- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്വര്‍ണക്കട ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം; മാസം തോറും ആറുലക്ഷം വീതം ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ചു; ഒടുവില്‍ മുടക്കിയ പണവുമില്ല, ലാഭവിഹിതവുമില്ല; തട്ടിപ്പു നടത്തിയത് മിന ജ്വല്ലറിയുടെ പേരില്‍; ഒന്നേകാല്‍ കോടി തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍
സ്വര്‍ണക്കട ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം
പത്തനംതിട്ട: ജുവല്ലറിയില്‍ പണം നിക്ഷേപിച്ചാല്‍ കോടികള്‍ വരുമാനം കൊയ്യാമെന്ന മോഹത്തില്‍ പണം മുടക്കി വെട്ടിലായവര്‍ നിരവധിയുണ്ട് കേരളത്തില്‍. ഇക്കൂട്ടത്തിലേക്ക് മറ്റൊരു സംഭവം കൂടി. സ്വര്‍ണക്കടയില്‍ ബിസിനസ് പങ്കാളിയാക്കാമെന്നും ലാഭവിഹിതമായി 25 ശതമാനം വീതം മാസംതോറും നല്‍കാമെന്നും പറഞ്ഞ് ഒന്നേകാല്‍ കോടി രൂപ തട്ടിയ കേസില്‍ രണ്ടുപേരാണ് അറസ്റ്റിലായത്. പന്തളം പോലീസാണ് പ്രതികളെ പിടികൂടിയത്.
ഒന്നാംപ്രതി കോഴിക്കോട് പൂനൂര്‍ കക്കാട്ടുമ്മല്‍ വീട്ടില്‍ അബ്ദുല്‍ഗഫൂര്‍ (50), മൂന്നാംപ്രതി കോഴിക്കോട് കിഴക്കോത്ത് ബുസ്‌കനാബാദ് അബ്ദുസ്സമദ് (64) എന്നിവരാണ് അറസ്റ്റിലായത്. രണ്ടാംപ്രതി നൗഷാദ് ഖാന്‍ വിദേശത്താണ്. കൊട്ടാരക്കര ഓടനാവട്ടം തുറവൂര്‍ ഹൈലാന്‍ഡ് വീട്ടില്‍ രാഹുല്‍ കൃഷ്ണനാണ് കബളിപ്പിക്കപ്പെട്ടത്. പ്രതികള്‍ കോഴിക്കോട് പൂനൂരില്‍ നടത്തുന്ന മിന ജ്വല്ലറിയില്‍ പങ്കാളിയാക്കാമെന്നും ലാഭവിഹിതമായി മാസംതോറും ആറുലക്ഷം രൂപയില്‍ കുറയാതെ നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പണംതട്ടിയത്.
2023 ഫെബ്രുവരി 24ന് അബ്ദുല്‍ഗഫൂറിന്റെ അക്കൗണ്ടിലേക്ക് രാഹുല്‍ ഒരുകോടി രൂപ അയച്ചുകൊടുത്തു. തുടര്‍ന്ന്, രണ്ടാം പ്രതിയുടെ പേരില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന വയനാട്ടിലെ റിസോര്‍ട്ടില്‍ രണ്ട് കിടക്കകളുള്ള വില്ലയുടെ ഉടമസ്ഥാവകാശം 50 ലക്ഷം രൂപക്ക് നല്‍കാമെന്ന് വാക്കുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 25 ലക്ഷം രൂപ മാര്‍ച്ച് എട്ടിനും അയച്ചുകൊടുത്തു. രാഹുലിന്റെയും ഭാര്യാപിതാവിന്റെയും ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പിന്‍വലിച്ച തുകയാണ് കൈമാറിയത്.
എന്നാല്‍, ലാഭവിഹിതം നല്‍കുകയോ കച്ചവടത്തില്‍ പങ്കാളിയാക്കുകയോ ചെയ്തില്ല. തുടര്‍ന്ന് രാഹുല്‍ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കി. ബാങ്ക് ഇടപാടുകള്‍ നടന്നത് പന്തളത്തായതിനാല്‍ ഇവിടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. പന്തളം പൊലീസ് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു.
ഒന്നാംപ്രതി ഒരുകോടി രൂപ പലതവണയായി പിന്‍വലിച്ചതായും ഉപയോഗിച്ചതായും കണ്ടെത്തി. രണ്ടാംപ്രതി 25 ലക്ഷം മാറിയെടുത്തതിന്റെ തെളിവും ലഭിച്ചു. പിന്നീട് പ്രതികള്‍ക്കായി നടത്തിയ അന്വേഷണത്തില്‍ അബ്ദുല്‍ ഗഫൂര്‍ പൂനൂരിലെ വീട്ടിലുണ്ടെന്ന് രഹസ്യവിവരം കിട്ടിയതുപ്രകാരം പൊലീസ് ശനിയാഴ്ച അവിടെയെത്തി കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് അബ്ദുസ്സമദിനെയും അയാളുടെ വീട്ടില്‍നിന്ന് പിടികൂടി. പന്തളം സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പൊലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.