്നു. സൂട്ട്കേസിൽ നിന്ന് കിട്ടിയ കുറിപ്പ് വലിയ തെളിവാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയുടെ മാനസിക നില സൂചിപ്പിക്കുന്നതാണ് കുറിപ്പ്. കുട്ടിയുടെ കസ്റ്റഡി വിഷയം കുറെ ദിവസമായി അവരെ അലട്ടിയിരിക്കണം. അതിനൊടുവിലായിരിക്കണം കടുംകൈയിലേക്ക് നീങ്ങിയത്.
കുറിപ്പ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. കൊലയ്ക്ക് മുമ്പ് സൂചന അവരുടെ പേരന്റൽ തെറാപ്പി നടത്തുന്ന ഡോക്ടറുമായി സംസാരിച്ചതായി വിവരം കിട്ടി. കുട്ടിയുടെ കൊലപാതക ശേഷം സൂചന ആരെയൊക്കെ വിളിച്ചുവെന്നറിയാൻ കോൾ വിവരങ്ങൾ പരിശോധിച്ചുവരികയാണ്.
ഗോവയിലെ കണ്ടോലിമിൽ ഹോട്ടൽ സോൾ ബന്യൻ ഗ്രാന്റെയിലെ 404 ാം നമ്പർ മുറിയിലാണ് സൂചന സേത്ത് കുട്ടിയെ വകവരുത്തിയ ശേഷം കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മകനെ മയക്കാൻ വേണ്ടി സൂചന ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് കാലിയായ കഫ് സിറപ്പ് ബോട്ടിലുകളും കണ്ടുകിട്ടി. സൂട്ട്കേസിൽ കുട്ടിയുടെ മൃതദേഹവുമായി ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് കാറിൽ പോകുമ്പോഴായിരുന്നു സൂചനയെ അറസ്റ്റ് ചെയ്തത്.
യാത്രയ്ക്കിടെ സൂചന ശാന്തയായിരുന്നു: കാബ് ഡ്രൈവർ
ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയിൽ സൂചന സേത്ത് ശാന്തയായിരുന്നു എന്നാണ് കാർ ഡ്രൈവർ റേ ജോൺ മാധ്യമങ്ങളോട് പറഞ്ഞത്. 10 മണിക്കൂറോളം നീണ്ട യാത്രയിൽ അവർ ഒരക്ഷരം പോലും മിണ്ടിയില്ല. തിങ്കളാഴ്ച രാത്രി കർണാടകയിലെ ചിത്രദുർഗ്ഗയിൽ നിന്നാണ് സൂചന സേത്ത്(39) പിടിയിലായത്. ചൊവ്വാഴ്ച ഗോവയിലേക്ക് കൊണ്ടുവരികയും മാപുസ കോടതി ആറുദിവസേേത്തക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു.
ഹോട്ടിൽ എത്തിയപ്പോൾ ബാഗ് എടുക്കാൻ സൂചന ആവശ്യപ്പെട്ടു. വളരെ ഭാരമേറിയ ബാഗായിരുന്നു, ഡ്രൈവർ പറഞ്ഞു. ഭാരം കാരണം കാറിന്റെ ബൂട്ടിലേക്ക് വലിച്ചിഴച്ചാണ് ബാഗ് എത്തിച്ചത്. കുറച്ചുസാധനങ്ങൾ ബാഗിൽ നിന്ന് മാറ്റാമെന്ന് ഞാൻ പറഞ്ഞെങ്കിലും അവർ കേട്ടില്ല, റേ ജോൺ പറഞ്ഞു. വടക്കൻ ഗോവയിലെ ബിചോലിം പട്ടണത്തിൽ എത്തിയപ്പോൾ ഒരുബോട്ടിൽ വെള്ളം വാങ്ങാൻ പറഞ്ഞപ്പോൾ മാത്രമാണ് സൂചന ഡ്രൈവറോട് സംസാരിച്ചത്.
തിങ്കളാഴ്ച കർണാടക-ഗോവ അതിർത്തിയിലെ ചോർല ഘട്ടിൽ ഒരു അപകടം കാരണം വലിയ ഗതാഗത കുരുക്കായിരുന്നു. കുരുക്കഴിക്കാൻ നാല് മണിക്കൂറെങ്കിലും എടുക്കുമെന്ന് പൊലീസ് റേ ജോണിനോട് പറഞ്ഞു. ആറു മണിക്കൂറെങ്കിലും എടുക്കുമെന്നാണ് സൂചനയോട് റേ ജോൺ പറഞ്ഞത്. തിരിച്ച് വിമാനത്താവളത്തിലേക്ക് പോകാമെന്ന് പറഞ്ഞുനോക്കിയെങ്കിലും അവർ വഴങ്ങിയില്ല.
പിന്നീട് യാത്രക്കാരിയെ കുറിച്ച് റേ ജോണിന് ഗോവ പൊലീസിന്റെ ജാഗ്രതാ സന്ദേശം എത്തി. അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വണ്ടി കൊണ്ടുപോകാൻ ആണ് പൊലീസ് ആവശ്യപ്പെട്ടത്. ഗൂഗിൾ മാപ്പിലും ജിപിഎസിലും നോക്കിയപ്പോൾ ഒന്നും കണ്ടെത്താനായില്ല, ടോൾ പ്ലാസകളിലും പൊലീസുകാർ ഇല്ലായിരുന്നു.
വഴിയരികിലെ ഒരു റെസ്റ്റോറണ്ടിൽ നിർത്തി റേ ജോൺ കുറെ സമയം കളഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് വെറും 500 മീറ്റർ മാത്രമേയുള്ളുവെന്ന് മനസ്സിലാക്കി. അപ്പോൾ ബെംഗളൂരുവിലേക്ക് ഒന്നര മണിക്കൂർ ദൂരമുണ്ടായിരുന്നു. ചിത്രദുർഗയിലെ അയ്യമംഗല പൊലീസ് സറ്റേഷനിലേക്ക് വണ്ടിയോടിച്ചു. ഇൻസ്പക്ടർ എത്തിയപ്പോഴും മാഡം വളരെ ശാന്തയായി കാറിൽ ഇരിക്കുന്നുണ്ടായിരുന്നു. ബാഗ് പരിശോധിക്കുകയും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. മകനാണോ എന്ന് ചോദിപ്പപ്പോൾ അതേ എന്ന് ശാന്തയായി അവർ മറുപടി നൽകി, റേ ജോൺ പറഞ്ഞു.
സൂചനയും ഭർത്താവ് വെങ്കട്ട് രാമനും തമ്മിൽ വിവാഹ മോചന കേസ് നടന്നുകൊണ്ടിരിക്കുകയാണ്. കുട്ടിയുടെ പിതാവ് കേരള സ്വദേശിയാണെങ്കിലും ഇപ്പോൾ ഇന്തോനേഷ്യയിലാണ്. വെങ്കട്ട രാമൻ ഇന്ത്യയിലെത്തി മകന്റെ സംസ്കാരം നടത്തി. ബെംഗളൂരുവിലെ മൈൻഡ്ഫുൾ എഐ ലാബിന്റെ സിഇഒ ആണ് സൂചന സേത്ത്.