- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു ക്യാപ്സൂൾ സ്വർണം മലാശയത്തിൽ കടത്താൻ ശ്രമം; കസ്റ്റംസിനെ വെട്ടിച്ചു വിമാനത്താവളത്തിൽ നിന്നും കടന്ന 30കാരനെ പൊക്കി പൊലീസ്; പിടിച്ചെടുത്തത് 70 ലക്ഷം വില വരുന്ന സ്വർണം; സ്വർണ്ണക്കടത്തു സംഘത്തെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചതായി കരിപ്പൂർ പൊലീസ്
മലപ്പുറം: നാലു ക്യാപ്സൂൾ സ്വർണം മലാശയത്തിൽ കടത്താൻ ശ്രമം. കസ്റ്റംസിനെ വെട്ടിച്ചു കടന്ന 30കാരൻ കരിപ്പൂരിൽ പൊലീസിന്റെ പിടിയിൽ. 70 ലക്ഷം രൂപയുടെ സ്വർണവുമായി കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഷിജിൽ(30) ആണ് പിടിയിലായത്. അബുദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴികൊണ്ടുവന്ന 1253 ഗ്രാം സ്വർണ്ണമാണു വിമാനത്തവളത്തിനു് പുറത്ത് വെച്ച് പൊലീസ് പിടികൂടിയത്.
1253 ഗ്രാം 24 കാരറ്റ് സ്വർണം മിശ്രിത രൂപത്തിൽ നാലു കാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ അബൂദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ വിമാനത്തവളത്തിലെത്തിയത്. പരിശോധനയെല്ലാം അതിജീവിച്ച് പുറത്തിറങ്ങിയ ഷിജിലിനെ, മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എക്്സറെ പരിശോധനയിലാണ് സ്വർണ്ണ മിശ്രിതമടങ്ങിയ കാപ്സ്യൂളുകൾ ദൃശ്യമായത്. ഷിജിലിനെ ചോദ്യം ചെയ്തതിൽ നിന്നും സ്വർണ്ണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്നു പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും. കാലിക്കറ്റ് എയർപോർട്ടിന് പുറത്ത് വെച്ച് ഈ വർഷം പൊലീസ് പിടികൂടുന്ന 13-ാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്.
അതേസമയം ദുബായിൽ നിന്നും സ്വർണ്ണ പാന്റും ഷർട്ടും ധരിച്ചെത്തിയ വടകര സ്വദേശിയെ കരിപ്പൂർ എയർപോർട്ടിൽവെച്ചു കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ദുബായിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയ കോഴികോട് വടകര സ്വദേശിയുടെ വസ്ത്രത്തിൽ തേച്ച്പിടിപ്പിച്ച നിലയിൽ കാണപ്പെട്ട ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണ്ണമാണ് പൊലീസ് പിടിച്ചെടുത്തത്.
ഇന്നു രാവലലെ 08.30നു ദുബായിൽ നിന്നും ഇൻഡിഗോ ഫ്ളൈറ്റിൽ കരിപൂർ എയർ പോർട്ടിലിറങ്ങിയ മുഹമ്മദ് സഫുവാൻ (37) ആണ് സ്വർണം കടത്തിയതിന് പൊലീസ് പിടിയിലായത്.മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ സഫുവാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സഫുവാൻ ധരിച്ചിരുന്ന പാന്റ്സിലും ഇന്നർ ബനിയനിലും ബ്രീഫിലും ഉൾഭാഗത്തായി സ്വർണ്ണ മിശ്രിതം തേച്ച് പിടിപ്പിച്ച രീതിയിലാണ് കാണപ്പെട്ടത്. സ്വർണ്ണ മിശ്രിതം അടങ്ങിയ വസ്ത്രത്തിന്റെ ഭാഗങ്ങൾ പ്രത്യേകം മുറിച്ച് മാറ്റിയ ശേഷം ഭാരം നോക്കിയതിൽ 2.205 കിലോ ഗ്രാം തൂക്കം കാണുന്നുണ്ട്. വസ്ത്രത്തിൽ നിന്നും ചുരുങ്ങിയ പക്ഷം 1.750 കിലോ തങ്കം വേർതിരിച്ചെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.7 കിലോ ഗ്രാം സ്വർണ്ണത്തിന് ഇന്നത്തെ മാർക്കറ്റ് റേറ്റനുസരിച്ച് അഭ്യന്തര വിപണിയിൽ ഒരു കോടിയോളം രൂപ വിലവരും.