- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂവലറി പൂട്ടുമ്പോൾ 22 കിലോയിലധികം സ്വർണം, പക്ഷേ പൊലീസ് റെയ്ഡ് നടത്തുമ്പോൾ കണ്ടെത്തിയത് രണ്ടര കിലോ സ്വർണം മാത്രം; ജൂവലറി ഉടമകൾ സ്വർണം മുക്കിയെന്ന് ആരോപണം; ഗോൾഡ് പാലസ് തട്ടിപ്പിന്റെ വ്യാപ്തി 25 കോടിയിലധികം രൂപയുടേത്; പണം മുടക്കി കുടുങ്ങിയത് അഞ്ഞൂറോളം കുടുംബങ്ങൾ
കുറ്റ്യാടി: കുറ്റിയടിയിലെ ഗോൾഡ് പാലസ് തട്ടിപ്പിലെ നടപടികൾ ഇഴയുന്നു. 25 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. ഗോൾഡ് പാലസ് ജൂവലറി തട്ടിപ്പിന് ഒരാണ്ട് പൂർത്തിയായെങ്കിലും പണം ലഭിക്കാതെ അഞ്ഞൂറിൽ അധിക കുടുംബങ്ങളാണ് ദുരുതത്തിൽ ആയിരിക്കുന്നത്. 2021 ഓഗസ്റ്റ് 26നാണ് കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ടായിരുന്ന ഗോൾഡ് പാലസ് ജൂവലറി അടച്ചുപൂട്ടി ഉടമകൾ മുങ്ങിയത്.
തട്ടിപ്പിന് ഇരകളിൽ ഭൂരിപക്ഷവും സാധാരണക്കാരും പാവപ്പെട്ടവരുമാണ്. ദിവസക്കൂലിക്ക് പോയിരുന്ന തൊഴിലാളികളും വിധവകളും രോഗികളുമായ ആളുകൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് തട്ടിപ്പിനിരയായത്. ഒരു വർഷം കഴിഞ്ഞിട്ടും തങ്ങളുടെ മുതൽ തിരിച്ചു കിട്ടാത്ത നിരാശയിലാണ് നിക്ഷേപകർ. പ്രതികളെ മുഴുവൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി.
തങ്ങളുടെ സമ്പാദ്യങ്ങൾ മുഴുവൻ നഷ്ടപ്പെട്ട ഇരകൾ നിരന്തര സമരങ്ങളുമായി മുന്നോട്ടു പോവുകയാണ്. പ്രശ്‌നപരിഹാരത്തിന് നിക്ഷേപകരുടെ ഭാഗത്തുനിന്ന് ആക്ഷൻ കമ്മിറ്റിയും അവരെ സഹായിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടിക്കാർ അടങ്ങിയ സമരസഹായ സമിതിയും രൂപീകരിച്ച് വിവിധ പ്രക്ഷോഭപരിപാടികൾ കുറ്റ്യാടിയിലും പരിസരപ്രദേശങ്ങളിലും നടത്തിവരികയാണ്. പക്ഷേ പരിഹാരമില്ലാതെ ഇരകൾ കണ്ണീർ കുടിക്കുന്നു.
ജൂവലറി പൂട്ടുമ്പോൾ 22 കിലോയിലധികം സ്വർണം സ്റ്റോക്ക് ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പക്ഷേ പൊലീസ് റെയ്ഡിൽ രണ്ടര കിലോ സ്വർണം മാത്രമാണ് ജൂവലറിയിൽ നിന്നു കണ്ടെത്താനായത്. ഇതിനിടെ ജുവല്ലറി ഉടമകൾ തന്നെ സ്വർണം കടത്തിയെന്നാണ് നിക്ഷേപകരുടെ ആരോപണം. തൊണ്ടിമുതൽ കണ്ടെത്താനോ സ്വർണം എടുത്തു കൊണ്ടുപോയവരെ കണ്ടെത്താനോ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. നിക്ഷേപകർ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയെ വരെ നേരിട്ട് കണ്ടെങ്കിലും സർക്കാർ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടായിട്ടില്ല.
സർവകക്ഷികളുടെ നേതൃത്വത്തിലും മുസ്ലിം ലീഗിന്റെ ജില്ലാ നേതൃത്വത്തിലും ചില ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഒന്നും എവിടെയുമെത്തിയില്ല. നിരാശരായ നിക്ഷേപകർ സമരം ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്. ജൂവലറി തട്ടിപ്പിന്റെ ഒന്നാം വാർഷിക ദിനമായ ഇന്ന് നിക്ഷേപകർ കുറ്റ്യാടിയിൽ പ്രതിഷേധ സംഗമം നടത്തും. അടുത്ത ദിവസങ്ങളിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കൺവീനർ സുബൈർ പി. കുറ്റ്യാടി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ