- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മുറിയിലുണ്ടായിരുന്ന 'സ്വർണം' കാണാനില്ലെന്ന് ദമ്പതിമാർ; കാര്യം ജോലിക്കാരിയോട് തിരക്കിയപ്പോൾ ഞാൻ ഒന്നും കണ്ടിട്ടില്ലെന്ന് പറച്ചിൽ; സംശയം തോന്നിയ വീട്ടുകാർ ചെയ്തത്; ആരും കണ്ടുപിടിക്കില്ലെന്ന ആ കള്ളത്തരം കൈയ്യോടെ തൂക്കിയത് ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടുജോലിക്കായി നിന്നിരുന്ന വീടുകളിൽ നിന്ന് ആഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ യുവതി അറസ്റ്റിലായി. വീട്ടുടമസ്ഥൻ അതിവിദഗ്ധമായി സ്ഥാപിച്ച രഹസ്യ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളാണ് മോഷ്ടാവിനെ കുടുക്കാൻ നിർണ്ണായകമായത്. കരമന ഇലങ്കം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ലക്ഷ്മി (36) എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്.
വീട്ടുടമസ്ഥനായ രാഹുൽ കൃഷ്ണൻ്റെ തന്ത്രപരമായ ഇടപെടലാണ് ഈ കേസിൽ മോഷ്ടാവിനെ കുടുക്കാൻ സഹായിച്ചത്. കരമന സഹകരണ ബാങ്കിനു സമീപം ഇലങ്കം റോഡിൽ താമസിക്കുന്ന അഭിഭാഷക ദമ്പതിമാരായ രാഹുൽ കൃഷ്ണൻ്റെയും ഇന്ദുകലയുടെയും വീട്ടിൽ നിന്നാണ് മോഷണ പരമ്പരയുടെ തുടക്കം. ഈ മാസം പതിനൊന്നിന് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ മോതിരം കാണാതായതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിത്തുടങ്ങിയത്. തുടർന്ന് അലമാരകളും മറ്റും വിശദമായി പരിശോധിച്ചപ്പോഴാണ് അഞ്ചു പവനിലധികം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ദമ്പതിമാർ മനസ്സിലാക്കിയത്.
വീട്ടിൽ ജോലിക്കുണ്ടായിരുന്ന ലക്ഷ്മിയോടും സ്വർണം നഷ്ടപ്പെട്ട കാര്യം പറഞ്ഞിരുന്നെങ്കിലും, ഒരു ഭാവഭേദവുമില്ലാതെയാണ് ഇവർ അപ്പോഴും പെരുമാറിയത്. ലക്ഷ്മിയെ സംശയം തോന്നാതിരിക്കാൻ ഇവർ ശ്രദ്ധിച്ചിരുന്നു. എങ്കിലും, ഒരു മുൻകരുതലെന്ന നിലയിൽ വീട്ടിലെ പ്രധാന മുറികളിൽ രാഹുൽ കൃഷ്ണൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. കണ്ടാൽ പെട്ടെന്ന് മനസ്സിലാകാത്ത തരത്തിലുള്ള ഈ രഹസ്യ ക്യാമറകൾ വൈഫൈ വഴി രാഹുലിൻ്റെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചു. ക്യാമറകൾ സ്ഥാപിച്ച വിവരം ലക്ഷ്മി അറിഞ്ഞിരുന്നില്ല.
നവംബർ പതിന്നാലിന് പതിവുപോലെ ദമ്പതിമാർ ജോലിക്കുപോയ സമയത്ത് വീട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രമാണുണ്ടായിരുന്നത്. ഇടയ്ക്ക് മൊബൈൽ ഫോൺ പരിശോധിക്കുന്നതിനിടെ രാഹുൽ കൃഷ്ണൻ ഞെട്ടിക്കുന്ന ദൃശ്യം കണ്ടു. ലക്ഷ്മി മുറിക്കുള്ളിൽ പ്രവേശിച്ച് അലമാര തുറന്ന് സ്വർണം മോഷ്ടിക്കുന്ന ദൃശ്യം അദ്ദേഹം ലൈവായി വീക്ഷിച്ചു. ഉടൻ തന്നെ വീട്ടിൽ തിരിച്ചെത്തിയ രാഹുൽ ലക്ഷ്മിയോട് കാര്യങ്ങൾ തിരക്കിയെങ്കിലും, പതിവുപോലെ അവർ കുറ്റം നിഷേധിച്ചു.
എന്നാൽ, മൊബൈൽ ഫോണിലെ മോഷണ ദൃശ്യങ്ങൾ കാട്ടിക്കൊടുത്തതോടെ ലക്ഷ്മിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു. എങ്കിലും ആദ്യത്തെ മോഷണം താനല്ല നടത്തിയത് എന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. ഇതോടെ ദമ്പതിമാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ, ലക്ഷ്മി കൂടുതൽ മോഷണങ്ങൾ നടത്തിയതായി കണ്ടെത്തി. മോഷണം നടത്തിയ ആഭരണങ്ങൾ ചാലയിലുള്ള ഒരു ജൂവലറിയിൽ വിറ്റതായും, നെടുങ്കാടുള്ള ഒരു സ്ഥാപനത്തിൽ പണയം വെച്ചതായും ഇവർ മൊഴി നൽകി. ഇതിനുപുറമെ, ഇവർ നേരത്തെ സമീപത്തെ മറ്റൊരു വീട്ടിൽ നിന്ന് മോഷ്ടിച്ച മൂന്ന് പവൻ സ്വർണം ലക്ഷ്മിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. മോഷ്ടിച്ച സ്വർണം ഉരുക്കി വിറ്റ് പുതിയ ആഭരണങ്ങൾ വാങ്ങിയതായും യുവതി സമ്മതിക്കുകയും ചെയ്തു.




